രാമകൃഷ്ണൻ ഇതൊന്നും കേട്ട് വിഷമിക്കരുത് -കലാമണ്ഡലം ക്ഷേമാവതി
text_fieldsതൃശൂർ: ‘‘ആർ.എൽ.വി രാമകൃഷ്ണൻ ഇതൊന്നും കേട്ട് വിഷമിക്കരുത്, ഒരു ചെവിയിലൂടെ കേട്ടത് മറുചെവിയിലൂടെ വിട്ടാൽ മതി’’ -കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപത്തെക്കുറിച്ച് പ്രശസ്ത മോഹിനിയാട്ടം നർത്തകി കലാമണ്ഡലം ക്ഷേമാവതി.
‘‘ഗുരുസ്ഥാനീയർക്ക് പരമപ്രധാനമായി വേണ്ടത് വിനയമാണ്. ജീവനുള്ള കാലത്തോളം കാത്തുസൂക്ഷിക്കാനുള്ളതും അടുത്ത പരമ്പരകളിലേക്ക് പകരാനുള്ളതും അതാണ്. സത്യഭാമ ടീച്ചറെപ്പോലൊരാൾ രാമകൃഷ്ണനെക്കുറിച്ച് അങ്ങനെയൊന്നും പറയരുതായിരുന്നു’’ -ക്ഷേമാവതി ‘മാധ്യമ’ത്തോട് പറഞ്ഞു.
എന്നെ പത്താം വയസ്സിലാണ് കലാമണ്ഡലത്തിൽ പഠിക്കാൻ ചേർത്തത്. അന്ന് എനിക്ക് സൗന്ദര്യമുണ്ടായിട്ടോ, നാളെയൊരുനാൾ സൗന്ദര്യമുണ്ടാകുമെന്ന് കരുതിയിട്ടോ ആയിരിക്കില്ല അച്ഛനമ്മമാർ അങ്ങനെ ചെയ്തത്. നൃത്തം പഠിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു, അവർ അതിനയച്ചു. താളജ്ഞാനമുണ്ടോ എന്നേ ഗുരുക്കന്മാർ നോക്കിയിട്ടുണ്ടാകൂ. അന്ന് കൃഷ്ണപ്പണിക്കരാണ് പഠിപ്പിച്ചിരുന്നത്. ‘മോഹിനി’ ഇല്ലാത്തതുകൊണ്ടാണല്ലോ ‘മോഹനൻ’ പഠിപ്പിച്ചത്. അദ്ദേഹം ഓരോരുത്തരോടും എന്ത്, എങ്ങനെ ചെയ്യണമെന്നേ പറഞ്ഞിട്ടുള്ളൂ. സൗന്ദര്യത്തെക്കുറിച്ച് ആരും പറഞ്ഞിട്ടില്ല.
പുരുഷനായ സാക്ഷാൽ വിഷ്ണു മോഹിനീരൂപം പ്രാപിച്ചത് എങ്ങനെയാണ്? ആ മോഹിനിയിൽ സ്ത്രീസൗന്ദര്യം കാണാൻ കഴിഞ്ഞല്ലോ. സർവകലാശാലകളിലും മറ്റും ആൺകുട്ടികൾ മോഹിനിയാട്ടം പഠിച്ച് കളിക്കുന്നുണ്ട്. നന്നായി മോഹിനിയാട്ടം അവതരിപ്പിക്കുന്നയാളാണ് രാമകൃഷ്ണൻ’’ -നൃത്ത മേഖലയിൽ കേരളത്തിൽനിന്നുള്ള ആദ്യ പത്മശ്രീ ജേതാവ് കൂടിയായ കലാമണ്ഡലം ക്ഷേമാവതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.