ഇത്രയേറെ പിൻവാതിൽ നിയമനങ്ങൾ നടത്തിയ സർക്കാർ കേരള ചരിത്രത്തിൽ ആദ്യം -ചെന്നിത്തല
text_fieldsതിരുവനന്തപുരം: സ്വന്തക്കാർക്കും ബന്ധുക്കൾക്കുമായി ഇത്രയധികം പിൻവാതിൽ നിയമനങ്ങൾ നടത്തിയ ഒരു സർക്കാർ കേരളത്തിന്‍റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിവിധ വകുപ്പുകളിലേക്കുള്ള ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ സെക്രട്ടേറിയേറ്റിനു മുന്നിൽ സംഘടിപ്പിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കിൻഫ്ര മുതൽ വിവിധ സർക്കാർ ഡിപ്പാർട്മെന്‍റുകൾ വരെ എല്ലായിടത്തും നിരവധി ആളുകൾ നിയമിക്കപ്പെടുന്നുണ്ടെങ്കിലും എല്ലാം പിൻവാതിലിലൂടെ മാത്രമാണെന്ന് ചെന്നിത്തല പറഞ്ഞു. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ മുഴുവൻ താത്കാലിക അടിസ്ഥാനത്തിൽ നിയമിച്ചുകൊണ്ട് പി.എസ്.സി റാങ്ക് ജേതാക്കളോട് കടുത്ത നീതി നിഷേധമാണ് പിണറായി സർക്കാർ കാണിക്കുന്നത്.
പതിനായിരം രൂപ മാസ ശമ്പളമുള്ള ജോലിക്ക് വേണ്ടി യുവാക്കൾ തെരുവിൽ സമരം നടത്തുമ്പോൾ പതിനായിരം രൂപ ദിവസ വേതനത്തിനാണ് കിഫ്‌ബിയിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റിയിരിക്കുന്നത്. മൂന്ന് ലക്ഷം ശമ്പളം പറ്റുന്ന സി.ഇ.ഒ മുതൽ ചീഫ് സെക്രട്ടറിയെക്കാൾ ശമ്പളം പറ്റുന്ന ഉന്നത ഉദ്യോഗസ്ഥർ വരെയാണ് കിഫ്‌ബിയിലുള്ളത്.
കുത്ത്കേസ് പ്രതിയെ പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് എത്തിച്ച, പി.എസ്.സിയുടെ വിശ്വാസ്യത പോലും ഇല്ലാതാക്കിയ സർക്കാറാണ് ഇന്ന് കേരളം ഭരിക്കുന്നത്. പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് ജോലി നൽകാൻ സർക്കാർ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.