പുതിയ ചിന്തകളും ദിശാബോധവും പകര്‍ന്ന് നല്‍കിയ രണ്ടുപേര്‍
text_fieldsഏതെങ്കിലും ഒരു ദിനത്തില്‍ മാത്രമോര്‍ക്കേണ്ടവരല്ല മാതാപിതാക്കള്‍ എന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. അവര്‍ ജീവിതത്തിലെ നിത്യപ്രചോദനവും, നിത്യ പ്രകാശവുമാണ്. നമ്മളെ ഒറ്റക്ക് നടക്കാന്‍ പഠിപ്പിക്കുന്നത് അവരാണ്. ജീവിതത്തിൻെറ സ്വഭാവം തന്നെ സങ്കീര്‍ണ്ണതയാണ്. എത്രയേറെ അനായസവും എളുപ്പവുമെന്ന് നമ്മള്‍ കരുതുന്നവ പോലും കാലക്രമത്തില്‍ അതീവ സങ്കീര്‍ണ്ണമായ സമസ്യയായി നമ്മുടെ മുമ്പില്‍ നില്‍ക്കും.
ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഉണ്ടായിരിക്കൊണ്ടിരിക്കുക ജീവിതത്തിൻെറ ഒരു സവിശേഷതയാണ്. ജീവിതം ചോദിക്കുന്ന എല്ലാ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും ഒരു മനുഷ്യായുസില്‍ നമുക്ക് സാധിച്ചുവെന്ന് വരില്ല. എന്നാല്‍ ആ ചോദ്യങ്ങളെനേരിടാന്‍ അല്ലങ്കില്‍ അവയെ മനസിലാക്കാന്‍ നമ്മള്‍ പഠിച്ചു തുടങ്ങുന്നത് നമ്മുടെ കുടംബത്തില്‍ നിന്നും മാതാപിതാക്കളില്‍ നിന്നുമാണ്. അധ്യാപകനായ അഛനിലൂടെയാണ് ഞാന്‍ ലോകത്തെ ആദ്യമായി മനസിലാക്കിത്തുടങ്ങിയത്.
എന്നെ പുസ്തകങ്ങളില്‍ക്കിടയിലേക്ക് പറിച്ച് നട്ടത് അഛനായിരുന്നു. വീട്ടില്‍ ഉള്ള പുസ്തകങ്ങളില്‍ തല പൂഴ്തിയിരുന്ന എന്നെ അച്ഛന് കലാപോഷിണി വായനശാലയിലേക്ക്് കൊണ്ടു പോയി, എന്നിട്ട് പറഞ്ഞു ' ഒന്നുകില്‍ നീ ഇവിടെ ലോകത്തെ കാണും, ഇല്ലങ്കില്‍ നീ നിന്നെത്തന്നെ കണ്ടെത്തും, മൂന്നാമതൊരു കാരണം നീയായിട്ട് ഉണ്ടാക്കരുത്' . മൂന്നാമതൊരു കാരണം ഞാനായിട്ട് ഉണ്ടാക്കിയില്ല. ഞാന്‍ ലോകത്തെ കണ്ടതും എന്നെ കണ്ടെത്തിയതും അക്ഷരങ്ങളിലൂടെയായിരുന്നു. അതിന് കാരണക്കാരനായത് ചെന്നിത്തല മഹാത്മ സ്‌കൂളിലെ അധ്യാപകനായിരുന്ന രാമകൃഷ്ണന്‍ നായര്‍ എന്ന എൻെറ അഛനാണ്. ഇന്നും എത്ര തിരക്കുകള്‍ക്കിടയിലും ഒരു പുസ്തകം കിട്ടിയാല്‍ അത് വായിച്ച് തീര്‍ക്കാതെ എനിക്ക് ഇരിക്കപ്പൊറുതിയുണ്ടാകില്ല.
ഒരു വ്യക്തിയെന്ന രീതിയില്‍ എൻെറ സ്വഭാവ രൂപീകരണത്തില്‍ അച്ഛനും അമ്മയും വഹിച്ച പങ്ക് നീസീമമാണ്. നന്നായി പഠിക്കുമായിരുന്നത് കൊണ്ട് ഞാന്‍ ഡോക്ടര് ആകും എന്ന് അച്ഛന് ആഗ്രഹിച്ചു.എന്നാല്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് തന്നെ പൊതു പ്രവര്‍ത്തനത്തില്‍ എനിക്ക് വളരെയധികം താല്‍പര്യമുണ്ടായിരുന്നു. അത് കൊണ്ട് തന്നെ ഇക്കാര്യത്തില്‍ അച്ഛന് എന്നോട് അല്‍പ്പം നീരസവുമുണ്ടായിരുന്നു. എന്നാല്‍ ഞങ്ങള്‍ക്കിടയിലെ മഞ്ഞുരുക്കാറുണ്ടായിരുന്നത് പലപ്പോഴും പുസ്തകങ്ങളായിരുന്നു.
