രാമനാട്ടുകര അപകടം; കണ്ണൂരിൽ കസ്റ്റംസ് റെയ്ഡ്
text_fieldsകണ്ണൂർ: രാമനാട്ടുകര അപകടവുമായി ബന്ധപ്പെട്ട സ്വർണക്കടത്ത് കേസിൽ കണ്ണൂർ സ്വദേശിയായ യുവാവിെൻറ വീട്ടിൽ കസ്റ്റംസ് പരിശോധന. കണ്ണൂർ അഴീക്കൽ സ്വദേശി അർജുൻ ആയങ്കിയുടെ (24) വീട്ടിലാണ് എറണാകുളം കസ്റ്റംസ് പ്രിവൻറിവ് വിഭാഗത്തിെൻറ നേതൃത്വത്തിൽ ബുധനാഴ്ച ഉച്ചയോടെ പരിശോധനക്കെത്തിയത്. രണ്ടര മണിക്കൂർ നീണ്ട പരിശോധനയിൽ കാര്യമായ തെളിവൊന്നും ലഭിച്ചില്ലെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു. ടി.പി വധക്കേസ് പ്രതിയായ കൊടി സുനിയുൾപ്പെടുന്ന ക്വട്ടേഷൻ സംഘവുമായി മുമ്പ് അടുത്ത ബന്ധമുള്ളയാളായിരുന്നു അർജുൻ.
വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് സംഘത്തിെൻറ ഇടനിലക്കാരനായി അർജുൻ പ്രവർത്തിക്കാറുണ്ടെന്ന വിവരം ലഭിച്ചതായി അന്വേഷണസംഘം അറിയിച്ചു. അർജുെൻറ ചുവന്ന സ്വിഫ്റ്റ് കാറാണ് ഇതിന് തെളിവായി അന്വേഷണസംഘത്തിന് ലഭിച്ചത്. ഇത് കണ്ടെത്തുന്നതിനുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. സംഭവശേഷം ഇയാൾ ഒളിവിൽ പോയിരിക്കുകയാണ്. കൂടുതൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇയാൾക്ക് കസ്റ്റംസ് നോട്ടീസ് നൽകിയിരിക്കുകയാണ്. രാമനാട്ടുകര സംഭവത്തിൽ വിമാനത്താവളം വഴി സ്വർണക്കടത്തിനിടെ പിടിയിലായ മൂർക്കനാട് സ്വദേശി മുഹമ്മദ് ഷഫീഖിെൻറ മൊഴിയിൽനിന്നാണ് അർജുെൻറ പങ്കിനെ പറ്റി സൂചന ലഭിക്കുന്നത്. ചുവന്ന സ്വിഫ്റ്റ് കാറിലാണ് അർജുൻ വിമാനത്താവളത്തിലെത്തിയതെന്നാണ് ഷഫീഖ് കസ്റ്റംസിനോട് പറഞ്ഞത്.
ഷഫീഖിനെ അവസാനമായി വിളിച്ചത് അർജുനായിരുന്നു. ഷഫീഖ് വിമാനത്താവളത്തിനുള്ളിൽവെച്ച് കസ്റ്റംസ് പിടിയിലായ വിവരം അറിഞ്ഞയുടൻ അർജുൻ ഫോൺ സ്വിച്ച് ഓഫാക്കി ഒളിവിൽ പോകുകയായിരുന്നു.
അർജുെൻറ ഫേസ്ബുക്ക് അക്കൗണ്ട് ബുധനാഴ്ച രാവിലെവരെ സജീവമായിരുന്നു. എന്നാൽ, കസ്റ്റംസ് പരിശോധനയുടെ വാർത്ത പുറത്തുവന്നതിന് പിന്നാലെ ഫേസ്ബുക്ക് പ്രൊഫൈൽ ലോക് ചെയ്തിട്ടുമുണ്ട്.
