സ്ത്രീകളെ അധിക്ഷേപിക്കൽ ഇടതു നേതാക്കൾക്ക് ഫാഷനായി -ചെന്നിത്തല
text_fieldsതിരുവനന്തപുരം: സ്ത്രീകളെ അധിക്ഷേപിച്ച് സംസാരിക്കൽ ഇടതു നേതാക്കൾക്ക് ഫാഷനായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിമാർ സമനില തെറ്റിയതുപോലെ സംസാരിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി. മന്ത്രി ജി. സുധാകരൻ അരൂരിലെ യു.ഡി.എഫ് സ്ഥാനാർഥി ഷാനിമോളെ ഉദ്ദേശിച്ച് ‘പൂതന’ പ്രയോഗം നടത്തിയതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അരൂരിൽ സി.പി.എമ്മിന് പരാജയ ഭീതിയാണ്. സ്ഥാനാർഥിയുടെ മനോവീര്യം തകർക്കാൻ ശ്രമിക്കുകയാണ്. ഇതൊന്നും അരൂരിൽ ചെലവാകാൻ പോകുന്നില്ല. കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിനെക്കാൾ മെച്ചപ്പെട്ട ഭൂരിപക്ഷത്തോടെ ഷാനിമോൾ ഉസ്മാൻ ജയിക്കും എന്ന് കണ്ടിട്ടാണ് വിലകുറഞ്ഞ നടപടികളുമായി ഇടതുപക്ഷത്തിന് ഹാലിളകിയിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
കിഫ്ബി, പവർ ഗ്രിഡ് അടക്കം പ്രതിപക്ഷം ഉന്നയിച്ച അഴിമതികളൊന്നും അന്വേഷിക്കാൻ സർക്കാർ തയാറാവാത്തതിനാൽ ഗവർണറെ സമീപിക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ചേർത്തല തൈക്കാട്ടുശ്ശേരിയിൽ കുടുംബയോഗത്തിനിടെയാണ് മന്ത്രി ജി. സുധാകരൻ വിവാദ പരമാർശം നടത്തിയത്. മന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കേസെടുക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.