രാമൻകുട്ടി പണിക്കർ; വിസ്മരിക്കപ്പെട്ട രക്തസാക്ഷിത്വം
text_fieldsസ്വാതന്ത്ര്യസമര പോരാട്ട ചരിത്രത്തിലെ ധീര രക്തസാക്ഷിത്വമായിരുന്നു കൊടുങ്ങല്ലുർ പി. വെമ്പല്ലൂരിലെ മുതിരക്കൽ രാമൻകുട്ടി പണിക്കരുടേത്. എന്നാൽ ആ ധീര യോദ്ധാവിന്റെ വീര സ്മരണകൾ സ്വാതന്ത്ര്യാനന്തര ഇന്ത്യ വിസ്മരിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ഗർജിക്കുന്ന സിംഹം എന്ന് വിശേഷിപ്പിക്കപ്പെട്ട കൊടുങ്ങല്ലൂരിന്റെ വീരപുത്രൻ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിനോളം പ്രശസ്തനും പോരാട്ട വേദികളിൽ നിറസാന്നിധ്യവുമായിരുന്നു രാമൻകുട്ടി പണിക്കർ. അദ്ദേഹത്തെ സേലം ജയിലിൽ വെച്ച് അതിനിഷ്ഠുരമായി മർദിച്ച് കൊലപ്പെടുത്തുകയാണ് ബ്രിട്ടീഷുകാർ ചെയ്തത്.
നാടുവാഴി കുടുംബാംഗമായ രാമൻകുട്ടി പണിക്കർ കാണിച്ച ദേശസ്നേഹവും സ്വാതന്ത്ര്യാവേശവും സമരനേതാക്കൾക്കുതന്നെ മാതൃകയും ഉത്തേജകദായകവുമായിരുന്നു. കൊലക്ക് ശേഷം മൃതദേഹം അവകാശികൾക്ക് വിട്ടുകൊടുക്കാതെ കണ്ണൂർ ബീച്ചിൽ അടക്കം ചെയ്യുകയാണുണ്ടായത്.
കൊടുങ്ങല്ലൂരിനും പി. വെമ്പല്ലൂരിനും അഭിമാനിക്കാവുന്ന വീരപുത്രനായിരുന്നു രാമൻകുട്ടിപണിക്കരെങ്കിലും അദ്ദേഹത്തിന്റെ സ്മരണകൾ നിലനിർത്താൻ കാര്യമായ ശ്രമങ്ങളൊന്നും ഉണ്ടായിട്ടില്ല. രാമൻകുട്ടി പണിക്കരുടെ ബന്ധുവായ മറ്റൊരു സ്വാതന്ത്ര്യപ്രേമിയായിരുന്നു നാട്ടിക ഫർക്കയിലെ ആദ്യത്തെ ബിരുദധാരിയായ ശ്രീധര പണിക്കർ. അദ്ദേഹം മഹാരാജാസ് കോളജിൽ പഠിക്കുമ്പോൾ വിലക്ക് ധിക്കരിച്ച് കോളജ് അങ്കണത്തിൽ ഇന്ത്യൻ ദേശീയ പതാക ഉയർത്തിയതിന് അച്ചടക്കനടപടികൾക്ക് വിധേയനായിട്ടുണ്ട്.
ക്വിറ്റ് ഇന്ത്യ സമരത്തിലും തുടർന്നുള്ള സ്വാതന്ത്ര്യസമരത്തിലും ശേഷം രാഷ്ട്രനിർമാണ പ്രവർത്തനങ്ങളിലും സജീവമായിരുന്ന മറ്റൊരു വ്യക്തിയായിരുന്നു മുതിരയ്ക്കൽ പങ്കജാക്ഷ പണിക്കർ. കുടുംബത്തിലെ മറ്റൊരു പൊതുവ്യക്തിത്വമായിരുന്നു ഗോപാലകൃഷ്ണ പണിക്കർ. ഉന്നതകുലജാതരായിരിക്കുമ്പോഴും പുരോഗമന ചിന്താഗതിക്കാരായ ഇവർ അയിത്തോച്ഛാടനത്തിലും മറ്റു സാമൂഹ്യ പ്രവർത്തനങ്ങളിലും പങ്കെടുത്തിരുന്നെന്ന് എഴുത്തുകാരനും പ്രസാധകനുമായ കാതിയാളം അബൂബക്കർ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.