മറിയക്കുട്ടിയെയും അന്നയെയും കാണാൻ രമേശ് ചെന്നിത്തല എത്തി
text_fieldsഅടിമാലി: ക്ഷേമപെൻഷൻ ലഭിക്കാത്തതിന്‍റെ പേരിൽ തെരുവിൽ ഭിക്ഷാടനം നടത്തിയ മറിയക്കുട്ടിയുടെയും അന്നയുടെയും അടിമാലിയിലെ വീടുകളിലെത്തി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഞായറാഴ്ച ഉച്ചയോടെയാണ് ഇരു വീടുകളിലും ചെന്നിത്തല എത്തിയത്. ഗാന്ധിഗ്രാം ചാരിറ്റബ്ൾ സൊസൈറ്റിയുടെ ഫണ്ടിൽനിന്ന് 1600 രൂപ വീതം രമേശ് ചെന്നിത്തല രണ്ടു പേർക്കും പെൻഷനായി നൽകി.
സർക്കാറിന്‍റെ പെൻഷൻ ലഭിക്കുന്നതുവരെ എല്ലാമാസവും ഈ തുക സൊസൈറ്റി ഫണ്ടിൽനിന്ന് അമ്മമാർക്ക് നൽകുമെന്നും ചെന്നിത്തല പറഞ്ഞു. വയോധികരായ അമ്മമാരുടെ ഭിക്ഷാടനം കരളലിയിക്കുന്ന സംഭവമാണ്. ഇവർക്ക് പെൻഷനല്ലാതെ മറ്റൊരു ജീവിതമാർഗമില്ല. ഇവർ ജീവിക്കാൻ ഭിക്ഷാടനത്തിന് തെരുവിൽ ഇറങ്ങേണ്ടിവന്നത് നവകേരളത്തിന് അപമാനമാണ്. സർക്കാർ ഇവരോട് മാപ്പുപറയണമെന്നും ചെന്നിത്തല പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സർക്കാർ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പ്രചാരണമാണ് നവകേരള സദസ്സ്. ഈ പോക്കാണ് പോകുന്നതെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിനുശേഷം മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്ഥാനം മ്യൂസിയത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡി.സി.സി പ്രസിഡന്‍റ് സി.പി. മാത്യു, ഫ്രാൻസിസ് ജോർജ്, ഇ.എം. ആഗസ്തി, ബാബു കുര്യാക്കോസ്, സി.എസ്. നാസർ, സോളി ജീസസ്, ജോൺസി ഐസക് എന്നിവരും ഒപ്പം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.