ഒരുക്കം തകൃതി; റമദാൻ പിറവിക്ക് കാതോർത്ത് വിശ്വാസികൾ
text_fieldsകോഴിക്കോട്: ജീവിതത്തെ ശുദ്ധീകരിക്കാൻ വിശ്വാസികൾക്ക് വന്നണയുന്ന ആസന്നമായ വിശുദ്ധ റമദാനിനെ വരവേൽക്കാൻ പള്ളികളും ഭവനങ്ങളും തകൃതിയായ ഒരുക്കത്തിൽ. ഹൃദയത്തിൽ ആത്മസംസ്കരണത്തിെൻറ നിലാവ് പെയ്തിറങ്ങുന്ന മാസത്തെ പൂർണമായി നുകരാനുള്ള ഒരുക്കത്തിലാണ് എങ്ങും വിശ്വാസികൾ. കഴിഞ്ഞ രണ്ടുമാസമായി റമദാനിൽ നോമ്പനുഷ്ഠിക്കാനും ആരാധനയും സൽക്കർമങ്ങളും ചെയ്യാനും അവസരം ലഭിക്കണേ എന്നായിരുന്നു ഒാരോ നമസ്കാരവേളയിലും വിശ്വാസികളുടെ പ്രാർഥന.
പള്ളികൾ പെയിൻറിങ് നടത്തിയും മോടിപിടിപ്പിച്ചും വരുകയാണ്. മിക്ക പള്ളികളിലും പുതിയ വിരിപ്പുകളും പുത്തൻപായയും വിരിച്ചുകഴിഞ്ഞു. ചുരുക്കം ചില പള്ളികളിൽ ശുചീകരണപ്രവൃത്തികൾ അന്ത്യഘട്ടത്തിലാണ്. പല മഹല്ലുകളിലും റമദാനിെൻറ മുന്നൊരുക്കങ്ങളെക്കുറിച്ച് വിശ്വാസികളെ ഉണർത്തി പ്രത്യേക പ്രഭാഷണങ്ങൾ നടന്നുവരുകയാണ്.
കോഴിക്കോെട്ട പുരാതന പള്ളികളായ മിശ്കാൽ പള്ളി, കുറ്റിച്ചിറ ജുമുഅത്ത് പള്ളി, മുച്ചുന്തിപ്പള്ളി, മുന്നാക്കര പള്ളി, പുഴവക്കത്തെ പള്ളി, പട്ടാളപ്പള്ളി, പാളയം മുഹ്യിദ്ദീൻ പള്ളി, ചാലിയം പള്ളി തുടങ്ങിയവയൊക്കെയും പുതിയ മോടിയിലായിക്കഴിഞ്ഞു. മുസ്ലിം ഭവനങ്ങളാകെട്ട റമദാനിനെ വരവേൽക്കാനുള്ള തീവ്രയത്നത്തിലാണ്. പെയിൻറടിയും നനച്ചുളിയും നടത്തി വീടുകളൊക്കെയും റമദാനിന് സ്വാഗതമോതിക്കഴിഞ്ഞു. നോമ്പു തുറക്കാനും നോൽക്കാനും വേണ്ട വിഭവങ്ങളുടെ സമാഹരണത്തിലാണ് എങ്ങും വിശ്വാസികൾ. അരിയും പൊടിയും പലവ്യഞ്ജനങ്ങളും വാങ്ങുന്ന തിരക്കാണെങ്ങും. സ്കൂൾ വിപണിക്കൊപ്പം റമദാൻ വിപണികൂടി സജീവമായതോടെ നഗരത്തിലും നാട്ടിൻപുറങ്ങളിലും നല്ല തിരക്കാണ്.
നോമ്പു തുറക്കുള്ള പ്രധാന വിഭവമായ ഇൗത്തപ്പഴവും നാടെങ്ങുമെത്തിയിട്ടുണ്ട്. ഇൗത്തപ്പഴത്തിെൻറ വൈവിധ്യയിനങ്ങൾ നഗരത്തിലെന്നപോലെ നാട്ടിൻപുറങ്ങളിലും സുലഭമാണ്. പതിവിന് വ്യത്യസ്തമായി ഇത്തവണ നോമ്പിെൻറ സമയം ദൈർഘ്യമുള്ളതാണ്. പുലർച്ചെ 4.39ന് ആരംഭിക്കുന്ന നോമ്പ് വൈകീട്ട് 6.48നാണ് അവസാനിക്കുക. തുടർന്നുള്ള ദിവസങ്ങളിൽ ഉദയാസ്തമയ സമയത്തിന് മാറ്റമുണ്ടാവുമെങ്കിലും സമയദൈർഘ്യത്തിൽ മാറ്റമുണ്ടാവില്ല. 14 മണിക്കൂറും പത്ത് മിനിറ്റും നീളുന്നതാണ് ഒാരോ നോമ്പും.
കാലവർഷം തുണക്കുന്നില്ലെങ്കിൽ വിശ്വാസികൾക്ക് നോമ്പ് ചൂടുള്ള പരീക്ഷണമാവും. എന്നാൽ, സമയദൈർഘ്യമോ വേനലിെൻറ കാഠിന്യമോ വകവെക്കാതെ ജീവിതസംസ്കരണത്തിനും പാപമോചനത്തിനും പശ്ചാത്താപത്തിനും വേണ്ടി വന്നണയുന്ന റമദാനിനെ വരവേൽക്കാൻ അരയും തലയും മുറുക്കി കാത്തിരിക്കുകയാണ് വിശ്വാസികൾ. വെള്ളിയാഴ്ച സൂര്യനസ്തമിച്ച് മാസപ്പിറവി ദർശിച്ചാൽ ശനിയാഴ്ച റമദാൻ ഒന്നാകുകയും നോമ്പിനാരംഭം കുറിക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.