സമസ്ത വേദിയിൽ പാണക്കാട് കുടുംബത്തെ പുകഴ്ത്തി ചെന്നിത്തല; ‘എല്ലാ മതങ്ങളെയും ഒന്നിപ്പിക്കുന്നതാണ് തങ്ങളുമാരുടെ പാരമ്പര്യം’
text_fieldsമലപ്പുറം: സമസ്തയുടെ വേദിയിൽ പാണക്കാട് കുടുംബത്തെ പുകഴ്ത്തി കോൺഗ്രസ് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. എല്ലാ മതങ്ങളെയും ഒന്നിപ്പിക്കുന്നതാണ് പാണക്കാട് തങ്ങളുമാരുടെ പാരമ്പര്യമെന്ന് ചെന്നിത്തല പറഞ്ഞു. മുസ്ലിം ലീഗുമായി ഒരു കാലത്തും അകൽച്ചയുണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമസ്ത വാർഷിക സമ്മേളനത്തോട് അനുബന്ധിച്ച് പട്ടിക്കാട് ജാമിഅ നൂരിയ കോളജിൽ സംഘടിപ്പിച്ച ഗരീബ് നവാസ് പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയതാണ് ചെന്നിത്തല.
സമുദായ സംഘടനകളുമായുള്ള കോൺഗ്രസിന്‍റെ ബന്ധം ശക്തിപ്പെടുത്തുക എന്നത് പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ തന്‍റെ കടമയാണെന്ന് ചെന്നിത്തല മാധ്യമങ്ങളോട് വ്യക്തമാക്കി. തന്നെ ഒരു വിഭാഗത്തിന്‍റെ ആളായി ചിലർ ചിത്രീകരിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നുള്ള തന്‍റെ മാറ്റം കോൺഗ്രസ് ഹൈക്കമാൻഡിന്‍റെ തീരുമാനമായിരുന്നു. അക്കാര്യം ആശയവിനിമയം ചെയ്യുന്നതിൽ ചില പ്രശ്നങ്ങൾ ഉണ്ടായെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
അതിനിടെ, സമസ്തയുടെ പരിപാടിയില്‍ പങ്കെടുക്കുന്നത് ചര്‍ച്ചയാക്കേണ്ടതില്ലെന്ന് കോഴിക്കോട് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ചെന്നിത്തല പറഞ്ഞിരുന്നു. എല്ലാ മത-സാമുദായിക സംഘടനകളുമായും കോണ്‍ഗ്രസിനു നല്ല ബന്ധമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ജമാഅത്തെ ഇസ്ലാമി ആസ്ഥാനത്തു പോയ ആളാണ് മുഖ്യമന്ത്രി പിണറായി വിജയന്. ജമാഅത്തെ ഇസ്ലാമി വര്‍ഗീയ സംഘടനയാണോയെന്ന് സര്‍ട്ടിഫിക്കറ്റ് കൊടുക്കേണ്ട ആളല്ല താനെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.
അതേസമയം, സമസ്ത പരിപാടിയിൽ രമേശ് ചെന്നിത്തല നടത്തിയ പ്രസംഗത്തെ കുറിച്ച് പാണക്കാട് സാദിഖലി തങ്ങൾ ഫേസ്ബുക്കിൽ കുറിച്ചു. വിയോജിപ്പുകളിലും യോജിച്ച് ഫാഷിസത്തെ എതിര്‍ക്കണമെന്നും എല്ലാ കാലത്തേക്കും ഏകാധിപത്യ ഭരണകൂടം വാഴില്ലെന്നുമാണ് ചെന്നിത്തല പറഞ്ഞതെന്ന് സാദിഖലി തങ്ങൾ പോസ്റ്റിൽ വ്യക്തമാക്കി. രാഷ്ട്രത്തിന്‍റെ ആധാരശിലകളെ സംരക്ഷിക്കാന്‍ ഒന്നിച്ച് പോരാടാമെന്നും തങ്ങൾ കൂട്ടിച്ചേർത്തു.
സാദിഖലി തങ്ങൾ ഫേസ്ബുക്ക് പോസ്റ്റ്:
പട്ടിക്കാട് ജാമിഅ സമ്മേളനത്തിന്റെ നാലാം ദിവസമായ ഇന്നത്തെ മുഖ്യാതിഥി ശ്രീ രമേശ് ചെന്നിത്തലയായിരുന്നു. മഗ്‌രിബ് നിസ്‌കാരത്തിന് ശേഷം നടന്ന ഗരീബ് നവാസ് ഉദ്ഘാടനം അദ്ദേഹമായിരുന്നു. മുമ്പും പല തവണ ജാമിഅയിലെത്തിയ അദ്ദേഹം തന്റെ അനുഭവങ്ങള്‍ വിവരിച്ചു. ഇന്നും അത്തരത്തിലൊരു സ്‌നേഹ വിരുന്നൊരുക്കി ഫൈസാബാദ്.
ശേഷം അദ്ദേഹം നടത്തിയ പ്രസംഗം സമകാലിക രാഷ്ട്രീയ കാലാവസ്ഥയെ വരച്ചുകാട്ടുന്നതും, ഭാവി ഇന്ത്യയെ കുറിച്ചുള്ള പ്രതീക്ഷയുമെല്ലാമടങ്ങിയതയിരുന്നു. വിവിധ മത കേന്ദ്രങ്ങളും ആരാധനാലയങ്ങളും സന്ദര്‍ശിച്ചതിന്റെയും അനുഭവങ്ങളും അദ്ദേഹത്തിന് പറയാനുണ്ടായിരുന്നു.
വിയോജിപ്പുകളിലും യോജിച്ച് ഫാസിസത്തെ എതിര്‍ക്കണമെന്നും എല്ലാകാലത്തേക്കും ഏകാധിപത്യ ഭരണകൂടം വാഴില്ലെന്നുമാണ് അദ്ദേഹം പറഞ്ഞവസാനിപ്പിച്ചത്. ആ വാക്കുകള്‍ ഏറ്റെടുത്ത് യോജിക്കാവുന്നിടങ്ങളില്‍ യോജിച്ച്, രാഷ്ട്രത്തിന്റെ ആധാര ശിലകളെ സംരക്ഷിക്കാന്‍ നമുക്കൊന്നിച്ച് പോരാടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.