വൈദ്യുതി മന്ത്രിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് രമേശ് ചെന്നിത്തല
text_fieldsതിരുവനന്തപുരം: കേരള വൈദ്യുതി ബോര്‍ഡ് ഒപ്പുവെച്ച ദീര്‍ഘകാല കരാറുകള്‍ റദ്ദാക്കിയതിനു പിന്നിലുള്ള അഴിമതിയെക്കുറിച്ച് വൈദ്യുതി മന്ത്രി പരസ്യ സംവാദത്തിന് തയാറുണ്ടോ എന്ന് കോണ്‍ഗ്രസ് വര്‍ക്ക്ങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. അദാനി ഗ്രൂപ്പിനെ കേരളത്തിന്റെ വൈദ്യുതി വിതരണ രംഗത്തേക്കു കൊണ്ടുവരുന്നതിന്റെ ആദ്യപടിയായി 2021 ല്‍ കെ.എസ്.ഇ.ബി അദാനി ഗ്രൂപ്പിന് ലെറ്റര്‍ ഓഫ് അവാര്‍ഡ് നല്‍കിയിരുന്നു.
അതിന്റെ ചുവടുപിടിച്ചാണ് കേരളത്തിന് വെറും 4.29 രൂപക്ക് വൈദ്യുതി നല്‍കാനുള്ള ദീര്‍ഘകാല കരാറുകള്‍ റദ്ദാക്കാനുള്ള നീക്കം പടിപടിയായി ആരംഭിച്ചതും അദാനിയില്‍ നിന്നു വന്‍തുകക്ക് വൈദ്യുതി വാങ്ങുന്നതിനുള്ള ഹ്രസ്വകാല കരാര്‍ ഒപ്പിട്ടതും. ഈ വിഷയം 2021 ല്‍ ഉയര്‍ത്തിയപ്പോള്‍ പ്രതിപക്ഷനേതാവ് ഇല്ലാകാര്യങ്ങള്‍ പറയുന്നു എന്നല്ലേ മുഖ്യമന്ത്രി അടക്കമുള്ളവര്‍ എടുത്ത നിലപാട്?
വില കുറഞ്ഞ വൈദ്യുതി വാങ്ങാനുള്ള കരാറില്‍ ക്രമക്കേടുണ്ടെന്നു വരുത്തിത്തീര്‍ക്കാന്‍ ഈ സര്‍ക്കാരിന്റെ കാലത്ത് സംഘടിതമായ ശ്രമങ്ങളാണ് നടന്നത്. അതേത്തുടര്‍ന്നാണ് അത് റദ്ദാക്കിയത്. കരാറില്‍ ക്രമക്കേടുണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ട് ഒന്നാം പിണറായി സര്‍ക്കാരിന്റ കാലത്ത് ഈ കരാര്‍ റദ്ദാക്കിയില്ല? എന്തുകൊണ്ട് ഈ കരാറിനു ചുക്കാന്‍ പിടിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ല തുടങ്ങിയ ചോദ്യങ്ങള്‍ക്കു ഉത്തരം പറയേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്.
സര്‍ക്കാരിന്റെ ഈ ദുരൂഹമായ 'ചങ്ങാത്ത കോര്‍പറേറ്റ് 'നടപടികളിലൂടെ കേരളത്തിന്റെ വൈദ്യുതിബോര്‍ഡിനുണ്ടായ 3000 കോടിയുടെ നഷ്ടത്തിന്റെ ഉത്തരവാദിത്തം ആരാണ് ഏറ്റെടുക്കുക എന്ന കാര്യത്തിലും കേരളാ സര്‍ക്കാര്‍ ജനങ്ങളോട് മറുപടി പറയണം. 2003 വൈദ്യുത ആക്ട് സെഷന്‍ 108 പ്രകാരം സര്‍ക്കാരിനുണ്ടായിരുന്ന നയപരമായ അധികാരം കളഞ്ഞു കുളിച്ചതിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കും.
ദീര്‍ഘകാല കരാര്‍ റദ്ദാക്കിയതിന്റെ പിന്നിലെ അഴിമതികളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിനോ സിബിഐ അന്വേഷണത്തിനോ സര്‍ക്കാര്‍ തയ്യാരുണ്ടോ... ഈ വിഷയത്തില്‍ പരസ്യസംവാദത്തിന് കേരളത്തിലെ വൈദ്യുതി മന്ത്രിയെ വെല്ലുവിളിക്കുകയാണ് - ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.