വാളയാർ കേസിലെ ഒന്നാംപ്രതി സർക്കാർ, കേസ് സി.ബി.ഐ അന്വേഷിക്കണം -ചെന്നിത്തല
text_fieldsതിരുവനന്തപുരം: വാളയാർ കേസിലെ പ്രതികളെ ശിക്ഷിക്കാൻ സർക്കാറിന് യാതൊരു താൽപര്യവുമില്ലായിരുന്നെന്നും തെളിവുകള്‍ ഹാജരാക്കാനോ, വിചാരണ കാര്യക്ഷമമായി നടത്താനോ കഴിയാത്തത് ഇതിന്‍റെ തെളിവാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പെണ്‍കുട്ടികളുടെ കൊലപാതകത്തിലെ ഒന്നാം പ്രതി സര്‍ക്കാറും മുഖ്യമന്ത്രിയുമാണ്. ഗുരുതരമായ വീഴ്ചകള്‍ വരുത്തിയ സംസ്ഥാന പൊലീസ് തന്നെ വീണ്ടും ഈ കേസ് അന്വേഷിക്കുന്നത് ശരിയല്ല. കുട്ടികളുടെ മാതാപിതാക്കളുടെ അഭിപ്രായം കൂടി മാനിച്ച് കേസ് സി.ബി.ഐക്ക് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തിലെ പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി വിധി റദ്ദാക്കിയ ഹൈകോടതി നടപടിയെ സ്വാഗതം ചെയ്യുന്നു. അന്വേഷണത്തില്‍ പൊലീസിന്‍റെയും കേസ് നടത്തിപ്പില്‍ പ്രോസിക്യൂഷന്‍റെയും ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് ഈ കേസ് അട്ടിമറിക്കപ്പെടാനും, പ്രതികള്‍ രക്ഷപെടാനും കാരണമെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണം ഹൈകോടതി ശരിവെച്ചിരിക്കുകയാണ്.
കേസ് അന്വേഷണത്തില്‍ പൊലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ച ഹൈകോടതി അതിനിശിതമായാണ് വിമര്‍ശിച്ചിരിക്കുന്നത്. സംസ്ഥാന പൊലീസ് സേനക്ക് തന്നെ നാണക്കേടാണ് ഈ വിമര്‍ശനം. സി.പി.എം പ്രാദേശിക നേതൃത്വവുമായി പ്രതികള്‍ക്കുള്ള അടുത്ത ബന്ധമാണ് കേസ് അട്ടിമറിക്കപ്പെടാന്‍ കാരണം. കേസന്വേഷണത്തില്‍ തുടക്കത്തിലേ തന്നെ പാളിച്ചകള്‍ ഉണ്ടായെന്നും അന്വേഷണത്തോട് അവജ്ഞ തോന്നുന്നുമെന്നുള്ള കോടതിയുടെ നിരീക്ഷണം അതീവ ഗൗരവതരമാണ്. ജില്ല ശിശുക്ഷേമ സമതിയുടെ ചെയര്‍മാന്‍ കോടതിയില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായതും വൻ വീഴ്ചയായിരുന്നു.
കേസ് അട്ടിമറിക്കപ്പെടില്ലന്ന് മുഖ്യമന്ത്രി നിയമസഭയില്‍ ഉറപ്പ് നല്‍കിയതാണ്. എന്നിട്ടും പ്രതികള്‍ ശിക്ഷിക്കപ്പെടുന്ന രീതീയില്‍ തെളിവുകള്‍ ഹാജരാക്കാനോ, വിചാരണ കാര്യക്ഷമമായി നടത്താനോ കഴിഞ്ഞില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.