സാദിഖലി തങ്ങളെ മതനിരപേക്ഷത പഠിപ്പിക്കാന്‍ പിണറായി വരേണ്ട -രമേശ് ചെന്നിത്തല
text_fieldsതിരുവനന്തപുരം: പാണക്കാട് തങ്ങള്‍ കുടുംബത്തിന്റെ മതനിരപേക്ഷ സ്വഭാവത്തിന് പിണറായി വിജയന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല. ബാബറി മസ്ജിദ് തകര്‍ന്ന കാലത്ത് ഇന്ത്യയിലങ്ങോളമിങ്ങോളം കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ കേരളം കത്താതെ നിന്നത് പാണക്കാട് കുടുംബത്തിന്റെ ഇടപെടലും മുസ്‍ലിം ലീഗിന്റെ നിലപാടും കൊണ്ടാണ്. ആ കുടുംബത്തില്‍പെട്ട ഒരാളിനെ മതനിരപേക്ഷത പഠിപ്പിക്കാന്‍ പിണറായി ഇറങ്ങിപ്പുറപ്പെടേണ്ടതില്ല. സാദിഖലി തങ്ങള്‍ പാണക്കാട് കുടുംബത്തിന്റെയും ലീഗിന്റെയും മതനിരപേക്ഷ നിലപാടുകള്‍ മുറുക്കിപ്പിടിക്കുന്നയാളാണെന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാമെന്നും ചെന്നിത്തല പറഞ്ഞു.
സംഘ്പരിവാര്‍ പാളയത്തില്‍ നിന്നു പുറത്തു കടന്നു മതനിരപേക്ഷ ചേരിയിലെത്തിയ സന്ദീപ് വാര്യരെ പാണക്കാട് സ്വീകരിച്ചതാണ് പിണറായിയെ ചൊടിപ്പിച്ചിരിക്കുന്നത്. വാര്യര്‍ക്കായി ചുവപ്പു പരവതാനി വിരിച്ചു കാത്തിരുന്നിട്ടും ലഭിക്കാത്ത കൊതിക്കെറുവാണ്. കിട്ടാത്ത മുന്തിരി പുളിക്കും എന്ന രീതിയില്‍ മാത്രമേ പിണറായിയുടെ ഈ രോഷത്തെ കാണുന്നുള്ളൂ. മതനിരപേക്ഷ ചേരിയിലേക്ക് ആള്‍ക്കാര്‍ എത്തുമ്പോള്‍ രണ്ട് കൈയുംനീട്ടി സ്വീകരിക്കുന്ന മഹത്തായ പാരമ്പര്യമാണ് പാണക്കാട് കുടുംബം കാട്ടിയിരിക്കുന്നത്. സ്വന്തം സഖ്യകക്ഷിയായ ബി.ജെ.പിയില്‍ നിന്നു നേതാക്കളും അണികളും കൊഴിഞ്ഞു പോകുന്നത് പിണറായിയെ വിറളി പിടിപ്പിച്ചിരിക്കുകയാണ്.
ജമാഅത്തെ ഇസ്‍ലാമിയുമായി ഒളിഞ്ഞും തെളിഞ്ഞും ഒരുമിച്ചു പ്രവര്‍ത്തിച്ച പാരമ്പര്യമാണ് പിണറായി വിജയന്. കേരളത്തില്‍ സാമുദായിക ധ്രവീകരണം ഉണ്ടാക്കുന്ന എല്ലാ സംഘടനകളെയും പ്രോത്സാഹിപ്പിച്ച ചരിത്രമാണ് പിണറായി സെക്രട്ടറിയായത് മുതല്‍ സി.പി.എമ്മിനുള്ളത്. ഇപ്പോള്‍ തൃശൂരില്‍ ബി.ജെ.പിയെ വിജയിപ്പിച്ചതിലും പാലക്കാട് ബി.ജെ.പിക്ക് സഹായകമായ നിലപാടുകള്‍ എടുക്കുന്നതിലും എത്തിനില്‍ക്കുന്നു അത്. കേരളത്തെ വര്‍ഗീയമായി വിഭജിച്ചാലേ തങ്ങള്‍ക്കു നിലനില്‍പുള്ളൂ എന്ന അവസ്ഥയിലേക്ക് സി.പി.എം അധഃപതിക്കുന്നത് സങ്കടകരമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.