യുവതിയുടെ മരണം: കേരള മനഃസാക്ഷിയെ വേദനിപ്പിക്കുന്നത് -ചെന്നിത്തല
text_fieldsകൊല്ലം: ഭർതൃഗൃഹത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിന്‍റെ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്ത അതിക്രൂരമായ സംഭവമാണെന്ന് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
'സാറേ നാളെ ഒരച്ഛനും ഈ ഗതിവരരുതെന്നാണ്' വിസ്മയയുടെ അച്ഛന്‍ തന്നോട് പറഞ്ഞത്. ആ വാക്ക് കേട്ടപ്പോള്‍ മനസ് വേദനിച്ചു. സംസ്ഥാനത്ത് ഇത്തരത്തിൽ ഒരു സംഭവം ഉണ്ടാകാൻ പാടില്ല. ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണം. കേസിൽ കാര്യക്ഷമമായ അന്വേഷണം വേണമെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്നും ചെന്നിത്തല പറഞ്ഞു.
സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും നിരുത്സാഹപ്പെടുത്തണം. നിയമം കൊണ്ട് മാത്രം ഇത്തരം ആചാരങ്ങള്‍ ഇല്ലാതാവില്ല. സ്ത്രീധനം കൊടുക്കാതിരിക്കുകയും വാങ്ങാതിരിക്കുകയും ചെയ്താല്‍ മാത്രമേ ഈ സമ്പ്രദായം അവസാനിക്കുകയുള്ളൂവെന്നും ചെന്നിത്തല വ്യക്തമാക്കി.
ഭര്‍തൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയുടെ വീട് ചെന്നിത്തല സന്ദർശിച്ചു. വിസ്മയയുടെ മാതാപിതാക്കളോടും സഹോദരനോടും വിവരങ്ങൾ ആരാഞ്ഞ അദ്ദേഹം അവരെ സമാധാനിപ്പിച്ചു.
തിങ്കളാഴ്ച പുലർച്ച മൂന്നോടെയാണ് സി.പി.ഐ കൈതോട് ബ്രാഞ്ച് സെക്രട്ടറി ത്രിവിക്രമന്‍നായരുടെയും സരിതയുടെയും മകൾ വിസ്മയയെ (24) ശാസ്താംകോട്ട പോരുവഴിയില്‍ ഭര്‍തൃഗൃഹത്തിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവും മോട്ടോർ വാഹനവകുപ്പ് എ.എം.വി.ഐയുമായ കിരണിനെ അറസ്റ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.