Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദുരിതാശ്വാസ...

ദുരിതാശ്വാസ വിതരണത്തിന് ഭോപ്പാൽ മാതൃകയിൽ പ്രത്യേക ട്രൈബ്യൂണൽ വേണം -പ്രതിപക്ഷം

text_fields
bookmark_border
ദുരിതാശ്വാസ വിതരണത്തിന് ഭോപ്പാൽ മാതൃകയിൽ പ്രത്യേക ട്രൈബ്യൂണൽ വേണം -പ്രതിപക്ഷം
cancel

തിരുവനന്തപുരം: പ്രളയ ദുരന്തത്തിൽ സംസ്ഥാന സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന നിലപാട് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യയിലെ നിരവധി വിദഗ്ധർ ഡാം മാനേജ്മെന്‍റിൽ വീഴ്ചപറ്റിയെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതുകൊണ്ടാണ് അന്വേഷണം ആവശ്യപ്പെടുന്നതെന്നും ചെന്നിത്തല നിയമസഭയിൽ ചൂണ്ടിക്കാട്ടി.

ദുരിതാശ്വാസ വിതരണത്തിന് ഭോപ്പാൽ ദുരന്ത ട്രൈബ്യൂണൽ മാതൃകയിൽ പ്രത്യേക ട്രൈബ്യൂണൽ സർക്കാർ രൂപീകരിക്കണം. കർഷക കടം എഴുതിത്തള്ളണം. ക്യാമ്പിൽ കഴിഞ്ഞവർക്ക് മാത്രമല്ല, ബന്ധു വീടുകളിൽ കഴിഞ്ഞവർക്കും ധനസഹായം നൽകണം. കേന്ദ്രത്തോട് സംസ്ഥാനത്തിനായി പ്രത്യേക പാക്കേജ് തേടണം. സർവകക്ഷിസംഘം പോയി സമ്മർദ്ദം ചെലുത്തണം. യു.എ.ഇയിൽ നിന്ന് സഹായം വാങ്ങിക്കണം. ലോകബാങ്ക്, എ.ഡി.ബി ബാങ്ക് സഹായം വാങ്ങിയാൽ കരിഓയിൽ ഒഴിക്കാൻ ഞങ്ങൾ വരില്ല. പ്രമേയം ഒറ്റക്കെട്ടായി തന്നെ പാസാക്കാമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 

പുനർനിർമാണത്തിന് സർക്കാറിന്‍റെ ഒരടി മുന്നിൽ പ്രതിപക്ഷമുണ്ടാകും. പക്ഷെ, ദുരന്തം ആവർത്തിക്കാതിരിക്കാൻ തെറ്റ് ചൂണ്ടിക്കാട്ടേണ്ടെയെന്നും ചെന്നിത്തല ചോദിച്ചു. മഴക്കെടുതിയുടെ സമയത്ത് എറണാകുളത്തിന്‍റെ ചുമതലയുണ്ടായിരുന്ന മന്ത്രി രവീന്ദ്രനാഥിനെ കണ്ടില്ല. ദുരന്ത സമയത്ത് മന്ത്രി കെ. രാജു ജർമനിക്ക് പോയത് മുഖ്യമന്ത്രി അറിഞ്ഞില്ലെന്നും ചെന്നിത്തല പറഞ്ഞു.

റവന്യൂ വകുപ്പിന് ഒരു കൂട്ടുത്തരവാദിത്തവും ഉണ്ടായില്ല. എം.എൽ.എമാരെ വിവരങ്ങൾ അറിയിച്ചില്ല. സന്നദ്ധ സംഘങ്ങളും രാഷ്ട്രീയ പാർട്ടികളുമാണ് ക്യാമ്പുകൾ നടത്തിയത്. രക്ഷാപ്രവർത്തനവും ദുരിതാശ്വാസവും ജനങ്ങളുടെ വിജയമാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി ആവശ്യപ്പെടും മുൻപ് തന്നെ ഒരു മാസത്തെ ശമ്പളം നൽകി. മുഖ്യമന്ത്രിക്ക് പണം നൽകരുതെന്ന കാമ്പയിനെതിരെ താൻ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. കേന്ദ്രത്തിൽ നിന്ന് അർഹമായത് വാങ്ങിയെടുക്കണം. കേരളം ഒറ്റക്കെട്ടാണെന്ന സന്ദേശമാണ് നൽകിയത്. ദുരന്തത്തിൽ രാഷ്ട്രീയമില്ലെന്നും സർക്കാറിനൊപ്പമായിരുന്നു പ്രതിപക്ഷമെന്നും ചെന്നിത്തല പറഞ്ഞു. 

അഞ്ച് ദിവസം കാത്തിരുന്ന ശേഷമാണ് സർക്കാർ സൈന്യത്തെ വിളിച്ചത്. മുഖ്യമന്ത്രിയെ മാറ്റി പട്ടാളത്തിന് ഭരണം നൽകാനല്ല പറഞ്ഞത്. ദുരിതാശ്വാസ പ്രവർത്തനത്തിന് മത്സ്യത്തൊഴിലാളികൾ സ്വയം ഇറങ്ങിയതാണ്. ഭരണകൂടമാണ് പ്രളയം സൃഷ്ടിച്ചത്. ഇതൊരു ഡാം ദുരന്തമാണ്. അർധരാത്രി ജനങ്ങളുടെ ഇടയിലേക്ക് വെള്ളം ഇരച്ചു കയറ്റിയതിന് ആരാണുത്തരവാദിയെന്നും ചെന്നിത്തല ചോദിച്ചു. 

1924ലെ മഴയെക്കാൾ കുറവാണ് ഇത്തവണ പെയ്തത്. അന്ന് 17 ദിവസം തുടർച്ചയായി കനത്ത മഴ പെയ്തു. പ്രതിപക്ഷം ഡാമിന് എതിരല്ലെന്നും അതിലെ മാനേജ്മെന്‍റ് വീഴ്ചയാണ് ചൂണ്ടിക്കാട്ടിയതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ഏതെങ്കിലും ജില്ലയിൽ ഇടുക്കിയിൽ സ്വീകരിച്ച പോലെ മുൻകരുതൽ എടുത്തിരുന്നോയെന്ന് അദ്ദേഹം ചോദിച്ചു. ജൂലൈ 29ന് ഇടുക്കി സന്ദർശിച്ചപ്പോൾ ഡാം തുറക്കണമെന്നാണ് പറഞ്ഞത്. എന്നാൽ, ഇക്കാര്യം ജനങ്ങൾ അറിഞ്ഞില്ലെന്നും ചെന്നിത്തല ആരോപിച്ചു. 

പമ്പയിൽ നിന്നുള്ള വെള്ളമാണ് മണിമലയാറിലും അച്ചൻകോവിലാറിലും ജലനിരപ്പ് ഉയർത്തിയത്. റെഡ് അലർഡ്, ഒാറഞ്ച് അലർട്ട് എന്നൊക്കെ പറഞ്ഞാൽ സാധാരണ ജനങ്ങൾക്ക് അറിയില്ല. ജലവിഭവ വകുപ്പിന്‍റേത് വൻവീഴ്ചയാണ്. ദുരന്തമുണ്ടാക്കിയ ശേഷം സർക്കാർ രക്ഷകവേഷം കെട്ടുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalakerala newskerala assemblykerala floodspecial sessionmalayalam news
News Summary - Ramesh Chennithala Kerala Assembly special Session -Kerala News
Next Story