രാമനാട്ടുകര അപകടം: മരിച്ചവർ സ്വർണക്കടത്ത് ഇടനിലക്കാരെന്ന് സൂചന
text_fieldsകോഴിക്കോട്: രാമനാട്ടുകരയിൽ അപകടത്തിൽപെട്ട് മരിച്ചവർ സ്വർണക്കടത്ത് ഇടനിലക്കാരെന്ന് സൂചന. വാട്സ്ആപ്പ് ഗ്രൂപ് രൂപീകരിച്ചാണ് ഇവരുടെ പ്രവർത്തനമെന്നും പൊലീസ് സംശയിക്കുന്നു.
നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ചരൽ ഫൈസലിന് (25) അകമ്പടി പോവുകയായിരുന്നുവെന്നും ഇവർ മദ്യപിച്ചതായും സൂചനയുണ്ട്. അപകടത്തിന് മുമ്പ് റോഡിൽ ബൊലേറയും ഇന്നോവയും തമ്മിൽ ചേസിങ് നടന്നതായും സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് മനസ്സിലാകുന്നതായി പൊലീസ് അറിയിച്ചു.
ഇന്നോവ കാറിലുണ്ടായിരുന്നവരാണ് മെഡിക്കൽ കോളജിൽ എത്തുകയും വിവരങ്ങൾ നൽകുകയും ചെയ്തത്. അവർ നൽകിയ മൊഴികളിൽ ദുരൂഹത നിലനിൽക്കുന്നുണ്ട്. ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. കോഴിക്കോട് കമീഷണർ എ.വി. ജോർജിന്‍റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ.
ചരൽ ഫൈസലും പൊലീസിന്‍റെ കസ്റ്റഡിയിലുണ്ട്. ഇയാൾക്കെതിരെ നിരവധി ക്രിമിനൽ കേസുകളാണുള്ളത്. അപകടം നടന്ന സമയത്ത് ഇവർ സ്വർണം കടത്തിയിട്ടുണ്ടോ, യാത്രക്ക് മറ്റു വല്ല ഉദ്ദേശങ്ങളും ഉണ്ടോ എന്ന കാര്യങ്ങളും അന്വേഷിച്ച് വരികയാണ്. നിലവിൽ അപകടം നടന്നതായുള്ള കേസ് മാത്രമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്വർണക്കടത്താണ് പിന്നിലെങ്കിൽ കേസ് കരിപ്പൂർ പൊലീസിന് കൈമാറാനും സാധ്യതയുണ്ട്.
വാഹനം തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കേസുകളിൽ പ്രതിയാണ് ചരൽ ഫൈസൽ. അപകടത്തിൽ മരിച്ച അഞ്ചുപേരിൽ മൂന്നുപേർക്കെതിരെയും കേസുകളുണ്ട്. കൊപ്പം, ചെർപ്പുളശ്ശേരി സ്റ്റേഷനുകളിലായി വാഹനം തട്ടിക്കൊണ്ടുപോകാൻ ശ്രമം, വീട്ടിൽ കയറി ഭീഷണിപ്പെടുത്തൽ തുടങ്ങിയവയാണ് കേസ്.
ചെർപ്പുളശ്ശേരി ടൗൺ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനം. ഇവരെ ക്വേട്ടഷൻ നൽകി കൊലപ്പെടുത്തിയതാകാമെന്ന അഭ്യൂഹങ്ങളും നാട്ടിലുണ്ടായിരുന്നു. ചെർപ്പുളശ്ശേരിയിലും ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ട്.
ബൊലേറോയും സിമന്‍റ് കയറ്റിയ ചരക്ക് ലോറിയും കൂട്ടിയിടിച്ചാണ് തിങ്കളാഴ്ച പുലർച്ചെ 4.45ഓടെ രാമനാട്ടുകരക്കടുത്ത് പുളിഞ്ചോട് വെച്ച് അപകടമുണ്ടായത്. പാലക്കാട് വലപ്പുഴ തെങ്ങും വളപ്പിൽ ഷഹീർ, മുളയങ്കാവ് സ്വദേശി നാസർ, ചെർപ്പുളശ്ശേരി സ്വദേശി കൂടമംഗലം താഹിർ, നെല്ലായ ചെമ്മൻകുഴി അങ്ങാടിയിൽ സുബൈർ, നെല്ലായ സ്വദേശി അസൈനാർ എന്നിവരാണ് മരിച്ചത്.
പുളിഞ്ചോടു വളവിൽ അമിത വേഗത്തിലായിരുന്ന വാഹനം എതിർദിശയിൽ ലോറിയിലിടിക്കും മുമ്പ് മറിഞ്ഞിരുന്നതായി ഡ്രൈവർ മൊഴി നൽകിയിരുന്നു. മൂന്നു തവണ മലക്കംമറിഞ്ഞ ശേഷമാണ് ലോറിയിൽ ഇടിച്ചതെന്നാണ് മൊഴി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.