‘രമേശ് ചെന്നിത്തല അറിഞ്ഞതും അറിയാത്തതും’ പുസ്തക പ്രകാശനം ഞായറാഴ്ച
text_fieldsഷാർജ: മുതിർന്ന കോൺഗ്രസ് നേതാവും കോൺഗ്രസ് പ്രവർത്തക സമിതി സ്ഥിരം ക്ഷണിതാവുമായ രമേശ് ചെന്നിത്തലയെക്കുറിച്ചുള്ള പുസ്തകം, ‘രമേശ് ചെന്നിത്തല അറിഞ്ഞതും അറിയാത്തതും’ നവംബർ അഞ്ചിന് പ്രകാശനം ചെയ്യും. ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിനോടനുബന്ധിച്ച് സെവൻ റൈറ്റേഴ്സ് ഫോറം ഹാളിൽ ഞായറാഴ്ച രാത്രി എട്ടിനാണ് ചടങ്ങ്. ഷാർജ റൂളേഴ്സ് ഓഫീസ് ചെയർമാൻ ഷെയ്ഖ് സാലം അബ്ദുറഹ്‌മാൻ സാലം അൽ ഖാസിമിയാണ് പ്രകാശനം നിർവഹിക്കുന്നത്.
ഒരു മലയാളിയുടെ പുസ്തക പ്രകാശനത്തിന് ഷാർജ രാജകുടുംബാംഗം പങ്കെടുക്കുന്ന അത്യപൂർവതയും ഈ ചടങ്ങിനുണ്ട്. മെയ്ത്രാ ഹോസ്പിറ്റൽസ് ചെയർമാൻ ഫൈസൽ കുട്ടിക്കോളൻ ആദ്യപ്രതി ഏറ്റുവാങ്ങും. ലുലു ഗ്രൂപ്പ് ഫിനാൻഷ്യൽ ഹോൾഡിഡിങ്സ് മാനേജിങ് ഡയറക്റ്റർ അദീപ്.എം. അഹമ്മദ് മുഖ്യ പ്രഭാഷണം നടത്തും.
യുഡിഎഫ് കൺവീനർ എം.എം. ഹസൻ, ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, എലൈറ്റ് ഗ്രൂപ്പ് ചെയർമാൻ ആർ. ഹരികുമാർ അമ്പലപ്പുഴ, ദുബായ് സിൽവർ ഹോം റിയൽ എസ്റ്റേറ്റ് മാനേജിംഗ് ഡയറക്റ്റർ വി.ടി. സലീം, ഇൻകാസ് പ്രസിഡന്റ് മഹാദേവൻ വാഴശേരി തുടങ്ങിയവർ പങ്കെടുക്കും.
മുതിർന്ന മാധ്യമ പ്രവർത്തകനും വീക്ഷണം ഓൺലൈൻ ഡെപ്യൂട്ടി എഡിറ്ററുമായ സി.പി. രാജശേഖരൻ എഴുതിയ രമേശ് ചെന്നിത്തല അറിഞ്ഞതും അറിയാത്തതും എന്ന ജീവചരിത്രം മാതൃഭൂമി ബുക്സ് ആണ് പ്രസിദ്ധീകരിക്കുന്നത്.
കേരളത്തിലെയും ഇന്ത്യയിലെയും സമകാലീന രാഷ്‌ട്രീയത്തിന്റെ നേതൃനിരയിലുള്ള രമേശ് ചെന്നിത്തലയുടെ ആറു പതിറ്റാണ്ട് നീളുന്ന പൊതു പ്രവർത്തനങ്ങളുടെയും വ്യക്തി ജീവിതത്തിലെയും ചില ഏടുകളാണ് പുസ്തകത്തിൽ വിശദമാക്കുന്നത്. കേരള രാഷ്‌ട്രീയത്തെ പിടിച്ചുലച്ച നിരവധി സംഭവങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളും അതിനു രമേശ് ചെന്നിത്തലയുടെ വിശദീകരണങ്ങളും ഈ പുസ്തകത്തിന്റെ പ്രത്യേകതയാണ്. രാഷ്‌ട്രീയത്തിൽ താൻ അഭിമുഖീകരിച്ച നിരവധി വെല്ലുവിളികളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളും ചെന്നിത്തല നടത്തുന്നുണ്ട്.
38 വർഷമായി മാധ്യമ രംഗത്ത് സജീവമായ നേതൃത്വം നൽകുന്ന മുതിർന്ന മാധ്യമ പ്രവർത്തകൻ സി.പി. രാജശേഖരന് ഈ ചടങ്ങിൽ ഇൻകാസ് യുഎഇ ഘടകം സമഗ്ര സംഭാനകൾക്കുള്ള മാധ്യമ പുരസ്കാരം നൽകി ആദരിക്കുമെന്ന് പ്രസിഡന്റ് മഹാദേവൻ വാഴശേരി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.