ജനങ്ങളോട് കള്ളം പറയുന്ന ഉളുപ്പില്ലാത്ത മുഖ്യമന്ത്രിയെ കേരളത്തിന് വേണ്ട- രമേശ് ചെന്നിത്തല
text_fieldsതിരുവനന്തപുരം: മാധ്യമങ്ങളോടും ജനങ്ങളോടും ഉളുപ്പില്ലാതെ കള്ളം പറയുന്ന മുഖ്യമന്ത്രിയെ കേരളത്തിന് വേണ്ട എന്നും പിണറായി വിജയൻ രാജിവെയ്ക്കുകയാണ് വേണ്ടത് എന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സ്വപ്നയുടെ നിയമനത്തെക്കുറിച്ച് തനിക്കൊന്നുമറിയില്ല എന്ന മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പറഞ്ഞത് നുണയാണെന്ന് തെളിഞ്ഞു. മുഖ്യമന്ത്രിക്ക് ഈ വിഷയത്തിൽ ഇനിയെന്താണ് പറയാനുള്ളത് എന്ന് രമേശ് ചെന്നിത്തല ചോദിച്ചു.
മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് സ്വപ്നയെ സ്പേസ് പാർക്കിൽ നിയമിച്ചത് എന്നും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ വിശ്വസ്ത ആയതിനാലാണ് സ്വപ്നയ്ക്ക് നിയമനം ലഭിച്ചതെന്നും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നുണ്ടെന്നും ഇക്കാര്യത്തിൽ കള്ളം പറഞ്ഞ മുഖ്യമന്ത്രി രാജിവെക്കണമെന്നും ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞു.
രമേശ് ചെന്നിത്തലയുടെ പ്രസ്താവന:
സ്വപ്നയുടെ നിയമനത്തെക്കുറിച്ച് തനിക്കൊന്നുമറിയില്ല എന്ന മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പറഞ്ഞത് നുണ!
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ മുഖ്യമന്ത്രിക്ക് സ്വപ്നയെ നേരത്തെ പരിചയമുണ്ടായിരുന്നു എന്ന് പറയുന്നു. മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് സ്വപ്നയെ സ്പേസ് പാർക്കിൽ നിയമിച്ചത് എന്നും, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ വിശ്വസ്ത ആയതിനാലാണ് സ്വപ്നയ്ക്ക് നിയമനം ലഭിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. പിണറായി വിജയന്റെ സാന്നിധ്യത്തിൽ ശിവശങ്കരനെ അഞ്ചോ ആറോ തവണ കണ്ടു എന്നാണ് സ്വപ്ന മൊഴി നൽകിയത്.
മുഖ്യമന്ത്രിക്ക് ഈ വിഷയത്തിൽ ഇനിയെന്താണ് പറയാനുള്ളത്? പിൻവാതിൽ നിയമനങ്ങളുടെയും തട്ടിപ്പുകളുടെയും കേന്ദ്രമായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് എന്ന് വീണ്ടും വീണ്ടും തെളിയുകയാണ്
മാധ്യമങ്ങളോടും ജനങ്ങളോടും ഉളുപ്പില്ലാതെ കള്ളം പറയുന്ന മുഖ്യമന്ത്രിയെ കേരളത്തിന് വേണ്ട.
പിണറായി വിജയൻ രാജിവെയ്ക്കുകയാണ് വേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.