രാമനാട്ടുകര അപകടം: കസ്റ്റംസ് എത്തുന്നതിന് മുമ്പ് അർജുൻ ആയങ്കിയുടെ കാർ മാറ്റി
text_fieldsകണ്ണൂർ: രാമനാട്ടുകര അപകടവുമായി ബന്ധപ്പെട്ട സ്വർണക്കടത്ത് കേസിലുൾപ്പെട്ടെന്ന് കംസ്റ്റംസ് സംശയിക്കുന്ന കണ്ണൂരിലെ ക്വട്ടേഷൻ സംഘാംഗത്തിെൻറ കാർ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ അഴീക്കൽ സ്വദേശി അർജുൻ ആയങ്കിയുടെ(24) കാറാണ് കണ്ടെത്തിയത്. അഴീക്കോട് പൂട്ടിയ കപ്പല്പൊളി ശാലയിലാണ് അർജുൻ ഉപയോഗിച്ചെന്ന് കരുതുന്ന കെ.എൽ 13 എ.ആർ 7789 നമ്പർ ചുവന്ന സ്വിഫ്റ്റ് കാർ പ്രദേശവാസികൾ ബുധനാഴ്ച രാത്രി കണ്ടെത്തിയത്. അർജുെൻറ വീടിന് മൂന്ന് കി.മീ. അകലെയാണിത്. ഇതിനിടയിൽ വ്യാഴാഴ്ച ഉച്ചയോടെ അർജുെൻറ സുഹൃത്തായ പ്രണവ് എന്ന യുവാവ് കാർ അവിടെ നിന്നും മാറ്റിയതായി നാട്ടുകാർ പറഞ്ഞു. ഇതിനുശേഷമാണ് കസ്റ്റംസ് സ്ഥലത്തെത്തിയത്.
രാമനാട്ടുകര അപകടം നടക്കുന്ന ദിവസം ഇയാൾ കരിപ്പൂർ വിമാനത്താവളത്തിലെത്തിയത് ഈ കാറിലായിരുന്നു. വിമാനത്താവളത്തിലെ സി.സി ടി.വി ദൃശ്യങ്ങളിൽ നിന്നാണ് കസ്റ്റംസിന് കാർ സംബന്ധിച്ച സൂചനകൾ ലഭിച്ചത്. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് എറണാകുളം കസ്റ്റംസ് പ്രിവൻറിവ് വിഭാഗത്തിെൻറ നേതൃത്വത്തിൽ അർജുെൻറ വീട്ടിൽ പരിശോധന നടത്തിയിരുന്നു.
നേരത്തെ ടി.പി. വധക്കേസിലെ പ്രതിയായ കൊടി സുനിയുൾപ്പെടുന്ന ക്വട്ടേഷൻ സംഘവുമായി അടുത്ത ബന്ധമുള്ളയാളായിരുന്നു അർജുൻ. യൂത്ത് കോൺഗ്രസ് നേതാവായ ശുഹൈബ് വധക്കേസിൽ പ്രതിയായ ആകാശ് തില്ലങ്കേരിയുടെ ഉറ്റസുഹൃത്തുമാണ് ഇയാൾ.
വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് സംഘത്തിെൻറ ഇടനിലക്കാരനായി അർജുൻ പ്രവർത്തിക്കാറുണ്ടെന്ന വിവരം ലഭിച്ചതായി അന്വേഷണ സംഘം അറിയിച്ചിരുന്നു. അർജുെൻറ ചുവന്ന സ്വിഫ്റ്റ് കാറാണ് ഇതിന് തെളിവായി അന്വേഷണ സംഘത്തിന് ലഭിച്ചത്.
ഇത് കണ്ടെത്തുന്നതിനുള്ള അന്വേഷണം നടക്കുന്നതിനിടെയാണ് കാർ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. സംഭവശേഷം ഇയാൾ ഒളിവിൽ പോയിരിക്കുകയാണ്. കൂടുതൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇയാൾക്ക് കസ്റ്റംസ് നോട്ടീസ് നൽകി.
വിമാനത്താവളം വഴി സ്വർണക്കടത്തിനിടെ പിടിയിലായ ആളുടെ മൊഴിയിൽ നിന്നാണ് അർജുെൻറ പങ്കിനെ പറ്റി സൂചന ലഭിക്കുന്നത്. കൂടാതെ പ്രതി അവസാനമായി വിളിച്ചത് അർജുനെയായിരുന്നു. ഇയാൾ വിമാനത്താവളത്തിനുള്ളിൽവെച്ച് കസ്റ്റംസ് പിടിയിലായ വിവരം അറിഞ്ഞ ഉടൻ അർജുൻ ഫോൺ സ്വിച്ച് ഓഫാക്കി ഒളിവിൽ പോകുകയായിരുന്നു.
കാർ കസ്റ്റഡിയിലെടുക്കാത്തത് പൊലീസിെൻറ ഗുരുതര വീഴ്ച
ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ അർജുൻ ആയങ്കിയുടെ കാർ കൃത്യസമയത്ത് കസ്റ്റഡിയിലെടുക്കാത്തത് പൊലീസിെൻറ ഗുരുതര വീഴ്ച. ബുധനാഴ്ച രാത്രി വൈകിയാണ് കാർ ഒളിപ്പിച്ച നിലയിൽ പ്രദേശവാസികളുടെ ശ്രദ്ധയിൽപെട്ടത്. കാർ കണ്ടെത്തിയ സ്ഥലത്തിനരികിലാണ് വളപട്ടണം പൊലീസ് സ്റ്റേഷൻ.
നാട്ടുകാർ നേരിട്ടെത്തി സ്റ്റേഷനിൽ വിവരമറിയിച്ചിട്ടും സംഭവം പൊലീസ് ഗൗരവമായി എടുത്തില്ല. ഈ കേസിനെ സംബന്ധിച്ച് തങ്ങൾക്ക് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും കാറിനെ കുറിച്ച് അറിയില്ലെന്നുമാണ് വിവരമറിയിച്ച നാട്ടുകാരോട് പൊലീസ് പറഞ്ഞത്.
തുടർന്ന് വ്യാഴാഴ്ച പകൽ 12 മണിവരെ കാർ പ്രദേശത്തുണ്ടായിട്ടും പൊലീസ്, കസ്റ്റംസ് അധികൃതർ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടില്ല. കൂടാതെ കാർ കണ്ടെത്തിയ വാർത്ത മാധ്യമങ്ങളിലൂടെ പുറംലോകം അറിഞ്ഞിട്ടും ഇവിടെ കാവൽ നിൽക്കാനോ വാഹനത്തിന് സുരക്ഷ ഏർപ്പെടുത്താനോ പൊലീസ് നടപടി സ്വീകരിച്ചില്ല.
ഉച്ചക്ക് 12 ഓടെ കസ്റ്റംസ് അധികൃതർ എത്തുന്നതിന് തൊട്ടുമുമ്പാണ് കാർ ഇവിടെ നിന്നും മാറ്റിയത്. ഇതിൽ ദുരൂഹതയുള്ളതായും നാട്ടുകാർ അഭിപ്രായപ്പെട്ടു. അർജുനും പ്രണവും നാട്ടിൽ സജീവ സി.പി.എം പ്രവർത്തകരാണെന്ന് നാട്ടുകാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.