രാമായണം അനേകം
text_fieldsഗംഗയുടെ കൈവഴിയായ തമസാ നദീതീരത്തെ ആശ്രമ സമീപത്തുവെച്ച് വേടനാൽ ഇണ വധിക്കപ്പെട്ട ക്രൗഞ്ചപ്പക്ഷിയുടെ വിലാപം വാല്മീകിയിൽ അതിയായ ശോകമുണ്ടാക്കി. ആദികവിയുടെ ശോകം ശ്ലോകമായപ്പോൾ രാമായണം പിറവിയെടുത്തു എന്ന് പ്രസിദ്ധി. അദിവാസിയായി വാല്മീകിയുടെയും മുക്കുവ സ്ത്രീയുടെ മകനായ വ്യാസേൻറയും പാരമ്പര്യം, ദലിത പാരമ്പര്യമാണ് എന്ന് സൂചിപ്പിക്കുന്നു. സംഘാലിയെപ്പോലെയുള്ള ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ ഉത്തരേന്ത്യയിലെ ഗോത്രവർഗക്കാരുടെ ഇടയിൽ പ്രചരിച്ചിരുന്ന നീതിമാനായ രാമൻ എന്ന രാജാവിെൻറ കഥാബീജത്തെ വാല്മീകി ഒരു ഇതിഹാസമായി വികസിപ്പിച്ചതാണ് ഇന്നത്തെ വാല്മീകി രാമായണം. വാല്മീകിക്കുശേഷം രാമകഥ അനേകം രാമായണങ്ങളായി ഇന്ത്യയുടെ അതിർത്തി കടന്ന് പ്രചരിക്കുകയുണ്ടായി. പർവതങ്ങളും സമുദ്രങ്ങളും ഉള്ളിടത്തോളം കാലം രാമെൻറ കഥ േലാകത്തിൽ പ്രചരിക്കുമെന്ന് വാല്മീകിതന്നെ പ്രവചിച്ചിട്ടുണ്ട്. ഫാദർ കാമിൽ ബുൽതേയുടെ ‘രാമകഥ’, എ.കെ. രാമാനുജെൻറ മുന്നൂറു രാമായണങ്ങൾ എന്നീ കൃതികൾ രാമകഥയുടെ പ്രചാരത്തെക്കുറിച്ച് വിശദമായി ചർച്ചചെയ്യുന്നുണ്ട്.
വാല്മീകി രാമായണത്തെ ആധാരമാക്കി അനേകം രാമായണങ്ങൾ സംസ്കൃത ഭാഷയിൽ ഉണ്ടായി. അധ്യാത്മ രാമായണം, ആനന്ദ രാമായണം, അഗസ്ത്യ രാമായണം, അദ്ഭുത രാമായണം എന്നിങ്ങനെ രാമകഥാനുഗായികളായ അനേകം പ്രസിദ്ധങ്ങളും അപ്രസിദ്ധങ്ങളുമായ സാഹിത്യകൃതികളുണ്ടായി. മൂലകഥ സമാനമാണെങ്കിലും ഇൗ കൃതികളെല്ലാം രാമകഥയുടെ വ്യത്യസ്തമായ വ്യാഖ്യാനങ്ങളാണ്. വാല്മീകി രാമായണത്തിലെ രാമൻ നരനാണ്. പിൽക്കാല രാമായണങ്ങളിൽ രാമെൻറ ദൈവികാംശത്തിന് പ്രാധാന്യം നൽകിയിരിക്കുന്നു. അത്ഭുത രാമായണം പരമ്പരാഗത കഥയിൽനിന്ന് വ്യത്യസ്തമായി സീത രാവണെൻറ മകളാണ് എന്നു പറയുന്നു.
