‘രാമരാജ്യത്തേക്ക് സ്വാഗതം’ എന്ന് ബോർഡ്; ആരുടേയും രാജ്യമല്ലെന്ന് മറുപടി
text_fieldsകണ്ണൂർ: ‘രാമരാജ്യത്തേക്ക് സ്വാഗതം’ എന്ന പേരിൽ നഗര മധ്യത്തിൽ കൂറ്റൻ കമാനം. ബി.ജെ.പി ശക്തി കേന്ദ്രമായ തലശ്ശേരി നഗരസഭ പരിധിയിലെ തിരുവങ്ങാട് വാർഡിലാണ് വിവാദ ആർച്ച് സ്ഥാപിച്ചത്. തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിലെ വിഷുമഹോൽസവത്തിന്‍റെ ഭാഗമായാണ് കമാനം സ്ഥാപിച്ചത്. ശ്രീ നാരായണ ഗുരു സേവാട്രസ്റ്റിന്‍റെ പേരിൽ കീഴന്തിമുക്ക് കവലയിലാണ് വിവാദ കമാനം.
ഇതിനു മറുപടിയായി ഇതാരുടേയും രാജ്യമല്ലെന്ന് ചൂണ്ടിക്കാട്ടി ഡി.വൈ.എഫ്.ഐയും കമാനം സ്ഥാപിച്ചു. ക്ഷേത്രത്തിലേക്കുള്ള മറ്റൊരു വഴിയായ മഞ്ഞോടി കവലയിലാണ് ഡി.വൈ.എഫ്.ഐയുടെ കമാനം സ്ഥാപിച്ചത്.
ദേവസ്വം ബോർഡിനു കീഴിലെ ക്ഷേത്രമാണെങ്കിലും ബി.ജെ.പി സ്വാധീന മേഖലയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബി.ജെ.പി കൗൺസിലറാണ് വാർഡിനെ പ്രതിനിധാനം ചെയ്യുന്നത്. മത്സ്യബന്ധന തൊഴിലാളിയും സി.പി.എം പ്രവർത്തകനുമായ പുന്നോൽ താഴെ വയലിലെ കെ. ഹരിദാസൻ വധക്കേസിലെ മുഖ്യപ്രതി കെ. ലിജേഷ് പ്രതിനിധാനം ചെയ്യുന്ന മഞ്ഞോടി വാർഡിലാണ് ക്ഷേത്രം. കേസിൽ പ്രതിയായി ജയിലിൽ കഴിയവേ തുടർച്ചയായി കൗൺസിൽ യോഗത്തിൽ പങ്കെടുക്കാത്തതിനാൽ ലിജേഷിന്റെ നഗരസഭാംഗത്വം നഷ്ടമായിരുന്നു.
നേരത്തേ ഇവിടെ കോൺഗ്രസായിരുന്നു ജയിച്ചിരുന്നത്. സി.പി.എമ്മിന് അത്ര സ്വാധീനമുള്ള പ്രദേശമല്ല ഇവിടം. ക്ഷേത്ര ഉൽസവത്തിന് ഇത്തരമൊരു ബോർഡ് ആദ്യമായാണ് സ്ഥാപിച്ചതെന്ന് നാട്ടുകാർ പറയുന്നു. ബോർഡ് വിവാദമായതോടെയാണ് മറുപടിയുമായി ഡി.വൈ.എഫ്.ഐ രംഗത്തുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.