സ്‌കുളില്‍ വച്ച് തന്നെ ഞാന്‍ കെ എസ് യു വിൻെറ സജീവ പ്രവര്‍ത്തകനായി. ഇത് അച്ഛന് വലിയ താല്‍പര്യമില്ലാത്തതായിരുന്നു. എൻെറ പഠിത്തത്തെ ബാധിക്കുമോ എന്ന ഭയമായിരുന്നു അച്ഛന്. കോളജിലെത്തിയപ്പോള്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തനം മൂലം പലപ്പോഴും അര്‍ധരാത്രിയാണ് വീട്ടിലെത്താറുണ്ടായിരുന്നത്. ദേഷ്യപ്പെട്ട് അച്ഛന് വാതില്‍ തുറന്ന് കൊടുക്കരുതെന്ന് അമ്മയോട് പറയും,എന്നാല്‍ അമ്മയാകട്ടെ എത്ര വൈകിയാലും ഭക്ഷണവുമായി എന്നെ കാത്തിരിപ്പുണ്ടാകും.
പിന്നിലെ വാതിലിലൂടെ വന്ന് അകത്ത് കയറി ഞാന്‍ ഭക്ഷണം കഴിക്കും. എപ്പോഴും എൻെറ കൂടെ രണ്ടോ മൂന്നോ കൂട്ടുകാരുണ്ടാകും, അവര്‍ക്കുള്ള ഭക്ഷണവും അമ്മ കരുതിയിട്ടുണ്ടാകും. പുസ്തകങ്ങളെ സ്‌നേഹിക്കാന്‍ പഠിപ്പിച്ചത് അച്ഛനാണെങ്കില്‍ പൊതു പ്രവര്‍ത്തനത്തെ ഇഷ്ടപ്പെടാനും അതില്‍ ആണ്ടുമുങ്ങാനും പ്രചോദനം നല്‍കിയത് അമ്മയാണ്. അങ്ങിനെ ഇവര്‍ രണ്ട് പേരും എന്റെ ജീവിതത്തിനു പുതിയ ദിശാബോധം നല്‍കി. പുതിയ വഴികളിലൂടെ നടക്കാനും, പുതിയ കാര്യങ്ങള്‍ അറിയാനും പുതിയ ചിന്തകള്‍ക്ക് ചിറകുകള്‍ നല്‍കാനും എനിക്ക് പ്രേരണ നല്‍കിയത് അവരാണ്.
പൊതു പ്രവര്‍ത്തകൻെറ ജീവിതം ജനങ്ങള്‍ക്കിടയിലാണ്. അവരില്‍ നിന്ന് മാറി നില്‍ക്കുക എന്നാല്‍ രാഷ്ട്രീയക്കാരനെ സംബന്ധിച്ചിടത്തോളം വെളളത്തില്‍ നിന്ന് മല്‍സ്യത്തെ കരക്കിടുക എന്നത് പോലെയാണ്. വളരെ ചെറുപ്പത്തില്‍ തുടങ്ങിയ പൊതു പ്രവര്‍ത്തനത്തില്‍ നിരവധി ഉത്തരവാദിത്വങ്ങള്‍ വഹിച്ചു. എം.എല്‍.എയും എം.പിയും മന്ത്രിയുമായി. കെ.പി.സി.സി അധ്യക്ഷനും എ.ഐ.സി.സി ഭാരവാഹിയുമായി.
എന്നും എപ്പോഴും ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുക എന്നത് തന്നെയാണ് എൻെറ ജീവിതാദര്‍ശം. അത് ഞാന്‍ രൂപപ്പെടുത്തിയെടുത്തത് അച്ഛന് പകര്‍ന്ന് നല്‍കിയ അക്ഷരങ്ങളുടെ കരുത്തിലൂടെയും അമ്മ പകര്‍ന്ന് നല്‍കിയ പിന്തുണയുടെ തണലിലുമായിരുന്നു. എന്നിലെ രാഷ്ട്രീയക്കാരനെയും പൊതു പ്രവര്‍ത്തകനെയും രൂപപ്പെടുത്തിയെടുത്ത് ഇവര്‍ രണ്ടു പേരുമാണ്. പുസ്തകങ്ങളിലൂടെ ലോകത്തെ അറിയാന്അച്ഛനും ഉറങ്ങാതെ കാത്തിരുന്ന് ഭക്ഷണം വിളമ്പി തന്ന് , മുന്നോട്ട് പോകാന്‍ പ്രോല്‍സഹിപ്പിച്ച് അമ്മയും..
ഇന്ന് നമ്മുടെ നാട് ഒരു മഹാമാരിയെ നേരിട്ട് കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് ഇത്തവണത്തെ രക്ഷകര്‍തൃദിനം കടന്ന് വരുന്നത്. നമ്മൾ ഒരുമിച്ച് നിന്ന് ഒരേ മനസോടെ കോവിഡ് 19 ന്റെ വ്യാപനം സൃഷ്ടിച്ച ഈ പ്രതിസന്ധിയെ മറികടക്കാന്‍ യത്‌നിക്കണം. പ്രായം ചെന്നവര്‍, വൃദ്ധരായവര്‍ ഇവരൊക്കെ വളരെ പെട്ടെന്ന് തന്നെ രോഗവ്യാപനത്തിന് വിധേയമാകാം എന്നാണ് മെഡിക്കല്‍ വിദഗ്ധര്‍ പറയുന്നത്. അത് കൊണ്ട് അവരെ സംരക്ഷണത്തിന് അതീവ ശ്രദ്ധാലുക്കളാകേണ്ട സമയം കൂടിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.