എൻ.എസ്.എസല്ല, മറ്റുചിലരാണ് എന്നെ നായർ ബ്രാൻഡാക്കിയത് -ചെന്നിത്തല
text_fieldsതിരുവനന്തപുരം: മന്നം ജയന്തി ആഘോഷത്തിൽ പങ്കെടുത്തതിൽ ദുരുദ്ദേശം ഒന്നുമില്ലെന്നും പ്രത്യേക ലക്ഷ്യമോ പ്ലാനിങ്ങോ ഇല്ലെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇതിൽ മറ്റൊരർഥം ആരും കാണേണ്ട. എൻഎസ്എസ് മതേതര ബ്രാൻഡാണ്. താൻ ഏത് സംഘടനയുടെ പരിപാടിയിൽ പങ്കെടുത്താലും അതിന്‍റെ ഗുണം കോൺഗ്രസ് പാർട്ടിക്കാണ്. എന്നെ നായർ ബ്രാൻഡായി ചിത്രീകരിച്ചത് എൻ.എസ്.എസല്ല മറ്റുചിലരാണ്. അത് പിന്നീട് പറയുമെന്നും ചാനൽ അഭിമുഖത്തിൽ ചെന്നിത്തല വ്യക്തമാക്കി.
എൻ.എസ്.എസുമായുള്ള പിണക്കം തീർത്തതത് നേരിട്ടാണ്. നേരിട്ട് സുകുമാരൻ നായരെ വിളിക്കുകയായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തിനായി ആരുമായും മത്സരത്തിനില്ല. പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി അഭിപ്രായ ഭിന്നതയില്ല. എല്ലാം തീരുമാനിക്കുന്നത് ഹൈക്കമാൻഡ് ആണ്. സാധാരണ പ്രവർത്തകർ മത്സരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പാണ് തന്‍റെ മുന്നിലുള്ള അടുത്ത ലക്ഷ്യം. പാർട്ടി ഒറ്റക്കെട്ടായി നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടും. തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് മാറിയത് ഹൈക്കമാൻഡ് തീരുമാന പ്രകാരമാണ്. എന്നാൽ, സ്ഥാനം ഒഴിയാൻ തന്നോട് നേരിട്ട് പറയാത്തത് വിഷമമുണ്ടാക്കിയിരുന്നു -ചെന്നിത്തല പറഞ്ഞു.
14 വർഷമായി എൻ.എസ്.എസുമായി നിലനിന്നിരുന്ന പിണക്കം അവസാനിപ്പിച്ച് ഇന്നലെ നടന്ന മന്നം ജയന്തി ഉദ്ഘാടനച്ചടങ്ങിലേക്ക് രമേശ് ചെന്നിത്തലയെ എൻ.എസ്.എസ് നേതൃത്വം ക്ഷണിക്കുകയായിരുന്നു. കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയായിരുന്നു മന്നത്ത് പത്മനാഭനെന്ന് ചെന്നിത്തല പറഞ്ഞു. രാഷ്ട്രീയ പ്രവർത്തകനായിരുന്നില്ല മന്നം. എന്നാൽ, രാഷ്ട്രീയ രംഗത്ത് തെറ്റുകൾ ഉണ്ടായാൽ അതിനെതിരെ നിലപാടുകൾ സ്വീകരിച്ചിരുന്നു. ജനങ്ങളിൽനിന്ന് ഭരണകൂടം അകന്നാൽ ജനം തിരുത്തുമെന്ന് വിമോചനസമരം വഴി അദ്ദേഹം കാണിച്ചുനൽകി. നിലവിലെ ഭരണകൂടങ്ങൾക്കും ഇത് ബാധകമാണ്. ശൂന്യതയിൽനിന്ന് സാമ്രാജ്യം കെട്ടിപ്പടുത്ത മഹാനായിരുന്നു മന്നം. ആത്മവിശ്വാസത്തിന്‍റെ മറുപേരാണ് മന്നം. സമുദായത്തിനും അദ്ദേഹം ആത്മവിശ്വാസം പകർന്നു നൽകി. ക്ഷേത്രപ്രവേശന വിളംബരത്തിന് ചാലക ശക്തിയായത് സവർണ ജാഥയാണ്. ഈ പോരാട്ടം നിലവിലെ നേതൃത്വവും മുന്നോട്ടുകൊണ്ടുപോകുകയാണ്. ശബരിമലയിൽ സർക്കാറും കോടതിയും അനീതി കാട്ടിയപ്പോൾ വിശ്വാസസമൂഹത്തിനായി എൻ.എസ്.എസ് പോരാടിയത് സുവർണ അധ്യായമാണെന്നും ചെന്നിത്തല പറഞ്ഞു.
ഉദ്ഘാടകനായെത്തിയ രമേശ് ചെന്നിത്തലയെ എൻ.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പുകഴ്ത്തി. പൊതുസമ്മേളനത്തിൽ സ്വാഗത പ്രസംഗത്തിനിടെയാണ് സുകുമാരൻ നായർ ചെന്നിത്തലയെ പുകഴ്ത്തിയത്. ആദ്യം നിശ്ചയിച്ചതിനെക്കാൾ അര്‍ഹനായ ആളാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതെന്നും ചെന്നിത്തല എന്‍.എസ്.എസിന്‍റെ പുത്രനാണെന്നും സുകുമാരൻ നായർ പറഞ്ഞു. ‘‘ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ എൻ.എസ്.എസ് എന്ത് പറഞ്ഞാലും അനുസരിക്കുമെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. ചിലര്‍ ഇത് വിവാദമാക്കാന്‍ ശ്രമിച്ചു. നായര്‍ സര്‍വിസ് സൊസൈറ്റിയില്‍ നായര്‍ വരുന്നതിലാണ് ചിലര്‍ക്ക് പ്രശ്‌നം. മറ്റ് എവിടെയെങ്കിലും പോയാൽ ചർച്ചയില്ല. ചെന്നിത്തലയെ ക്ഷണിച്ചത് കോണ്‍ഗ്രസുകാരനായതുകൊണ്ടല്ല. രമേശ് ചെന്നിത്തല കളിച്ചുവളര്‍ന്ന കാലം മുതല്‍ ഈ മണ്ണിന്‍റെ സന്തതിയാണ്. രമേശിലൂടെ എന്തെങ്കിലും നേട്ടം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് കരുതുന്നവരുണ്ട്. അത്തരം ചിന്തയുള്ളവർ അത് തിരുത്തണം’’ സുകുമാരൻ നായർ പറഞ്ഞു.
എൻ.എസ്.എസുമായുള്ളത് ആത്മബന്ധമാണെന്നും ആര് വിചാരിച്ചാലും മുറിച്ചുമാറ്റാൻ കഴിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ‘‘പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞത് സൗഭാഗ്യമാണ്. തികഞ്ഞ അഭിമാനബോധത്തോടെയാണ് നിൽക്കുന്നത്. പ്രതിസന്ധിഘട്ടങ്ങളിൽ എൻ.എസ്.എസ് അഭയം നൽകി സഹായിച്ചു. സമുദായങ്ങൾ തമ്മിൽ തല്ലുകൂടണമെന്ന് ആഗ്രഹിക്കുന്നവർക്ക് എൻ.എസ്.എസിനോട് നീരസം ഉണ്ടാകാം -ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.