ആരും രാഷ്ട്രീയം പറയരുതെന്ന് മുഖ്യമന്ത്രി പറയുന്നു; ഇത് ചൈനീസ് മോഡലാണോ ? -ചെന്നിത്തല
text_fieldsതിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിലെ അഴിമതിയാരോപണത്തിൽ മടിച്ചാണ് സർക്കാർ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിജിലൻസ് അന്വേഷണത്തിൽ സത്യം പുറത്തുവരില്ല. മുമ്പ് നിരവധി തവണ ആവശ്യപ്പെട്ടിട്ടും തരാതിരുന്ന ലൈഫ് മിഷൻ കരാറിന്‍റെ ധാരാണാപത്രത്തിന്‍റെ പകർപ്പ് ബുധനാഴ്ചയാണ് ലഭിച്ചത്. ലൈഫ് മിഷൻ ടാസ്ക് ഫോഴ്സിൽ നിന്ന് രാജിവെച്ചതിന് ശേഷമാണ് തനിക്ക് രേഖകൾ നൽകിയത്. ഫ്ലാറ്റ് പദ്ധതിയിലെ അഴിമതി സിബിഐ അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
അഴിമതിയെ പറ്റി ചോദിക്കുന്നവർക്കൊക്കെ പ്രത്യേക മാനസിക നിലയാണെന്ന് മുഖ്യമന്ത്രി പറയുന്നു. താനൊഴിച്ച് മറ്റുള്ളവരുടെയെല്ലാം മാനസികനില തെറ്റിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. നാട്ടിൽ നല്ലതു നടക്കരുത് എന്നല്ല നാട്ടിൽ അഴിമതി നടക്കരുതെന്നാണ് താൻ ആഗ്രഹിക്കുന്നത്. വാഗ്ദാനങ്ങൾ പാലിക്കാത്തതിനാലാണ് ലോക കേരള സഭയിൽ നിന്നും രാജിവെക്കാൻ കാരണമെന്നും ചെന്നിത്തല വ്യക്തമാക്കി.
ആരും രാഷ്ട്രീയം പറയരുതെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും ഇത് ചൈനീസ് മോഡൽ ആണോയന്നും ചെന്നിത്തല ചോദിച്ചു. മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന്‍റെ ചോദ്യം ചെയ്യലിൽ സർക്കാറിന്‍റെ നെഞ്ചിടിപ്പ് കൂടുകയാണെന്നും ചെന്നിത്തല പറഞ്ഞു.
സ്പ്രിംഗ്ലർ കരാർ എന്തുകൊണ്ട് അവസാനിപ്പിക്കുന്നു, ഇതുവരെ സ്പ്രിംഗ്ലർ സോഫ്റ്റ് വെയർ എന്തിനെല്ലാം ഉപയോഗിച്ചു, കരാറിലൂടെ എന്ത് ലാഭം സർക്കാറിന് ഉണ്ടായി തുടങ്ങിയ കാര്യങ്ങൾ മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.