വ്യാജ വീഡിയോ നിർമിച്ച ആളുകളെ എന്തുകൊണ്ട് പിടിക്കുന്നില്ല? -ചെന്നിത്തല
text_fieldsകൊച്ചി: തൃക്കാക്കര എൽ.ഡി.എഫ് സ്ഥാനാർഥി ജോ ജോസഫിന്റെ വ്യാജ അശ്ലീല വീഡിയോ നിർമിച്ച ആളുകളെ എന്തുകൊണ്ട് പിടിക്കുന്നില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വ്യാജ അശ്ലീല വിഡിയോ അപ്‌ലോഡ് ചെയ്തയാളെ പൊലീസ് കസ്റ്റഡിയിലെടുത്തതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അശ്ലീല വീഡിയോ നിർമിച്ച ആളുകളെ എന്തുകൊണ്ട് കണ്ടുപിടിക്കുന്നില്ല? ഇതെല്ലാം തെരഞ്ഞെടുപ്പ് പരാജയത്തിൽനിന്ന് രക്ഷനേടാനുള്ള അവസാനത്തെ അടവാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
സി.പി.എം ഒരു കാലത്തുമില്ലാത്ത നിലയിലുള്ള വർഗീയ പ്രചരണമാണ് തൃക്കാക്കരയിൽ നടത്തിയത്. കേരളത്തെ വർഗീയ വത്കരിക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രിക്കാണ് ഏറ്റവും വലിയ പങ്കെന്നും അദ്ദേഹം വിമർശിച്ചു.
അതേസമയം, ജോ ജോസഫിന്റെ പേരിൽ വ്യാജ വിഡിയോ അപ്‌ലോഡ് ചെയ്തതിന് പിടിയിലായ ആൾക്ക് മുസ്‍ലിം ലീഗുമായോ പോഷക സംഘടനകളുമായോ ഒരു ബന്ധവുമില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. ഇത് ആസൂത്രിതമായി നടത്തിയ നാടകമാണ്. മലപ്പുറത്തുകാരനായത് കൊണ്ടും പേര് ലത്തീഫ് ആയതുകൊണ്ടും ലീഗാണെന്ന് ഉറപ്പിച്ചു പറയുകയാണ്. എന്നാൽ പറയുന്നവരുടെയടുത്ത് അത് തെളിയിക്കാനുള്ള എന്തെങ്കിലും വേണ്ടേയെന്നും അദ്ദേഹം ചോദിച്ചു.
പിടിയിലായ അബ്ദുൽ ലത്തീഫ് ലീഗ് പ്രവർത്തകനല്ലെന്ന് മുസ്‍ലിം ലീഗ് കോട്ടക്കൽ മുനിസിപ്പൽ സെക്രട്ടറി നേരത്തെ അറിയിച്ചിരുന്നു. ചൊവ്വാഴ്ച പുലർച്ചെ കോയമ്പത്തൂരിൽ നിന്നാണ് അബ്ദുൽ ലത്തീഫിനെ തൃക്കാക്കര പൊലീസ് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.