ഉളുപ്പുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെക്കുക -രമേശ് ചെന്നിത്തല
text_fieldsകൊച്ചി: : സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് ഹൈകോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉളുപ്പുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് രമേശ് ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.
''മുഖ്യമന്ത്രി പിണറായി വിജയെൻറ നാവും ഹൃദയവുമായിരുന്ന, അദ്ദേഹത്തിന്റെ ഓഫിസ് നിയന്ത്രിച്ചിരുന്ന മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരനെ ഇ.ഡി. കസ്റ്റഡിയിലെടുത്തിരിക്കുന്നു. ഇനിയെങ്കിലും നാണമുണ്ടെങ്കിൽ പിണറായി വിജയൻ രാജിവച്ച് പുറത്തുപോകണം''
''എം.എൽ.എമാർക്ക് പോലും മുഖ്യമന്ത്രിയുടെ ഓഫിസിൽ കയറാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്. അവിടെയാണ് കൊള്ളക്കാരും കള്ളന്മാരും വിലസിയത്. സ്വർണക്കടത്ത് ഉൾപ്പടെ എല്ലാ കേസുകളുടെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണ്. ഒന്നാം പ്രതി കേരള മുഖ്യമന്ത്രിയാണ്. അഴിമതി നടത്തിയത് മുഖ്യമന്ത്രി തന്നെയാണ്. മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണ് പല കാര്യങ്ങളും ശിവശങ്കരൻ ചെയ്തത്. മുഖ്യമന്ത്രിയെ ചോദ്യം ചെയ്താലേ വസ്തുതകൾ കൂടുതൽ പുറത്തുവരൂ''.
''സ്പ്രിൻക്ലർ തൊട്ട് സകല അഴിമതിയും തുടങ്ങിയത് പിണറായി വിജയെൻറ ഓഫീസിലാണ്. ഇവർ ചെയ്തുകൂട്ടിയ എത്രയോ അഴിമതികൾ ഇനിയും പുറത്തുവരാനുണ്ട്. ശിവശങ്കരനെ തുടക്കംതൊട്ടേ ന്യായീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജനാധിപത്യകേരളം ഇത്ര അപമാനിക്കപ്പെട്ട മറ്റൊരു സന്ദർഭമുണ്ടായിട്ടില്ല. കൂടുതൽ നാണംകെടാതെ മുഖ്യമന്ത്രി പുറത്തുപോകണം'' -രമേശ് ചെന്നിത്തല പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.