നിപ: റംബുട്ടാന് കഷ്ടകാലം, പേടിക്കേണ്ടതില്ലെന്ന് വിദഗ്ധർ
text_fieldsഗൂഡല്ലൂർ: റംബുട്ടാൻ കഴിച്ചത് മൂലമാണ് നിപ വൈറസ് ബാധിച്ച് കോഴിക്കോട്ട് 12 കാരൻ മരിച്ചതെന്ന വാർത്ത പ്രചരിച്ചതോടെ കേരളത്തിന് പുറമേ തമിഴ്നാട്ടിലും കർണാടകയിലും റംബുട്ടാൻ പഴത്തിന് വിപണിയിടിഞ്ഞു. നീലഗിരി ജില്ലാ അതിർത്തി ദേശീയപാതയിലെ ബർളിയർ, കല്ലാർ, കുന്നൂർ, അറു വങ്കാട്, ഊട്ടി ഉൾപ്പെടെയുള്ള പഴവിപണന കേന്ദ്രങ്ങളിൽ വിൽപനയെ സാരമായി ബാധിച്ചു.
ചുവപ്പ്, മഞ്ഞ നിറത്തിലുള്ള റംബുട്ടാൻ പഴങ്ങളാണ് വിൽപനക്ക് എത്തുന്നത്. നീലഗിരിയിൽ വിളവ് കുറവായ ഇവ കർണാടകം, കേരളം എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് ഇവിടേക്ക് എത്തുന്നതെന്ന് വ്യാപാരികൾ പറഞ്ഞു.
വവ്വാൽ കടിച്ച റംബുട്ടാനാണ് കുട്ടിക്ക് നിപ ബാധിക്കാൻ കാരണമായതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. പിന്നാലെ ഉപഭോക്താക്കൾ പഴം പാടേ ഉപേക്ഷിക്കുകയായിരുന്നു. ഇത് കർഷകരെയും ചെറുകിട കച്ചവടക്കാരെയും പെരുവഴിയിലാക്കി. അടുത്തകാലത്തായി കേരളത്തിൽ റംബുട്ടാൻ കൃഷി വ്യാപകമാണ്. 250 രൂപയാണ് ഒരു കിലോക്ക് വില. കർഷകർക്ക് 200 രൂപ വരെ ലഭിക്കുന്നുണ്ട്. ഒരു ഏക്കറിൽ 120 റമ്പുട്ടാൻ ചെടി നട്ടു വളർത്താം. പൂർണവളർച്ചയെത്തിയ ഒരുമരത്തിൽനിന്ന് 30 മുതൽ 150 കിലോ വരെ വിളവ് ലഭിക്കും. ഏക്കറിൽനിന്ന് ഏഴുമുതൽ 10 ലക്ഷം വരെ വരുമാനം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.
അതേസമയം, റംബുട്ടാനും നിപ്പയും തമ്മിൽ നേരിട്ട് ബന്ധമൊന്നുമില്ലെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു. വൈറസ് വാഹകരായ വവ്വാൽ കടിച്ച പഴം ഭക്ഷിച്ചാൽ മാത്രമേ രോഗസാധ്യതയുള്ളൂ. അത് എല്ലാ ഫലവർഗങ്ങൾക്കും ഒരുപോലെ സാധ്യതയുള്ള കാര്യവുമാണ്. വാണിജ്യാവശ്യത്തിനുള്ള റംബുട്ടാൻ കൃഷി ചെയ്യുന്നവർ മരം പൂവിട്ടാൽ ഉടൻ വല ഉപേയാഗിച്ച് മൂടുന്ന രീതിയാണ് അവലംബിക്കുന്നത്. വവ്വാലടക്കമുള്ള പക്ഷികൾ ഭക്ഷിക്കാതിരിക്കാനാണ് അങ്ങനെ ചെയ്യുന്നത്. പോറലേൽക്കാത്ത പഴവർഗങ്ങൾ മാത്രം തെരഞ്ഞെടുക്കുകയും വൃത്തിയായി കഴുകിയ ശേഷം മാത്രം കഴിക്കുകയും ചെയ്യുക എന്നതാണ് രോഗം വരാതിരിക്കാനുള്ള പോംവഴി.
മാർക്കറ്റുകളിൽ നിന്ന് വാങ്ങുന്ന റംബൂട്ടാനിൽ നിന്നോ മറ്റു ഫലങ്ങളിൽ നിന്നോ നിപ പകരില്ലെന്ന് കോഴിക്കോട് മെഡിക്കൽ കോളജിലെ മുൻ പ്രഫസറും പാതോളജിസ്റ്റുമായ ഡോ. കെ.പി. അരവിന്ദൻ പറയുന്നു. ''മാർക്കറ്റുകളിൽ കിട്ടുന്ന ഫലങ്ങൾ തികച്ചും സുരക്ഷിതമാണ്. വവ്വാലുകൾ കടിച്ചിട്ട ഫലങ്ങളിൽ നിന്ന് രോഗം പകരണമെങ്കിൽ അതിന്‍റെ ഉമിനീർ മുഴുവനായി ഉണങ്ങുന്നതിനു മുൻപ് അത് എടുത്ത് കഴിക്കുകയോ അതെടുത്ത കൈ കഴുകാതെ വായിലേക്കോ മറ്റോ കൊണ്ടു പോവുകയോ വേണം. ഉമിനീർ ഉണങ്ങിക്കഴിഞ്ഞാൽ വൈറസിന് പുറത്ത് അധിക സമയം ജീവിക്കാനാവില്ല. മണിക്കൂറുകളോ ദിവസങ്ങളോ കഴിഞ്ഞ് മാർക്കറ്റിൽ എത്തുന്ന ഫലങ്ങളിൽ വൈറസ്സിന്‍റെ ഒരു സാന്നിധ്യവും ഉണ്ടാവില്ല. മാർക്കറ്റുകളിൽ നിന്ന് വാങ്ങുന്ന റംബൂട്ടാനിൽ നിന്നോ മറ്റു ഫലങ്ങളിൽ നിന്നോ നിപ്പ പകരില്ല. ഉറപ്പ്.'' അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.