തനിക്കെതിരെ ആരോപണം ഉന്നയിച്ചപ്പോൾ വിനോദിനി ഐഫോൺ ഉപയോഗിക്കുകയായിരുന്നു; സി.പി.എമ്മിനെതിരെ ചെന്നിത്തല
text_fieldsതിരുവനന്തപുരം: വിനോദിനി കോടിയേരി ഉൾപ്പെട്ട ഐഫോൺ വിവാദത്തിൽ സി.പി.എമ്മിനും കോടിയേരി ബാലകൃഷ്ണനും എതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ സി.പി.എമ്മും കോടിയേരിയും മാപ്പുപറയണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
ഐഫോൺ വിവാദം തനിക്കെതിരായ ആരോപണമായി മുമ്പ് കോടിയേരി ഉന്നയിച്ചിരുന്നു. അതേസമയം, അദ്ദേഹത്തിന്‍റെ ഭാര്യ ആ ഐഫോൺ ഉപയോഗിക്കുകയായിരുന്നുവെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുത്തിട്ട് മാധ്യമങ്ങൾ ചർച്ച ചെയ്തില്ല. നാണമുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെച്ച് പുറത്തു പോകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ഡോളർ കടത്ത് വിവാദത്തിൽ ദുരൂഹത വർധിക്കുകയാണ്. കസ്റ്റംസ് ഹൈകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്ന മൂന്ന് മന്ത്രിമാർ ആരെന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. പി. ശ്രീരാമകൃഷ്ണനെ സ്പീക്കർ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷം നോട്ടീസ് കൊണ്ടു വന്നിരുന്നു. പ്രതിപക്ഷത്തിന്‍റെ ആവശ്യം എത്ര ശരിയായിരുന്നുവെന്ന് ഇപ്പോൾ തെളിഞ്ഞെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
സ്വർണക്കടത്ത് കേസിൽ ഒരു സ്പീക്കറെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് കേരളാ നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായാണ്. ഇത് സഭക്ക് തന്നെ അന്തസുകേടാണ്. കേരള രാഷ്ട്രീയത്തിൽ ഇത്തരം എടുക്കാത്ത ചരക്കുകൾ ജനങ്ങളെ പറ്റിക്കുകയാണ്. ഇത്തരക്കാരാണ് നാടിനും ജനാധിപത്യത്തിനും രാഷ്ട്രീയ പ്രവർത്തനത്തിനും ഭാരമായി മാറുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.