നീലക്കുറിഞ്ഞി ഉദ്യാനം: എം.എം.മണിയെ ഉൾപ്പെടുത്തിയത് കള്ളനെ താക്കോൽ ഏൽപ്പിക്കുന്നതു പോലെ -ചെന്നിത്തല
text_fieldsകോട്ടയം: നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറക്കുന്നതിലൂടെ പൊതുസ്വത്ത് കയ്യേറാൻ സർക്കാർ അനുമതി നല്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊട്ടക്കാമ്പൂരിലേക്കു പഠനം നടത്തുന്നതിനായുള്ള റവന്യു- വനം ഉദ്യോഗസ്ഥ സംഘത്തിൽ മന്ത്രി എം.എം.മണിയെ ഉൾപ്പെടുത്തിയത് കള്ളനെ താക്കോൽ ഏൽപ്പിക്കുന്നതു പോലെയാണെന്നും ചെന്നിത്തല പരിഹസിച്ചു. യു.ഡി.എഫിന്റെ പടയൊരുക്കം പ്രചാരണജാഥയുടെ ഭാഗമായി ആലപ്പുഴയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ചെന്നിത്തല ഇക്കാര്യം പറഞ്ഞത്.
3200 ഹെക്ടറാണ് വി.എസ് അച്യുതാനന്ദൻ സർക്കാറിന്റെ കാലത്ത് കുറിഞ്ഞി ഉദ്യാനമായി പ്രഖ്യാപിച്ചത്. വിഷയത്തിൽ വി.എസിന്റെ നിലപാട് അറിയാൻ താത്പര്യമുണ്ട്. വി.എസിനോട് വിരോധമുണ്ടെന്നു കരുതി നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറക്കുന്ന മുഖ്യമന്ത്രിയുടെ നടപടി അങ്ങേയറ്റം അപഹാസ്യമാണ്. ഈ തീരുമാനം ജോയ്സ് ജോർജ് എം.പിയെ സഹായിക്കാനാണ്. ജനങ്ങൾക്ക് സഹായം നൽകേണ്ട സർക്കാർ കൈയേറ്റക്കാർക്കാണ് സഹായം നൽകുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
ഈ കൊള്ള യു.ഡി.എഫ് അനുവദിക്കില്ല. യു.ഡി.എഫ് ഇടുക്കി ജില്ലാക്കമ്മറ്റി ചേർന്ന് ഇതിനെതിരെ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ചർച്ച ചെയ്യും.എ.കെ ശശീന്ദ്രനെ മന്ത്രിസഭയിലേക്ക് എടുക്കുന്നതിൽ നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തു നൽകിയതായും അദ്ദേഹം പറഞ്ഞു
ഇടുക്കി ജില്ലയിൽ നീലക്കുറിഞ്ഞി ഉദ്യാനം സ്ഥാപിക്കുന്നതിന് 2006-ൽ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചതുമൂലം ജനങ്ങൾക്കുണ്ടായ ആശങ്ക ഒഴിവാക്കുന്നതിനും പ്രയാസങ്ങൾ പരിഹരിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.