മദ്യശാലകൾ തുറക്കുന്നത് ബാറുടമകള്‍ക്ക് നൽകിയ വാഗ്ദാനം നിറവേറ്റാൻ -ചെന്നിത്തല
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് പൂട്ടിയ മദ്യശാലകൾ തുറക്കുന്നത് വഴി യു.ഡി.എഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബാറുടമകള്‍ക്ക് നല്‍കിയ വാഗ്ദാനം എൽ.ഡി.എഫ് നിറവേറ്റി കൊടുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുപ്രീംകോടതി വിധി ഇതിന് സൗകര്യമായി ഉപയോഗിക്കുന്നു. മുൻ മന്ത്രി കെ.എം. മാണിക്കെതിരെ കേസ് നടത്തിയാല്‍ എൽ.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ പൂട്ടികിടക്കുന്ന ബാറുകൾ തുറന്നു തരാമെന്ന് സി.പി.എം നേതാക്കള്‍ ഉറപ്പു നല്‍കിയതായി ബാറുടമ ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു. ഈ വാഗ്ദാനം നിറവേറ്റുകയാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
പട്ടണ സ്വഭാവമുള്ള പഞ്ചായത്തുകളിലും ദൂരപരിധിയില്‍ നിന്ന് ഇളവു നല്‍കാമെന്ന് സുപ്രീംകോടതി വിധി ദുരുപയോഗം ചെയ്യുകയാണ് സര്‍ക്കാര്‍. ജനസംഖ്യ 10,000 കടന്നാല്‍ നഗരസ്വഭാവമാകുമെന്ന് വിലയിരുത്താമെന്നാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ്. ഇതോടെ കേരളത്തിലെ കുഗ്രാമങ്ങളിൽ പോലും ദൂരപരിധി നോക്കാതെ മദ്യശാലകള്‍ തുറക്കാമെന്ന അവസ്ഥയാണുള്ളത്. സംസ്ഥാനത്ത് ഏത് പഞ്ചായത്തിലും പതിനായിരത്തിന് മുകളില്‍ ജനസംഖ്യയുണ്ടാവുമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
ഘട്ടം ഘട്ടമായാണ് സര്‍ക്കാര്‍ കേരളത്തെ മദ്യാലയമാക്കി മാറ്റുന്നത്. മദ്യശാലകള്‍ തുറക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വേണമെന്ന നിബന്ധന സര്‍ക്കാര്‍ നേരത്തെ തന്നെ എടുത്തു കളഞ്ഞിരുന്നു. കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാനുള്ള സര്‍ക്കാര്‍ നീക്കത്തെ ശക്തമായി ചെറുക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.