ഇന്ത്യയിലെ എല്ലാ പ്രാദേശിക ഭാഷകളിലും രാമായണങ്ങളുണ്ട്. വാല്മീകി രാമായണത്തിെൻറ പദാനുപദ വിവർത്തനമല്ല അവയൊന്നും. പ്രാദേശികമായ പ്രത്യേകതകൾ ഉൾക്കൊള്ളുന്ന സ്വതന്ത്ര വ്യാഖ്യാനങ്ങളാണ് അവ ഒാരോന്നും. മലയാളത്തിലെ ആദ്യ രാമായണം കണ്ണശ്ശരാമായണമാണ്. സംഘദാസെൻറ രാമായണത്തിലെ സീത രാവണെൻറ മകളായി അവതരിപ്പിക്കപ്പെടുന്നു. ബുദ്ധമതക്കാരുടെ ദശരഥ ജാതകകഥയിൽ ദശരഥെൻറ തലസ്ഥാനം ബനാറസ് (കാശി) ആണ്. അയോധ്യ അല്ല. അക്ബർ ചക്രവർത്തിയുടെ നിർദേശമനുസരിച്ച് മുല്ല അബ്ദുൽഖാദിർ ബദായുന രാമായണം പേർഷ്യൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുകയുണ്ടായി.
ഇന്ത്യക്ക് പുറത്ത് നിരവധി ഏഷ്യൻ രാജ്യങ്ങളിൽ രാമായണ സംസ്കാരം പ്രചരിച്ചിട്ടുണ്ട്. കംബോഡിയയിലെ രാംകേർ അഥവാ രാമകേർത്തി ഖമർ ഭാഷയിലെ രാമായണമാണ്. ലാവോസിലെ ഫരാ ലാറ്റ് ഫരാ രാം, പ്രാദേശികമായ ഭേദത്തോടുകൂടി രാമകഥ അവതരിപ്പിക്കുന്നു.
തായ്ലൻഡിലെ രാമകിർ എന്ന രാമായണം ആ രാജ്യത്തിെൻറ ദേശീയ ഇതിഹാസമായി കരുതപ്പെടുന്നു. ബർമയിലാകെട്ട ‘യാമാ സാത്ധ’ എന്നാണ് അവയുടെ പ്രാദേശിക രാമായണത്തിെൻറ പേര്. ബുദ്ധെൻറ ജാതകകഥകളോട് സാമ്യമുള്ള ഇൗ രാമായണം ബർമയുടെ ഇതിഹാസമായി കണക്കാക്കപ്പെടുന്നു. മലേഷ്യൻ രാമായണമാണ് ഹികായത് സെരി രാമ. ഇേന്താനേഷ്യയിൽ മൂന്നു രീതിയിലുള്ള രാമായണ വ്യാഖ്യാനങ്ങൾ നിലവിലുണ്ട്. ജാവയിലെ ‘കാകപിൻ, സുമാത്രയിലെ ‘രാമായണ സ്വർണദ്വീപ’, ബാലിയിലെ ‘രാമകവചം’ എന്നിവ. മഹാരാധിയ ലാവണ’ എന്നാണ് ഫിലിപ്പീൻസിലെ രാമായണത്തിെൻറ പേര്. ജപ്പാനിൽ രണ്ടു വ്യാഖ്യാനങ്ങൾ പ്രസിദ്ധമാണ്: ഹോ ബുത്ഷു, സാംബോ ഏകതോബോ എന്നീ പേരുകളിൽ.
ദേശത്തും വിദേശത്തുമുള്ള നിരവധി കഥാരൂപങ്ങളും രാമകഥയെ പ്രമേയമാക്കിയിട്ടുണ്ട്. കേരളത്തിലെ കഥകളി, കർണാടകത്തിലെ യക്ഷഗാനം, ഝാർഖണ്ഡിലെ ആദിവാസികളുടെ കലാരൂപമായ യതാ, ഫിലിപ്പീൻസിലെ ‘സിങ്കിൽ’ നൃത്തം, കംബോഡിയ, മലേഷ്യ, ബാലി തുടങ്ങിയ രാജ്യങ്ങളിലെ രാമായണ നൃത്തങ്ങൾ എല്ലാം ചിലതുമാത്രം. ചുരുക്കത്തിൽ, ഉത്തരേന്ത്യയിലെ ഗോത്രവർഗക്കാർക്കിടയിൽ ഉദ്ഭവിച്ച രാമകഥ ഇന്ന് ശക്തമായ സാംസ്കാരിക സ്വാധീനമായി നിലകൊള്ളുന്നു. മതേതരമായ കാഴ്ചപ്പാടിലൂടെയുള്ള രാമായണ വ്യാഖ്യാനങ്ങളാണ് കാലഘട്ടത്തിെൻറ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.