രാമായണ മാസാചരണം ദേശീയ ചർച്ചയാക്കി സംഘ്പരിവാർ
text_fieldsന്യൂഡൽഹി: രാമായണ മാസമാചരിച്ച് കേരളത്തിൽ സി.പി.എം ഹിന്ദുത്വ കാർഡ് പയറ്റുന്നത് ദേശീയതലത്തിൽ വിവാദമാക്കി സംഘ്പരിവാർ. കേരളത്തിൽ ആർ.എസ്.എസിെൻറ വളർച്ച തടയാനാണ് ഒരിക്കൽ നിരീശ്വരവാദം പ്രചരിപ്പിച്ച സി.പി.എം ഇപ്പോൾ രാമായണമാസവും ശ്രീകൃഷ്ണ ജയന്തിയും ആഘോഷിക്കുന്നതെന്നും സംഘ്പരിവാർ കേന്ദ്രങ്ങൾ കുറ്റപ്പെടുത്തുന്നു.
‘സീതാറാം നയിക്കുന്ന സി.പി.എം കേരളത്തിൽ രാമായണ മാസം ആചരിക്കുന്നു’ എന്ന തലക്കെട്ടിൽ തീവ്ര ഹിന്ദുത്വ പോർട്ടലായ ‘പിഗുരുസ്.കോം’ ആണ് വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇത് സംഘ്പരിവാർ കേന്ദ്രങ്ങൾ വ്യാപകമായി ഷെയർ ചെയ്യുന്നുണ്ട്. രാജ്യസഭ എം.പി സുബ്രമണ്യൻ സ്വാമിയുടെ ആശീർവാദത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി ശക്തമായ പ്രചാരണം നടത്തുന്ന ഒാൺലൈൻ മാധ്യമമാണ് പിഗുരുസ്.കോം.
ജൂൈല 17 മുതൽ രാമായണ മാസമായി ആചരിക്കാൻ തീരുമാനിച്ച സി.പി.എം സംസ്ഥാന കമ്മിറ്റി 25ന് രാമായണ കൺവെൻഷൻ നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും ഇതിനായി സംസ്കൃത അധ്യാപകരെ നിയമിച്ചുവെന്നും ഹിന്ദുത്വ പോർട്ടൽ പറയുന്നു. രാമായണത്തെക്കുറിച്ച് ബൂത്ത് തലത്തിൽ ക്ലാസുകളെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. എസ്.എഫ്.െഎ മുൻ പ്രസിഡൻറ് ശിവദാസനാണ് പരിപാടിയുടെ ചുമതല നൽകിയിരിക്കുന്നതെന്നും പോർട്ടൽ പറയുന്നു. സി.പി.എം അംഗങ്ങൾക്ക് ക്ഷേത്ര സന്ദർശനത്തിന് വിലക്കുണ്ടായിരുന്ന കാലത്തും പാർട്ടി ജനറൽ സെക്രട്ടറി ഇ.എം.എസ്. നമ്പൂതിരിപ്പാടിെൻറ ഭാര്യ ആര്യ അന്തർജനവും മറ്റു പല നേതാക്കന്മാരുടെ ഭാര്യമാരും ക്ഷേത്രങ്ങളിൽ പോയിരുന്നുവെന്ന് സംഘ്പരിവാർ പോർട്ടൽ കുറ്റപ്പെടുത്തി.
സീതാറാമെന്ന് പേരിട്ടതിന് രക്ഷിതാക്കളെ ചോദ്യംചെയ്ത ജനറൽ സെക്രട്ടറിയുടെ പാർട്ടിയാണ് രാമായണ മാസം ആചരിക്കുന്നതെന്നും സി.പി.എമ്മിെൻറ തെരഞ്ഞെടുപ്പ് തന്ത്രമാണിതെന്നും ട്വിറ്ററിൽ വിമർശനമുയർത്തുന്നു. ചെകുത്താൻ വേദമോതുകയാണെന്നും 2019ലെ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം ഹിന്ദു കാർഡിറക്കുമെന്നും പലരും കുറിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.