രാമപുരം പഞ്ചായത്ത്: യു.ഡി.എഫിന് ഭരണം നഷ്ടമായി
text_fieldsപാലാ: രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വിജയം. യു.ഡി.എഫിന് ഭരണം നഷ്ടമായി. പഞ്ചായത്ത് മുൻ പ്രസിഡന്‍റ് കൂടിയായ കോൺഗ്രസ് വിമത ഷൈനി സന്തോഷ് എൽ.ഡി.എഫിന്‍റെയും സ്വതന്ത്ര അംഗങ്ങളുടെയും പിന്തുണയോടെ വീണ്ടും പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്‍റായി കേരള കോൺഗ്രസ് എമ്മിലെ സണ്ണി പൊരുന്നക്കോട്ടും വിജയിച്ചു.
18 അംഗ പഞ്ചായത്ത് കമ്മിറ്റിയിൽ ഷൈനിക്ക് എട്ട് വോട്ടും എതിർ സ്ഥാനാർഥി യു.ഡി.എഫിലെ ലിസമ്മ മത്തച്ചന് ഏഴ് വോട്ടും ലഭിച്ചു. വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലും ഇതേ വോട്ടുനിലയാണ് ഉണ്ടായത്. കേരള കോൺഗ്രസ് എമ്മിന് അഞ്ച് അംഗങ്ങളും രണ്ട് സ്വതന്ത്ര അംഗങ്ങളും യു.ഡി.എഫിന് ആറ് അംഗങ്ങളും ജോസഫ് അനുഭാവികളായി രണ്ടുപേരും ബി.ജെ.പിക്ക് മൂന്ന് അംഗങ്ങളുമാണുള്ളത്.
രണ്ട് ഘട്ടമായി നടന്ന തെരഞ്ഞെടുപ്പിലൂടെയാണ് ഷൈനിയും സണ്ണിയും തെരഞ്ഞെടുക്കപ്പെട്ടത്. ആദ്യഘട്ടത്തിലും ഷൈനിക്ക് എട്ട് വോട്ട് കിട്ടിയിരുന്നു. ആദ്യഘട്ടത്തിൽ കുറഞ്ഞ വോട്ട് (മൂന്ന്) കിട്ടിയ ബി.ജെ.പി രണ്ടാംഘട്ടത്തിൽ ഉണ്ടായില്ല.
യു.ഡി.എഫിലെ സമ്മർദത്തെ തുടർന്നാണ് പ്രസിഡന്‍റായിരുന്ന ഷൈനി രാജിവെച്ചത്. ഇതോടൊപ്പം വൈസ് പ്രസിഡന്‍റും രാജിവെച്ചിരുന്നു. തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. പ്രസിഡന്‍റായിരുന്ന ഷൈനിക്ക് യു.ഡി.എഫ് അംഗങ്ങളുടെ പിന്തുണ ലഭിച്ചിരുന്നില്ലെന്ന് രാജിവെച്ച ഉടൻ പരസ്യമായി മാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു.
മുൻകാലത്ത് പദ്ധതിവിഹിതം ചെലവഴിക്കുന്നതിൽ മുന്നിട്ടുനിന്നിരുന്ന പഞ്ചായത്ത് കഴിഞ്ഞതവണ വളരെ പിന്നിലായ സാഹചര്യത്തിൽ എൽ.ഡി.എഫ് സമരം നടത്തിവരുകയായിരുന്നു. ഇനിയും പിന്നോട്ട് നയിക്കാൻ അനുവദിക്കില്ലെന്ന് എൽ.ഡി.എഫ് പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.