തുള്ളലുകൊണ്ട് കാര്യമില്ല, സൈബർഗുണ്ടയുടെ നിലവാരത്തിലേക്ക് തരംതാഴരുത് -ചെന്നിത്തല
text_fieldsതിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ യോജിപ്പിനുള്ള അന്തരീക്ഷം തകർത്തത് മുഖ്യമന്ത്രിയും സര്‍ക്കാറുമാണെന്നും സൈബർഗുണ്ടയുടെ നിലവാരത്തിലേക്ക് മുഖ്യമന്ത്രി തരംതാഴരുതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഏത് പ്രവര്‍ത്തനത്തിലാണ് പ്രതിപക്ഷം തുരങ്കംെവച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. കോവിഡിെൻറ ആരംഭഘട്ടത്തിൽ സർക്കാറുമായി ഒെത്താരുമിച്ച് പോകാനാണ് പ്രതിപക്ഷം ശ്രമിച്ചത്.
മുഖ്യമന്ത്രി വിളിച്ചുകൂട്ടിയ തദ്ദേശസ്വയംഭരണ പ്രതിനിധികളുടെ യോഗത്തിൽ താനും പങ്കെടുത്തിരുന്നു. എന്നാൽ ഓരോഘട്ടത്തിലും രാഷ്ട്രീയം കളിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. കോവിഡ് കാലത്തെ സുവർണകാലമായി കണ്ട് അഴിമതി നടത്താനായിരുന്നു സർക്കാർ ശ്രമിച്ചത്.
കാബിനറ്റും വകുപ്പുകളും അറിയാതെ ക്വാറൻറീനിൽ കഴിയുന്നവരുടെ വിവരങ്ങൾ അമേരിക്കൻ കമ്പനിക്ക് വിൽക്കാൻ നിങ്ങൾക്ക് ആരാണ് അധികാരം തന്നത്. സ്പ്രിൻക്ലർ അവസാനിച്ചിട്ടില്ല. കേസ് ഹൈകോടതിയുടെ പരിഗണനയിലാണ്. ഇതുസംബന്ധിച്ച് നിയോഗിച്ച രണ്ടംഗ കമീഷെൻറ റിപ്പോര്‍ട്ട് പരസ്യപ്പെടുത്താനും അദ്ദേഹം മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു.
പമ്പയിലെ മണല്‍ മുഴുവൻ കോട്ടയത്തെ സ്വകാര്യ കമ്പനിക്ക് വിൽക്കാൻ ശ്രമിച്ചത് പ്രതിപക്ഷം പുറത്തുകൊണ്ടുവന്നു. വാടകെക്കടുത്ത ഹെലികോപ്ടറിൽ ഉന്നത ഉദ്യോഗസ്ഥരുമായി പോയത് കള്ളക്കച്ചവടം നടത്താനായിരുന്നു.
കച്ചവടം പൊളിയുമ്പോൾ രോഷം ഉണ്ടാകുന്നത് സ്വാഭാവികം. ലോകം മുഴുവൻ മഹാമാരിയെ നേരിടുമ്പോൾ പത്ത് ചക്രം ഉണ്ടാക്കാൻ ഇറങ്ങിത്തിരിച്ചവരുടെ തനിനിറം പുറത്തുകൊണ്ടുവന്ന പ്രതിപക്ഷത്തിന് നേരെ തുള്ളിയിട്ട് കാര്യമില്ല -അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.