സഹോദരനെ നഷ്ടപ്പെട്ട വേദനയെന്ന് രമേശ് ചെന്നിത്തല; അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: മലപ്പുറം ഡി.സി.സി പ്രസിഡന്‍റും നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാർഥിയുമായിരുന്ന വി.വി പ്രകാശിന്‍റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഗാധമായ ദുഃഖം രേഖപ്പെടുത്തി. സഹോദരനെ നഷ്ടപ്പെട്ടതിന്‍റെ വേദനയാണ് താൻ ഇപ്പോൾ അനുഭവിക്കുന്നത്. നിലമ്പൂരിൽ യു.ഡി.എഫിനു വൻ വിജയം ഉണ്ടാകുമെന്ന ആത്മവിശ്വാസം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ആ ജനകീയ അംഗീകാരം ഏറ്റുവാങ്ങാതെ അദ്ദേഹത്തിനു വിട പറയേണ്ടി വന്നു എന്നത് വളരെ ദുഃഖകരമാണ്. ഒരു സഹപ്രവർത്തകൻ എന്നതിനേക്കാൾ സ്നേഹ സമ്പന്നനായ ഒരു സഹോദരനെയാണ് പ്രകാശിന്‍റെ നിര്യാണത്തിലൂടെ തനിക്ക് നഷ്ടപ്പെട്ടിരിക്കുന്നത് എന്നും രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു.
എല്ലാ ജനവിഭാഗങ്ങളെയും സമന്വയിപ്പിച്ച് കൊണ്ടു പോകുന്നതിലും സാമുദായിക സൗഹൃദവും സമതുലിതാവസ്ഥയും നിലനിര്‍ത്തുന്നതിലും വി.വി പ്രകാശ് വഹിച്ച പങ്ക് എടുത്തു പറയേണ്ടതാണെന്ന് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അനുസ്മരിച്ചു. സൗമ്യതയായിരുന്നു അദ്ദേഹത്തിന്‍റെ മുഖമുദ്ര. ലാളിത്യത്തിന്‍റെയും സൗമ്യതയുടെയും പ്രതീകമായിരുന്നു. പ്രകാശിന്‍റെ വിയോഗം കുടുംബത്തിനും കോണ്‍ഗ്രസിനും യു.ഡി.എഫിനും ഉണ്ടാക്കിയിരിക്കുന്ന നഷ്ടം വലുതാണ്. അതിനേക്കാൾ വലിയ നഷ്ടമാണ് സമൂഹത്തിന് ഉണ്ടായിരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വളരെ അപ്രതീക്ഷിതമായ സന്ദര്‍ഭത്തിലാണ് പ്രകാശിന്‍റെ വിയോഗമെന്ന് കെ.പി.എ. മജീദ് പറഞ്ഞു. മലപ്പുറം ജില്ലയിലെ യു.ഡി.എഫിന്‍റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തിയതിലും ഐക്യപ്പെടുത്തിയതിലും ഒറ്റക്കെട്ടായി മുന്നോട്ടു പോകുന്നതിലും നേതൃപരമായ പങ്കുവഹിച്ചയാളാണ് പ്രകാശ് എന്നും മജീദ് അനുസ്മരിച്ചു.
എല്ലാവരുമായി വ്യക്തിബന്ധം സൂക്ഷിക്കുകയും കറകളഞ്ഞ ഗാന്ധിയനുമായിരുന്നു വി.വി. പ്രകാശെന്ന് കോഴിക്കോട് ഡി.സി.സി അധ്യക്ഷൻ ടി. സിദ്ദീഖ് ഓർമിച്ചു. കഴിഞ്ഞ ദിവസം സംസാരിച്ചപ്പോഴും ഇനി നിയമസഭയിൽ കാണാമെന്ന് പറഞ്ഞാണ് ഫോൺ സംസാരം അവസാനിപ്പിച്ചത്. അദ്ദേഹത്തിന് അനുശോചനം പറയേണ്ടി വരുമെന്ന് കരുതിയതല്ലെന്നും സിദ്ദീഖ് പറഞ്ഞു.
വി.വി. പ്രകാശിന്‍റെ വിയോഗം വിശ്വസിക്കാനാവില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ എം.എൽ.എ പറഞ്ഞു. ഒരു പരിപാടിക്ക് വിളിച്ചാല്‍ ബസ് കയറി വരുന്ന പ്രകാശേട്ടൻ യൂത്ത് കോൺഗ്രസുകാർക്കെല്ലാം മാതൃകയാണ്. കഴിഞ്ഞ ദിവസം സഹപ്രവർത്തകരുമായി സംസാരിച്ചപ്പോഴും നിലമ്പൂരിൽ യു.ഡി.എഫ് വിജയം ഉറപ്പിച്ചതാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
വി.വി. പ്രകാശിന്‍റെ നിര്യാണത്തിൽ കേരള കോൺഗ്രസ് എം. ചെയർമാൻ ജോസ് കെ മാണി അനുശോചിച്ചു. സമാദരണീയനായ നേതാവിന്‍റെ അപ്രതീക്ഷിത വിയോഗം പ്രവർത്തകർക്ക് താങ്ങാനാവുന്നതിനപ്പുറമാണെന്ന് ജോസ് കെ. മാണി പറഞ്ഞു.
വി.വി പ്രകാശിന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി.
നഷ്ടമായത് ആത്മബന്ധമുണ്ടായിരുന്ന സഹപ്രവർത്തകനെയെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അനുശോചിച്ചു.
രാഷ്ട്രീയ പ്രവർത്തകർക്ക് മാതൃകയാണ് വി.വി പ്രകാശ് എന്ന് കെ.പി.സി.സി മുൻ അധ്യക്ഷൻ വി.എം. സുധീരൻ അനുശോചിച്ചു.
ജനമനസ് തൊട്ടറിഞ്ഞ നേതാവിനെയാണ് നഷ്ടമായതെന്ന് കെ. സുധാകരൻ എം.പി അനുശോചിച്ചു.
വി.വി പ്രകാശിന്‍റെ വിയോഗം കോൺഗ്രസിന് കനത്ത നഷ്ടമെന്ന് കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത് അനുശോചിച്ചു.
സൗമ്യനായ നേതാവിനെയാണ് നഷ്ടമായതെന്ന് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അനുശോചിച്ചു.
സ്വാർഥ താൽപര്യമില്ലാത്ത നേതാവെന്ന് ഇ.ടി. മുഹമ്മദ് ബഷീർ അനുശോചിച്ചു.
കോൺഗ്രസ്-മുസ് ലിം ലീഗ് ബന്ധം ഊഷ്മളമാക്കിയ നേതാവെന്ന് പി.കെ. ബഷീർ എം.എൽ.എ അനുശോചിച്ചു.
യു.ഡി.എഫിന് കനത്ത നഷ്ടമെന്ന് മുസ് ലിം ലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങൾ അനുശോചിച്ചു.
വ്യക്തിപരമായ നഷ്ടമെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവ്വറലി ശിഹാബ് തങ്ങൾ അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.