കെ. സുരേന്ദ്രനെതിരെ രാമസിംഹൻ: ‘ഇത്രയും വങ്കത്തരം അടുത്ത കാലത്തൊന്നും കേട്ടിട്ടില്ല’
text_fieldsതൃശൂർ: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെതിരെ രൂക്ഷവിമർശനവുമായി സംവിധായകനും ബി.ജെ.പി മുൻ സഹയാത്രികനുമായ രാമസിംഹൻ അബൂബക്കർ. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനെ ക്ഷേത്രത്തിൽ അപമാനിച്ച സംഭവത്തിൽ സുരേന്ദ്രൻ എഴുതിയ കുറിപ്പിനെതിരെയാണ് രാമസിംഹൻ ഫേസ്ബുക്കിൽ രംഗത്തുവന്നത്.
സുരേന്ദ്രൻ എഴുതിയതുപോലുള്ള വങ്കത്തരം അടുത്ത കാലത്തൊന്നും കേട്ടിട്ടില്ലെന്നാണ് രാമസിംഹൻ പറയുന്നത്. രാധാകൃഷ്ണനെ അപമാനിച്ചതിനെ ന്യായീകരിച്ചാണ് ഇരുവരും എഴുതിയത്. എന്നാൽ, സുേരന്ദ്രന്റെ കുറിപ്പിലുള്ള ‘ക്ഷേത്രത്തിലെ പൂജാരിമാർ എല്ലാവരോടും ഇങ്ങനെ തന്നെയാണ്. സ്വന്തം മക്കളായാൽപോലും അവർ അന്യരെ സ്പർശിക്കാറില്ല. അതിനു കാരണം അവർ പൂജിക്കുന്ന ദേവനോടുള്ള അന്ധമായ വിശ്വാസമാണ്’ എന്ന പരാമർശമാണ് രാമസിംഹനെ ചൊടിപ്പിച്ചത്.
‘ഇത്രയും വങ്കത്തരം അടുത്ത കാലത്തൊന്നും കേട്ടിട്ടില്ല പൂജാരിമാരുടെ അന്ധമായ വിശ്വാസമാണോ ശുദ്ധി?? പൂജാരിമാർക്ക് കല്പിച്ചു നൽകിയിട്ടുള്ള താന്ത്രിക കല്പനയാണത്, അനുഷ്ടാനമാണ് അവർ പാലിക്കുന്നത്.. ഓരോ ഗോത്രത്തിനും വ്യത്യസ്തമായ രീതിയും ഉണ്ട്.. മൂർത്തിക്ക് മുൻപിൽ അനുഷ്ഠിക്കേണ്ട ആചാരങ്ങൾ രാഷ്ട്രീയ നയം മാറ്റുന്നപോലെ മാറ്റാവുന്നതല്ലെന്ന് നേതാവ് മനസ്സിലാക്കിയാൽ നന്ന്’ -സുരേന്ദ്രന് രാമസിംഹൻ മുന്നറിയിപ്പ് നൽകി.
രാമസിംഹന്റെ കുറിപ്പിന്റെ പൂർണരൂപം:
‘‘നമ്മുടെ രാജ്യത്ത്. ക്ഷേത്രത്തിലെ പൂജാരിമാർ എല്ലാവരോടും ഇങ്ങനെ തന്നെയാണ്. സ്വന്തം മക്കളായാൽപോലും അവർ അന്യരെ സ്പർശിക്കാറില്ല. അതിനു കാരണം അവർ പൂജിക്കുന്ന ദേവനോടുള്ള അന്ധമായ വിശ്വാസമാണ്. ഒരു തരിമ്പുപോലും ഇഷ്ടദേവനെ മലിനമാക്കരുതെന്ന സ്വയം ബോധം. സകല ചരാചരങ്ങളിലും കുടികൊള്ളുന്ന ആത്മചൈതന്യം ഒന്നുതന്നെയാണെന്ന ഉപനിഷദ് വാക്യമൊന്നും സാധാരണ ഭക്തർക്കു മനസ്സിലാവില്ലെന്നറിഞ്ഞുതന്നെയാണ് അമ്പലത്തിലെ പൂജാരിമാർ ഇതെല്ലാം ആചരിക്കുന്നത്. അവർക്കാർക്കും അയിത്തമില്ല. വെറും പാവങ്ങൾ. അവരെ ഉപദ്രവിക്കരുത്. ഈശ്വരന് അയിത്തമില്ലെന്ന് ഭക്തന്മാർക്കെല്ലാവർക്കും ബുദ്ധി ഉദിക്കുന്ന കാലം വരെ കാത്തിരിക്കുകയല്ലാതെ നിർവ്വാഹമില്ലെന്ന് അങ്ങും മനസ്സിലാക്കണം.’’
കെ. സുരേന്ദ്രൻ.....
🙏
ഇത്രയും വങ്കത്തരം അടുത്ത കാലത്തൊന്നും കേട്ടിട്ടില്ല പൂജാരിമാരുടെ അന്ധമായ വിശ്വാസമാണോ ശുദ്ധി??
പൂജാരിമാർക്ക് കല്പിച്ചു നൽകിയിട്ടുള്ള താന്ത്രിക കല്പനയാണത്, അനുഷ്ടാനമാണ് അവർ പാലിക്കുന്നത് ..
