ഗച്ഛ താത യഥാ സുഖം
text_fieldsബഹുലമായ സംസ്കൃതിയെയും ജനപഥങ്ങളെയും അഭിസംബോധനചെയ്യുന്നു എന്നതത്രെ ഏത് ഇതിഹാസ കാവ്യങ്ങളുടെയും മുഖ്യഗുണം. ഇന്ത്യൻ ഇതിഹാസകാവ്യമായ രാമായണത്തിെൻറ കാര്യവും അങ്ങനെത്തന്നെ. ഒരേസമയം കുടുംബകഥയുടെയും രാഷ്ട്രകൂട കഥയുടെയും ഉൗടുംപാവും വിഖ്യാതമായ ഇതിഹാസങ്ങളെപോലെ രാമായണത്തിലുമുണ്ട്. എന്നാൽ, മഹാഭാരതം കാഴ്ചവെക്കുന്ന സാമൂഹികവും ദാർശനികവുമായ ധർമതത്ത്വത്തിെൻറ നിഹിതമായ പശ്ചാത്തലം രാമായണത്തിലില്ല. ഏഷ്യയിലെ പല ദേശങ്ങളിലും ഭാഷകളിലും രാമായണം പലമട്ടിലുണ്ട് എന്നത് ഇൗ ഇതിഹാസത്തിെൻറ ജനകീയമായ സ്വീകാര്യതയെയാണ് എടുത്തുകാണിക്കുന്നത്.
അയോധ്യ കാണ്ഡത്തിൽ, രാമനോടും സീതയോടും ഒപ്പം കാട്ടിലേക്ക് പോകുന്ന ലക്ഷ്മണനെ അമ്മ സുമിത്ര ഉപദേശിക്കുന്ന സന്ദർഭം ഉണ്ട്. ‘‘രാമം ദശരഥം വിദ്ധി മാം വിദ്ധി ജനകാത്മജാം അയോധ്യാമടവീം വിദ്ധി ഗച്ഛ താത യഥാസുഖം’ (നിനക്ക് രാമനോടുള്ള സ്നേഹം എത്രമാത്രമെന്ന് അമ്മക്കറിയാം. അതാണ് യാത്രയിൽനിന്നും നിന്നെ നാം വിലക്കാത്തത്. ഒന്നേ എനിക്ക് പറയാനുള്ളൂ, രാമനെ അച്ഛനായും സീതയെ അമ്മയായും വനത്തെ അയോദ്ധ്യയായും കരുതിക്കൊള്ളുക. മകനേ, സുഖമായി പോയിവരുക).
രാമായണത്തിലെ ഏറ്റവും മുന്തിയ ഒരു സന്ദർഭം ഇതാണെന്ന കാര്യത്തിൽ പണ്ഡിതന്മാർക്ക് തർക്കമില്ല. പന്തിരുകുലത്തിലെ വരരുചി പത്തുരീതിയിൽ ഇൗ കാവ്യസന്ദർഭത്തെ വ്യാഖ്യാനിച്ചിട്ടുണ്ട് എന്നാണ് െഎതിഹ്യം.
14 സംവത്സരം കാട്ടിൽ കഴിഞ്ഞ് തിരിച്ചെത്തിയ ഇൗ കുടുംബത്തിന് സംഭവിച്ചതെന്താണെന്ന് രാമായണം വായനക്കാർക്കറിയാം. ഗുരുക്കന്മാരും കുലകുടസ്ഥരും ആശംസിച്ചപോലെ സുഖദായകമായ തിരിച്ചുവരവായിരുന്നില്ല അത്. എന്നെ സംബന്ധിച്ചിടത്തോളം മനുഷ്യ ഭാഗധേയത്വത്തിെൻറ അസ്വാസ്ഥ്യജനകമായ ഇൗ പുകച്ചിൽ തന്നെയാണ് രാമായണ സന്ദേശം.
രാവണനില്ലാത്ത ഒരു രാമായണത്തെക്കുറിച്ച് ഞാൻ ഒാർത്തുനോക്കിയിട്ടുണ്ട്. രാവണൻ ഇതിഹാസത്തിൽ രംഗപ്രവേശം ചെയ്തിരുന്നില്ലെങ്കിൽ രാമായണകഥ സുഖപര്യാവസായിയാകുമായിരുന്നോ? ഇല്ല എന്നുതന്നെയാണ് എെൻറ ഉത്തരം. കാരണം അയോധ്യയിൽ രാമനില്ലാത്ത 14 വർഷംകൊണ്ട് രൂപപ്പെട്ടുവന്ന ഒരു സാമൂഹിക രാഷ്ട്രീയ ധർമവ്യവസ്ഥ, തെൻറ പുനർപ്രവേശനത്തിന് അത്ര എളുപ്പമാകുമായിരുന്നില്ല.
മഹാവീര്യവാനും പ്രതിനായകനുമായ രാവണെൻറ രംഗപ്രവേശത്തോടെ രാമായണത്തിന് സംഭവിക്കുന്ന മാറ്റം നടേ പറഞ്ഞ ചിന്തയെ നിർവീര്യമാക്കിട്ടുണ്ട്. രാവണെൻറ പ്രത്യക്ഷപ്പെടൽ ഇതിഹാസ കാവ്യത്തിെൻറ മാനങ്ങളെത്തന്നെ നാടകീയമായി മാറ്റുകയുണ്ടായി. വിരുദ്ധമായ രണ്ട് മൂല്യ വ്യവസ്ഥകളുടെ സംഘർഷമായി പിൽക്കാലത്ത് രാമായണം മാറിയത് ഇക്കാരണംകൊണ്ടാണ്. എന്നാൽ, രാവണനെപ്പോലെ ബലതന്ത്രജ്ഞനും ധർമശാലിയും പ്രതാപിയുമായ ഒരു പ്രതിനായകൻ ലോക ഇതിഹാസങ്ങളിൽതന്നെ ഇല്ല. ഒരു കുടുംബ കഥക്കുള്ളിലെ അധികാരപ്രശ്നത്തെ ലോകോത്തരമായ ധർമസമസ്യയാക്കി മാറ്റാൻ രാവണെൻറ ഇടപെടൽ കൊണ്ടായി. ഒരുപക്ഷേ, രാമായണത്തിന് ഇത്രയധികം ഭാഷകളും ഭാഷ്യങ്ങളും ഉണ്ടായത് ഇക്കാരണം കൊണ്ടുതന്നെ. ഏതു തരത്തിലായാലും സുമിത്ര, തെൻറ പ്രിയ മകനു നൽകിയ സന്ദേശത്തിെൻറ തീരാവായനകളാണ് രാമായണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.