രാമനാട്ടുകര അപകടം: സംഘത്തിന് അനസ് പെരുമ്പാവൂരുമായി ബന്ധം
text_fieldsകോഴിക്കോട്: തിങ്കളാഴ്ച രാമനാട്ടുകരയിലുണ്ടായ അപകടത്തിൽ മരിച്ച അഞ്ചുപേരും മദ്യപിച്ചിരുന്നതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്. അപകടത്തിന് കാരണം അമിത വേഗതയാണെന്നും പൊലീസ് അറിയിച്ചു.
സംഭവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. 15 അംഗ സംഘമാണ് മൂന്ന് വാഹനങ്ങളിലായി കരിപ്പൂർ എയർപോർട്ടിലേക്ക് വന്നത്. കൊടുവള്ളി സംഘം കൊണ്ടുപോകേണ്ടിയിരുന്ന സ്വർണം വഴിമധ്യേ തട്ടിയെടുക്കാനായിരുന്നു പദ്ധതി. ദുബൈയിൽനിന്ന് ഷിഹാബ് എന്നയാൾ കൊണ്ടുവരുന്ന സ്വർണമാണ് കൊടുവള്ളി സ്വദേശികൾക്ക് ലഭിക്കേണ്ടിയിരുന്നത്. എന്നാൽ, ഇയാൾ കസ്റ്റംസിന്‍റെ പിടിയിലായതോടെ ഇവരുടെ പദ്ധതികൾ പാളി.
ചെർപ്പുളശ്ശേരി സംഘത്തിലുണ്ടായിരുന്ന രണ്ടുപേരെ കൂടി പിടികൂടാനുണ്ട്. കസ്റ്റഡിയിലെടുത്ത എട്ടുപേരെ ചൊവ്വാഴ്ച ഉച്ചക്കുശേഷം മലപ്പുറം കോടതിയിൽ ഹാജരാക്കും.
കൊടുവള്ളിയിൽനിന്നുള്ള സംഘത്തെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. സി.സി.ടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിക്കുകയാണ്. കസ്റ്റംസും കാര്യങ്ങൾ അന്വേഷിക്കുന്നു. കൊടുവള്ളി സംഘം തോക്ക് ചൂണ്ടിയാണ് ഇവരുടെ മുന്നിൽനിന്ന് രക്ഷപ്പെട്ടതെന്ന് സംഘം മൊഴി നൽകിയിട്ടുണ്ട്. ഇതുസംബന്ധിച്ച അന്വേഷണവും നടക്കുകയാണ്.
സംഭവത്തിന് പിന്നിൽ വലിയ സംഘമുണ്ടെന്നാണ് വിവരം. ചെർപ്പുളശ്ശേരി സംഘം മുമ്പും കള്ളക്കടത്ത് സ്വർണം കവർന്നിട്ടുണ്ട്. കള്ളക്കടത്തായതിനാൽ പരാതി ഉയരാറില്ല. ചില സംഭവങ്ങൾ സംഘങ്ങൾ തമ്മിൽ ഒത്തുതീർപ്പാക്കുകയും ചെയ്തിട്ടുണ്ട്.
25കാരനായ ചരൽ ഫൈസലാണ് ചെർപ്പുളശ്ശേരിയിൽ സംഘത്തിന് നേതൃത്വം നൽകുന്നത്. എറണാകുളം കേന്ദ്രീകരിച്ച് സ്വർണം കടത്തുന്ന അനസ് പെരുമ്പാവൂരുമായി ഇവർക്ക് ബന്ധമുണ്ട്. അനസിന് വേണ്ടി ചരൽ ഫൈസൽ പണം കടത്തിയിട്ടുണ്ട്. കൊച്ചിയിലെ ബ്യൂട്ടിപാർലർ വെടിവെപ്പിൽ അനസ് പ്രതിയാണ്. ഇയാൾക്ക് എറണാകുളം ജില്ലയിലേക്ക് പ്രവേശനം കോടതി വിലക്കിയപ്പോൾ ചെർപ്പുളശ്ശേരിയിലായിരുന്നു താമസം.
പിടിയിലായവരുടെ കോൾലിസ്റ്റ് പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതികളുടെ വീട്ടുകാർക്ക് ഇവർ എങ്ങോേട്ടക്കാണ് പോകുന്നത്, എന്താണ് ചെയ്യുന്നതെന്ന് തുടങ്ങിയ കാര്യങ്ങളെ കുറിച്ച് അറിവില്ലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.