ശ്രീവത്സം: യു.ഡി.എഫിനെതിരായ ആരോപണത്തിൽ സി.ബി.ഐ അന്വേഷണം വേണം- ചെന്നിത്തല
text_fieldsതിരുവനന്തപുരം: ആദായ നികുതി വകുപ്പ് കള്ളപ്പണം പിടികൂടിയ ശ്രീവത്സം ഗ്രൂപ്പുമായി യു.ഡി.എഫിനും ഒരു മുന്‍മന്ത്രിക്കും ബന്ധമുണ്ടെന്ന് ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്ന ആരോപണം സമൂഹത്തില്‍ സൃഷ്ടിച്ച സംശയം ദൂരീകരിക്കുന്നതിന് സി.ബി.ഐയെക്കൊണ്ടോ സംസ്ഥാന സര്‍ക്കാരിന്റെ ഏതെങ്കിലും ഏജന്‍സിയെക്കൊണ്ടോ സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി.
സി.പി.ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി കഴിഞ്ഞ ദിവസം യു.ഡി.എഫിനെതിരെ പുകമറ സൃഷ്ടിക്കുന്ന തരത്തില്‍ അവ്യക്തമായ ആരോപണമാണ് ഉന്നയിച്ചത്. സി.പി.ഐയുടെ നേതാക്കള്‍ക്ക് ശ്രീവത്സം ഗ്രൂപ്പുമായുള്ള ബന്ധത്തെക്കുറിച്ച് ഉയര്‍ന്ന ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നതിനാണ് യു.ഡി.എഫിനെതിരെ ആരോപണം ഉന്നയിച്ചതെങ്കിലും അത് മാധ്യമങ്ങളില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്ന സ്ഥിതിക്ക് ഇതിന്റെ സത്യാവസ്ഥ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. യു.ഡി.എഫിലെ ഒരു മുന്‍മന്ത്രിക്ക് ശ്രീവത്സം ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന ആരോപണം ദുഷ്ടലാക്കോടെയാണ്. യു.ഡി.എഫിലെ മുന്‍മന്ത്രിമാരെയെല്ലാം സംശയത്തിന്റെ നിഴലിലാക്കി രക്ഷപ്പെടാനാണ് സി.പി.ഐയുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
ഹരിപ്പാട് മെഡിക്കല്‍ കോളേജുമായി ശ്രീവത്സം ഗ്രൂപ്പിന് ബന്ധമുണ്ടെന്ന ആരോപണവും വസ്തുതാപരമല്ല. യഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമില്ലാതെ യു.ഡി.എഫിനെ കരിതേച്ച് കാണിക്കാന്‍ കെട്ടിച്ചമച്ചുണ്ടാക്കിയതാണ് ഈ ആരോപണങ്ങള്‍. ഈ പശ്ചാത്തലത്തില്‍ പൊതുസമൂഹത്തിന് ഉണ്ടായിരിക്കുന്ന സംശയങ്ങള്‍ നീക്കാന്‍ സമഗ്ര അന്വേഷണം ആവശ്യമാണ്. അതിന് സി.ബി.ഐയോ അല്ലെങ്കില്‍ അത് പോലുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഏതെങ്കിലും ഉന്നത ഏജന്‍സിയോ അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല കത്തില്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.