സ്വപ്നയുടെ വെളിപ്പെടുത്തൽ: മുഖ്യമന്ത്രി മറുപടി പറയണം, പുനരന്വേഷണ വേണം -ചെന്നിത്തല
text_fieldsതിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിൻെറ പുതിയ വെളിപ്പെടുത്തിലിൻെറ അടിസ്ഥാനത്തിൽ പുനരന്വേഷണം നടത്തണമെന്നും ആരോപണങ്ങൾക്ക് മുഖ്യമന്ത്രി പറയണമെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങളെല്ലാം ശരിയെന്ന് തെളിഞ്ഞിരിക്കുകയാണ്. മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണന് സ്വപ്നയുമായി അടുത്ത ബന്ധമുണ്ടെന്ന് തെളിഞ്ഞു. ശിവശങ്കറെ സർവീസിൽനിന്നും സസ്പെൻഡ് ചെയ്യണം. അനുവാദം വാങ്ങിയാണോ ശിവശങ്കർ പുസ്തകം എഴുതിയതെന്നും അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണക്കടത്തിൽ ഇടപെട്ടു. ബാഗേജ് വിട്ടുകിട്ടാൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഇടപെട്ടു. മുഖ്യമന്ത്രി മറുപടി പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
അതേസമയം, സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചു. ഈ പ്രതികൾക്ക് രക്ഷപ്പെടാൻ അവസരം ഉണ്ടാക്കിക്കൊടുത്തതെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയായിരുന്നെന്ന് ഇപ്പോൾ വ്യക്തമായി. ആ ഓഫീസിൽ നടക്കുന്ന കാര്യങ്ങൾ മുഖ്യമന്ത്രി അറിഞ്ഞില്ല എന്ന് പറഞ്ഞാൽ അവിശ്വസനീയമാണ്.
എല്ലാ സാമ്പത്തിക അഴിമതികളുടെയും കേന്ദ്രമാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. മുഖ്യമന്ത്രിക്ക് ഇക്കാര്യത്തിൽ പങ്കില്ലെന്ന് പ്രതിയായ ഈ സ്ത്രീയുടെ പേരിൽ വന്ന സന്ദേശം കെട്ടിച്ചമച്ചതാണെന്നും സ്ക്രിപ്റ്റ് അനുസരിച്ചായിരുന്നെന്നും വ്യക്തമായിരിക്കുന്നു. ശബ്ദരേഖക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം. രണ്ടാം പിണറായി സർക്കാർ ജയിലിൽ കിടന്നിരുന്ന സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതികളെ ഭയന്നാണ് ജീവിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.