ലോകായുക്തയെ നിയമിച്ചത് പിണറായി; മറുപടി പറയണമെന്ന് ചെന്നിത്തല
text_fieldsതിരുവനന്തപുരം: ലോകായുക്തക്കെതിരായ മുൻ മന്ത്രി കെ.ടി ജലീലിന്‍റെ ആരോപണത്തിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ലോകായുക്തയെ നിയമിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിയാണ് താൻ കൂടി അംഗമായ സമിതിയിൽ നിലവിലെ ലോകായുക്തയുടെ പേര് നിർദേശിച്ചത്. ജലീലിന്‍റെ ആക്ഷേപത്തിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ലോകായുക്തക്കെതിരെ രൂക്ഷവിമർശനമാണ് മുൻ മന്ത്രി കെ.ടി ജലീൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ നടത്തിയത്. തക്കതായ പ്രതിഫലം നൽകിയാൽ ലോകായുക്ത എന്തും ചെയ്യുമെന്ന് ജലീൽ ആരോപിച്ചു. യു.ഡി.എഫ് നേതാവിനെ പ്രമാദമായ ഒരു കേസിൽ നിന്ന് രക്ഷപ്പെടുത്താൻ സ്വന്തം സഹോദര ഭാര്യക്ക് എം.ജി സർവകലാശാല വി.സി പദവി വിലപേശി വാങ്ങിയെന്നും ജലീൽ പറഞ്ഞു.
കേരളത്തിലെ ഇടതുപക്ഷ സർക്കറിനെ അസ്ഥിരപ്പെടുത്താനാണ് യു.ഡി.എഫ് നേതാക്കളുടെ പടപ്പുറപ്പാട്. ഇന്ത്യയിൽ ഒരിടത്തുമില്ലാത്ത നിയമം കേരളത്തിൽ മാത്രം വേണമെന്ന വാശിക്ക് പുല്ലുവില പോലും ജനങ്ങൾ കൽപ്പിക്കില്ലെന്നും ജലീൽ പോസ്റ്റിൽ വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം:
മഹാത്മ ഗാന്ധിയുടെ കൈയ്യിൽ വിശ്വസിച്ച് കൊടുത്ത ആയുധം ഗോദ്സെയുടെ കൈയ്യിൽ കിട്ടിയാൽ സംഭവിക്കുന്ന ദുരന്തമാണ് ലോകായുക്ത നിയമവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്നത്. യു.ഡി.എഫ് നേതാവിനെ പ്രമാദമായ ഒരു കേസിൽ നിന്ന് രക്ഷപ്പെടുത്താൻ സ്വന്തം സഹോദര ഭാര്യക്ക് മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ പദവി വിലപേശി വാങ്ങിയ ഏമാൻ, തക്ക പ്രതിഫലം കിട്ടിയാൽ എന്ത് കടുംകയ്യും ആർക്കുവേണ്ടിയും ചെയ്യും.
മൂന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾ അരിച്ച് പെറുക്കി നോക്കിയിട്ടും ഒരു നയാപൈസയുടെ ക്രമക്കേടോ അവിഹിത സമ്പാദ്യമോ കണ്ടെത്താൻ കഴിയാതെ പത്തി മടക്കി പിൻവാങ്ങിയപ്പോഴാണ് പിണറായി സർക്കാറിനെ പിന്നിൽ നിന്ന് കുത്താൻ യു.ഡി.എഫ് പുതിയ ''കത്തി'' കണ്ടെത്തിയത്. കേന്ദ്ര മനുഷ്യാവകാശ കമീഷനായി കോൺഗ്രസ് നിർദ്ദേശിച്ച "മാന്യനെ" ഇപ്പോൾ ഇരിക്കുന്ന പദവിയിൽ പന്തീരാണ്ടുകാലം കുടിയിരുത്തി കേരളത്തിലെ ഇടതുപക്ഷ സർക്കറിനെ അസ്ഥിരപ്പെടുത്താനാണ് യു.ഡി.എഫ് നേതാക്കളുടെ പടപ്പുറപ്പാട്. ഇന്ത്യയിൽ ഒരിടത്തുമില്ലാത്ത നിയമം കേരളത്തിൽ മാത്രം വേണമെന്ന വാശിക്ക് പുല്ലുവില പോലും ജനങ്ങൾ കൽപ്പിക്കില്ല.
2005 ജനുവരി 25ന് പുറത്ത് വന്ന പ്രമാദ കേസിലെ വിധിയുടെ കോപ്പിയും 2004 നവംബർ 14ന് വൈസ് ചാൻസലർ പദവി സഹോദര ഭാര്യ ഏറ്റതിന്‍റെ രേഖയുമെല്ലാം നാട്ടിലെ മുറുക്കാൻ കടകളിൽ പോലും കിട്ടും. "ജാഗരൂഗരായ" കേരളത്തിലെ മാധ്യമങ്ങൾ എല്ലാം കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ്. മാധ്യമ മുതലാളിമാരുടെ ആ ഒട്ടകപ്പക്ഷി നയം കൊണ്ടാന്നും ആരും രക്ഷപ്പെടാൻ പോകുന്നില്ല. "പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ'' എന്നല്ലേ പ്രമാണം. അതിനു ഞാൻ നിമിത്തമായി എന്നു മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.