ആഴക്കടലിലെ നോമ്പുതുറക്കും ഇത്തവണ ലോക്ഡൗൺ
text_fieldsപരപ്പനങ്ങാടി: കോവിഡ് ആഴക്കടലിലെ നോമ്പുതുറക്കും പൂട്ടിട്ടു. ജോലിക്കിടെ മത്സ്യബന്ധ ന യാനങ്ങളിൽ ദിവസങ്ങളോളം ചെലവഴിച്ച് കടലിൽ അന്തിയുറങ്ങി ശീലിച്ച ഒഴുക്കൽ വള്ളങ്ങ ളും മത്സ്യബന്ധന യാനങ്ങളും തീരക്കടലിൽ നങ്കൂരമിട്ടതോടെയാണ് ആഴക്കടൽ ശൂന്യമായത്. ഒന്നോ രണ്ടോ ദിവസം കടലിൽ സമയം ചെലവിടുന്ന ഒഴുക്കൽ വള്ളങ്ങളുമാണ് നോമ്പുകാലം ആഴക്കടലിൽ ധന്യമാക്കിയിരുന്നത്.
രണ്ടോ മൂന്നോ പേർ മാത്രം ജോലിക്ക് പോകുന്ന ചെറുവള്ളങ്ങളായ ഒഴുക്കൽ വള്ളങ്ങൾ പലതും ഉച്ചക്കുമുമ്പെ കടലിലിറങ്ങാറാണ് പതിവ്. നോമ്പുതുറക്കാവശ്യമായ ഭക്ഷ്യ - മസാല-പഴ കൂട്ടുകൾ തയ്യാർ ചെയ്ത് കടലിലിറങ്ങുന്ന സംഘം ആഴക്കടലിൽ വലവിരിച്ച് സൂര്യാസ്തമന നേർക്കാഴ്ചയിൽ നോമ്പുതുറക്കും. പ്രാഥമിക നോമ്പുതുറക്ക് ശേഷം പ്രാർഥന, തുടർന്ന് കരയിൽനിന്ന് വീട്ടുകാർ തയാറാക്കിയ പത്തിരിയും കറിയും പരസ്പരം പങ്കുവെച്ച് നോമ്പുതുറ, പിന്നീട് ഇശാ നമസ്കാരവും സംഘടിത തറാവീഹും.
അതിനിടയിൽ ചൂണ്ടയെറിഞ്ഞ് അത്താഴത്തിന് കറിവെക്കാനുള്ള മത്സ്യം തോണിയിലെത്തുന്നു. ഇതിനിടെ മുത്താഴം കുശാലാക്കി ഒരാൾ കടൽ നിരീക്ഷണത്തിലേക്കും മറ്റുള്ളവർ ഉറക്കത്തിലേക്കും വഴിമാറും. മത്സ്യത്തൊഴിലാളികളുടെ ഈ അനുഭവങ്ങൾക്കാണ് ലോക്ഡൗൺ ലോക്കിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.