അഹമ്മദ് പട്ടേലിന്‍റെ വിയോഗം കോൺഗ്രസിനും മതേതര പ്രസ്ഥാനങ്ങൾക്കും കനത്ത നഷ്ടം -ചെന്നിത്തല
text_fieldsതിരുവനന്തപുരം: അഹമ്മദ് പട്ടേലിന്‍റെ വിയോഗം കോൺഗ്രസിനും മതേതര പ്രസ്ഥാനങ്ങൾക്കും വ്യക്തിപരമായി തനിക്കും കനത്ത നഷ്ടമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഹമ്മദ് പട്ടേൽ ഇനിയില്ല എന്ന വാർത്ത ഇപ്പോഴും ഉൾകൊള്ളാൻ കഴിയുന്നില്ല. മൂന്ന് പതിറ്റാണ്ടിലേറെയായി സഹോദരതുല്യ ബന്ധമാണ് അദ്ദേഹവുമായി ഉണ്ടായിരുന്നതെന്നും ചെന്നിത്തല അറിയിച്ചു.
വ്യക്തിപരമായി ഏറെ അടുപ്പമുള്ള കോൺഗ്രസ് നേതാവായിരുന്നു പട്ടേൽ. എം.പിയെന്ന നിലയിലും സംഘടന പ്രവർത്തനത്തിലും ഏറെ അടുത്തിടപഴകി. ഡൽഹി മദർ തെരേസ ക്രസന്‍റ് റോഡിലെ അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് ഏത് നിമിഷവും കടന്നുചെല്ലാൻ കഴിയുമായിരുന്നു.
ഒരു വലിയ പാഠപുസ്തകം കൂടിയായിരുന്നു അഹമ്മദ് പട്ടേൽ. എല്ലാ പ്രശ്നങ്ങൾക്കും ചെവി കൊടുക്കുകയും വലിപ്പ ചെറുപ്പമില്ലാതെ ഇടപെടുകയും ചെയ്തിരുന്ന ഈ നേതാവ് എന്നും പിന്നണിയിൽ നിൽക്കാനാണ് ആഗ്രഹിച്ചത്. ജി.കെ. മൂപ്പനാരുടെ സെക്രട്ടറിയായിരുന്ന അദ്ദേഹം ഇക്കാര്യത്തിൽ മൂപ്പനാരുടെ അതേ പാതയാണ് പിന്തുടർന്നത്. സ്റ്റേജിൽ കയറി ഇരിക്കാൻ ആഗ്രഹിക്കാതെ, കാര്യങ്ങൾ മികച്ച രീതിയിൽ സംഘടിപ്പിച്ചു വിജയിപ്പിക്കുന്നതിലായിരുന്നു അദ്ദേഹത്തിന്‍റെ ശ്രദ്ധ. വ്യത്യസ്ത അഭിപ്രായമുള്ളവരേയും ഒരുമിച്ചു കൊണ്ടുപോകാനുള്ള അദ്ദേഹത്തിന്‍റെ കഴിവ് എന്നും ഓർമിക്കപ്പെടും.
മിക്കവാറും അദ്ദേഹത്തിന്‍റെ ഫോൺ വിളികൾ എത്തിയിരുന്നത് രാത്രി 12 മണിക്കായിരുന്നു. ദീർഘനേരം സംഘടനാ കാര്യങ്ങൾ സംസാരിക്കുകയും ചെയ്തിരുന്നു. ഞങ്ങളുടെ കുടുംബങ്ങൾ തമ്മിലും അത്രയേറെ അടുപ്പമുണ്ടായിരുന്നു. കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്കുചേരുന്നതായും രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.