മഞ്ചാടിക്കുരുവിൽ രാമായണ കഥാപാത്രങ്ങൾ വരച്ച് രമേശൻ
text_fieldsചേർത്തല: മഞ്ചാടിക്കുരുവിൽ രാമായണത്തിലെ കഥാപാത്രങ്ങൾ വരച്ച് ശ്രദ്ധ നേടുകയാണ് കാവുങ്കൽ മംഗളപുരം പത്മിനി നിവാസിൽ എം.കെ. രമേശൻ (52). ചിത്രരചനയും ശിൽപകലയും ഔപചാരികമായി പഠിക്കാതെതന്നെ പുരാണ കഥാപാത്രങ്ങൾക്ക് വർണം നൽകുകയാണ് രമേശൻ. വിരലുകൊണ്ട് പോലും പിടിച്ചുനിർത്താനാകാത്ത മഞ്ചാടിക്കുരുവിലാണ് സീതയുടെ ജനനം മുതൽ രാവണവധംവരെയുള്ള 40ഓളം ഭാഗങ്ങൾ എണ്ണച്ചായം ഉപയോഗിച്ച് വരച്ചുകാട്ടുന്നത്. മഹാഭാരതത്തിലെ പ്രധാന സംഭവങ്ങൾ ശിൽപങ്ങളിലാക്കിയും കഴിവ് തെളിയിച്ചിട്ടുണ്ട്.
10 വർഷംകൊണ്ടാണ് മഞ്ചാടിക്കുരുവിലെ ചിത്രങ്ങളും ശിൽപങ്ങളും തീർത്തത്. ക്ഷേത്രങ്ങളിലെ ശാന്തിപ്പണി കഴിഞ്ഞ് കിട്ടുന്ന സമയത്താണ് കരവിരുത് പുറത്തുകൊണ്ടുവരുന്നത്. കൊറോണ വൈറസ് വ്യാപനം മൂലം പുന്നമടക്കടുത്തുള്ള ക്ഷേത്രം അടച്ചതോടെ ജോലിയില്ലാതായി. ഒരു കിലോമീറ്റർ നീളത്തിലുള്ള കാൻവാസിൽ മഹാഭാരതകഥകളുടെ എണ്ണച്ചായ ചിത്രരചനക്കൊരുങ്ങുകയാണെന്ന് രമേശൻ പറയുന്നു. ഭാര്യ മായയും മക്കളായ അമൃതയും രൂപേഷും എല്ലാ പിന്തുണയുമായുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.