ഓരോ ഗോത്രത്തിനും വ്യത്യസ്തമായ രീതിയും ഉണ്ട്..
മൂർത്തിക്ക് മുൻപിൽ അനുഷ്ഠിക്കേണ്ട ആചാരങ്ങൾ രാഷ്ട്രീയ നയം മാറ്റുന്നപോലെ മാറ്റാവുന്നതല്ലെന്ന് നേതാവ് മനസ്സിലാക്കിയാൽ നന്ന്,
ആചാരങ്ങൾ ഹൈന്ദവർക്ക് മാത്രമല്ല ക്രിസ്ത്യാനിക്കും മുസൽമാനുമുണ്ട്.
കത്തോലിക്കാ പള്ളിയിൽ ഇതര വിഭാഗങ്ങൾക്ക് കുർബാന കൈക്കൊള്ളാൻ പറ്റുമോ? ഒളു ഇല്ലാതെ മുസൽമാനു നമസ്കരിക്കാൻ പറ്റുമോ?
ആചാര അനുഷ്ടാനങ്ങൾ കേവലം ദേവനോടുള്ള പൂജാരിയുടെ അന്ധമായ വിശ്വാസമായി പൊതു സമൂഹത്തിൽ അവതരിപ്പിക്കുക വഴി ശ്രീ സുരേന്ദ്രൻ എന്താണുദ്ദേശിക്കുന്നത്?
"ഈശ്വരന് അയിത്തമില്ലെന്ന് ഭക്തന്മാർക്കെല്ലാവർക്കും ബുദ്ധി ഉദിക്കുന്ന കാലം വരെ കാത്തിരിക്കുകയല്ലാതെ നിർവ്വാഹമില്ലെന്ന് അങ്ങും മനസ്സിലാക്കണം....മന്ത്രിയോടുള്ള ഉപദേശഭാഗം.."ഈ വാചകത്തിൽ നിന്നും ഈശ്വരന് അയിത്തമില്ല പൂജാരിക്ക് അയിത്തമുണ്ടെന്നും കരുതണ്ടേ? ആചാരങ്ങൾ അനുഷ്ടാനങ്ങൾ ആണോ അയിത്തം?
പൂജാരി താഴ്ന്ന ജാതിക്കാരനാണെങ്കിൽ ശുദ്ധി വേണ്ടെന്നാണോ? പൂജ ചെയ്യുന്നവർ ആരായാലും ക്ഷേത്രാചാരം പാലിച്ചേ പറ്റൂ,
അത് മാറ്റാൻ താന്ത്രിക ആചര്യന്മാർക്കേ സാധിക്കൂ..
ദയവായി ഭക്തർക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കരുത്,
മൂർത്തിയെ കുളിപ്പിച്ച് ചന്ദനം പൂശി, മാലയിട്ട് വണങ്ങുന്ന ആർക്കും ചെയ്യാവുന്ന കേവല ക്രിയയല്ല പൂജാ ക്രമം..
🙏
കെ. സുരേന്ദ്രന്റെ കുറിപ്പിന്റെ പൂർണരൂപം:
പ്രിയപ്പെട്ട രാധാകൃഷ്ണൻ ജി അങ്ങേക്ക് ഒരു തരത്തിലുള്ള അപകർഷതാ ബോധവും ഉണ്ടാവേണ്ട കാര്യമില്ല. ഭാരതത്തിൽ ബ്രാഹ്മണർ ജനസംഖ്യയിൽ ഒരു മൈക്രോസ്കോപ്പിക് മൈനോറിറ്റി മാത്രമാണ്. സവർണ്ണരെന്ന് വിളിക്കുന്നവർ അവർണ്ണരെ അപേക്ഷിച്ച് എണ്ണത്തിൽ വളരെ വളരെ കുറവാണ് നമ്മുടെ രാജ്യത്ത്.
ക്ഷേത്രത്തിലെ പൂജാരിമാർ എല്ലാവരോടും ഇങ്ങനെ തന്നെയാണ്. സ്വന്തം മക്കളായാൽപോലും അവർ അന്യരെ സ്പർശിക്കാറില്ല.അതിനു കാരണം അവർ പൂജിക്കുന്ന ദേവനോടുള്ള അന്ധമായ വിശ്വാസമാണ്.
ഒരു തരിമ്പുപോലും ഇഷ്ടദേവനെ മലിനമാക്കരുതെന്ന സ്വയം ബോധം. സകല ചരാചരങ്ങളിലും കുടികൊള്ളുന്ന ആത്മചൈതന്യം ഒന്നുതന്നെയാണെന്ന ഉപനിഷദ് വാക്യമൊന്നും സാധാരണ ഭക്തർക്കു മനസ്സിലാവില്ലെന്നറിഞ്ഞുതന്നെയാണ് അമ്പലത്തിലെ പൂജാരിമാർ ഇതെല്ലാം ആചരിക്കുന്നത്. അവർക്കാർക്കും അയിത്തമില്ല. വെറും പാവങ്ങൾ. അവരെ ഉപദ്രവിക്കരുത്. ഈശ്വരന് അയിത്തമില്ലെന്ന് ഭക്തന്മാർക്കെല്ലാവർക്കും ബുദ്ധി ഉദിക്കുന്ന കാലം വരെ കാത്തിരിക്കുകയല്ലാതെ നിർവ്വാഹമില്ലെന്ന് അങ്ങും മനസ്സിലാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.