കരിപ്പൂർ സ്വർണക്കടത്ത് അന്വേഷണത്തിന് കസ്റ്റംസ് പ്രത്യേക സംഘം
കരിപ്പൂർ: രാമനാട്ടുകര വാഹനാപകടത്തെ തുടർന്ന് പുറത്തായ സ്വർണക്കടത്ത് അന്വേഷിക്കാൻ പ്രത്യേക സംഘവുമായി കസ്റ്റംസും. കൊച്ചി പ്രിവൻറിവ് യൂനിറ്റാണ് കേസ് ഏറ്റെടുത്തത്. കസ്റ്റംസ് കമീഷണർ സുമിത് കുമാറിെൻറ മേൽനോട്ടത്തിൽ നാലംഗ സംഘമാണ് അന്വേഷിക്കുക. മുന്നോടിയായി കണ്ണൂരിൽ പ്രിവൻറിവ് കസ്റ്റംസിെൻറ നേതൃത്വത്തിൽ പരിശോധന നടന്നു.
അതേസമയം, കഴിഞ്ഞദിവസം പിടിയിലായ സ്വർണം കൊടുവള്ളി, താമരശ്ശേരി കേന്ദ്രീകരിച്ചുള്ള സംഘത്തിന് വേണ്ടിയാണെത്തിയതെന്നാണ് കസ്റ്റംസ് നിഗമനം. ഇൗ ദിവസം സ്വർണം എത്തുന്നതായി കണ്ണൂരിലെ സംഘത്തിന് വിവരം മുൻകൂട്ടി ലഭിച്ചിരുന്നു. അന്ന് പുലർച്ച ദുബൈയിൽനിന്നുള്ള എയർഇന്ത്യ വിമാനത്തിലാണ് സ്വർണം കരിപ്പൂരിലെത്തിയത്.
ഇൗ വിവരം ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ കണ്ണൂരിൽനിന്നുള്ള സംഘവും സ്വർണം തട്ടിയെടുക്കാൻ കരിപ്പൂരിലെത്തിയിരുന്നു. സ്വർണമെത്തുന്ന വിവരം ചോർന്നതോടെ വിമാനത്താവളത്തിന് പുറത്തുനിന്ന് സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ ചെർപ്പുളശ്ശേരി സംഘത്തിന് ക്വേട്ടഷൻ നൽകിയെന്നാണറിയുന്നത്. കഴിഞ്ഞ ദിവസം പൊലീസും ഇതേ രീതിയിലാണ് പറഞ്ഞിരുന്നത്. തട്ടിയെടുക്കാെനത്തിയ കണ്ണൂർ സംഘവുമായി ബന്ധപ്പെട്ട അന്വേഷണവും സജീവമായി നടക്കുന്നുണ്ട്. െചർപ്പുളശ്ശേരിയിൽനിന്ന് എത്തിയ മുഴുവൻ പേരും പിടിയിലായി. മലപ്പുറം മൂർക്കനാട് സ്വദേശി ഷഫീഖിനുള്ള നിർദേശം വിമാനത്താവളത്തിന് പുറത്ത് വെച്ച് സ്വർണം കൈമാറാനായിരുന്നു. എന്നാൽ, വിമാനത്താവളത്തിനകത്ത് വെച്ചുതന്നെ പിടിക്കപ്പെടുകയായിരുന്നു.
കരിപ്പൂരിലെത്തിയത് ഒന്നിലേറെ സംഘങ്ങൾ
കൊണ്ടോട്ടി: രാമനാട്ടുകരയിൽ അഞ്ചുപേർ മരിക്കാനിടയായ വാഹനാപകടത്തെ തുടർന്ന് സ്വർണക്കള്ളക്കടത്ത് അന്വേഷണം ഉൗർജിതമാക്കി. അപകടം നടന്ന തിങ്കളാഴ്ച പുലർച്ചെ കോഴിക്കോട് വിമാനത്താവള പരിസരത്ത് ഒന്നിലധികം സംഘങ്ങൾ എത്തിയതായി പൊലീസ് കണ്ടെത്തി. മറ്റ് ദിവസങ്ങളിലില്ലാത്ത വാഹനത്തിരക്ക് വിമാനത്താവള റോഡിൽ ഉണ്ടായിരുന്നു. സ്വർണവുമായി പോകുന്നയാളെ പിടികൂടാൻ വിമാനത്താവള പരിസരത്തും വിമാനത്താവള റോഡിലുമായാണ് ഇവർ തമ്പടിച്ചത്. ഇതിനായി പത്തിലധികം വാഹനങ്ങൾ ഇവിടെയെത്തി.
