ഗവർണറും മുഖ്യമന്ത്രിയും ഒന്നാകും; എൽ.ഡി.എഫിനെ വിശ്വസിച്ച് സമരത്തിനില്ലെന്ന് രമേശ് ചെന്നിത്തല
text_fieldsപത്തനംതിട്ട: എൽ.ഡി.എഫിനെ വിശ്വസിച്ച് ഗവർണർക്കെതിരായ സമരത്തിൽ കോൺഗ്രസ് പങ്കുചേരാനില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഗവർണറേക്കാൾ കൂടുതൽ എതിർക്കപ്പെടേണ്ടത് സംസ്ഥാന സർക്കാറിനെ ആണ്. അതിനാൽ സി.പി.എം സമരത്തിൽ പങ്കുചേരാനില്ല. ഇവർ എപ്പോൾ വേണമെങ്കിലും ഒന്നിക്കുമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
കേരളത്തിൽ കാവിവൽകരണത്തെ എതിർക്കുമ്പോൾ ചുവപ്പുവൽകരണം അടിച്ചേൽപിക്കാനാണ് ശ്രമിക്കുന്നത്. ഇത് രണ്ടിനെയും കോൺഗ്രസ് എതിർക്കുകയാണ്. ഗവർണറെയോ മുഖ്യമന്ത്രിയെയോ പിന്തുണക്കേണ്ട കോൺഗ്രസിനില്ല.
ജനാധിപത്യത്തിൽ കേട്ടുകേഴ്വിയില്ലാത്ത കാര്യങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. പൗരത്വ നിയമവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ഗവർണറെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു താൻ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചിരുന്നു. എന്നാൽ, ഗവർണറെ പിന്തുണച്ചതും പ്രമേയം തള്ളികളയാൻ കഠിനാധ്വാനം ചെയ്തതും പിണറായി വിജയനാണ്.
സി.പി.എം ഭരണത്തിൽ സർവകലാശാലയുടെ അക്കാദമിക് നിലവാരം ഉയർത്താനല്ല ശ്രമിക്കുന്നത്. സ്വന്തക്കാരെയും ബന്ധുക്കളെയും നിയമിക്കാൻ സാധിക്കുന്ന വി.സിമാർ ആരാണെന്ന് നോക്കുന്നു. മുഖ്യമന്ത്രിയുടെ തെറ്റായ നയങ്ങൾക്കെതിരെയാണ് പ്രതിപക്ഷം പോരാടുന്നത്.
നവകേരള സദസുമായി ബന്ധപ്പെട്ട് ഒരു തരത്തിലുമുള്ള പ്രതിഷേധം ബി.ജെ.പിയുടെ ഭാഗത്ത് നിന്നുണ്ടായില്ല എന്നത് കൗതുകകരമാണ്. യൂത്ത് കോൺഗ്രസിന്‍റെ സമരവീര്യത്തെ ഒരിക്കലും തള്ളിപ്പറയാൻ സാധിക്കില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.