ഒന്നിലധികം സ്വർണക്കള്ളക്കടത്ത് കാരിയർമാർ തിങ്കളാഴ്ച പുലർച്ചെ വന്ന ദുബൈ വിമാനത്തിലെത്തിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. വിമാനത്തിലെത്തിയ ഒരാളാണ് പിടിയിലായത്. മറ്റ് കാരിയർമാർ കസ്റ്റംസിനെ വെട്ടിച്ച് സ്വർണം കടത്തിയെന്നും ഇവരെ സ്വീകരിക്കാനാണ് സംഘങ്ങൾ എത്തിയതെന്ന അഭ്യൂഹവുമുണ്ട്. ഇതേക്കുറിച്ച് പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. സ്വർണവുമായി പോകുന്നയാളെ കൊണ്ടുപോകാനുള്ള സംഘങ്ങളാണ് വിമാനത്താവള പരിസരത്ത് നിലയുറപ്പിച്ചത്. സംഘങ്ങൾ തമ്മിൽ തർക്കവും സംഘർഷവുമുണ്ടായിരുന്നു.
രണ്ടുപേർ പിടിയിൽ?
കൊണ്ടോട്ടി: രാമനാട്ടുകര വാഹനാപകടത്തെ തുടർന്ന് രക്ഷപ്പെട്ട രണ്ടുപേർ കൂടി പ്രത്യേകാന്വേഷണ സംഘത്തിെൻറ പിടിയിലായതായി സൂചന. ഇവരിൽ നിന്ന് പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. സഞ്ചരിച്ച വാഹനവും കസ്റ്റഡിയിലെടുത്തു. ഉടൻ അറസ്റ്റുണ്ടാവും. ചെർപ്പുളശ്ശേരിക്ക് സമീപം വല്ലപ്പുഴയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു ബെലനോ കാർ. മൂന്ന് വാഹനങ്ങളിലായി 15 പേരാണ് പാലക്കാട്ട് നിന്ന് കരിപ്പൂരിലെത്തിയത്. ഇതിൽ ഉൾപ്പെട്ട അഞ്ചുപേരാണ് രാമനാട്ടുകരയിൽ അപകടത്തിൽ മരിച്ചത്. മറ്റൊരു വാഹനത്തിലുണ്ടായിരുന്ന ഇവരുടെ തന്നെ സംഘത്തിൽപ്പെട്ട രണ്ടുപേർ രക്ഷപ്പെടുകയായിരുന്നു. കരിപ്പൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് കൊണ്ടോട്ടി ഡിവൈ.എസ്.പി കെ. അഷ്റഫിെൻറ നേതൃത്വത്തിൽ പ്രത്യേകസംഘമാണ് അന്വേഷിക്കുക.
അപകടത്തെ തുടർന്ന് പിടിയിലായ എട്ടുപേരെ തെളിവെടുപ്പിനും ചോദ്യം ചെയ്യാനുമായി അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങും. ഇതിനായി വ്യാഴാഴ്ച കോടതിയെ സമീപിക്കും. സ്വർണവുമായി ദുബൈയിൽ നിന്നെത്തിയ മുഹമ്മദ് ഷഫീഖിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കാൻ മൊഴിയെടുക്കും. റിമാൻഡിലുള്ള എട്ടുപരിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഐ.പി.സി 399 പ്രകാരം കവര്‍ച്ചക്ക് സന്നാഹമൊരുക്കിയതിനാണ് എട്ടുപേര്‍ക്കെതിരേ കേസെടുത്തത്. കള്ളക്കടത്ത് സ്വര്‍ണത്തിന് സുരക്ഷയൊരുക്കാനാണ് സംഘമെത്തിയതെന്ന് പൊലീസ് പറയുന്നു. കണ്ണൂര്‍ സ്വദേശി അര്ജുന് എന്നയാളുടെ നേതൃത്വത്തില്‍ സ്വര്‍ണം തട്ടിയെടുക്കാന്‍ എത്തുന്ന വിവരം അറിഞ്ഞ് കൊടുവള്ളി സ്വദേശിയാണ് ചെർപ്പുളശ്ശേരി സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. എന്നാല്‍, പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമാണ് കൃത്യമായ വിവരങ്ങള്‍ ലഭ്യമാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.