‘പ്രസാഡിയോ കമ്പനി ആരുടേത്, രാം ജിത്ത് ആരാണ്?’; എ.ഐ കാമറയല്ല സ്ഥാപിച്ചതെന്ന് ചെന്നിത്തല
text_fieldsതിരുവനന്തപുരം: എ.ഐ കാമറ പദ്ധതി കൃത്യമായ ആസൂത്രണത്തോടെ സർക്കാറിന്‍റെയും മന്ത്രിസഭയുടെയും ആഭിമുഖ്യത്തിൽ നടപ്പാക്കിയ കേരളം കണ്ട വലിയ കൊള്ളയും അഴിമതികളിലൊന്നുമാണെന്ന് രമേശ് ചെന്നിത്തല. ഇതിന്‍റെ ഉത്തരവാദിത്തത്തിൽനിന്ന് മന്ത്രിസഭക്ക് ഒഴിഞ്ഞുമാറാനാകില്ല. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ച അന്വേഷണം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്നും ചവറ്റുകൊട്ടയിലെറിയുകയാണെന്നും ചെന്നിത്തല വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ജുഡീഷ്യൽ അന്വേഷണമാണ് യു.ഡി.എഫ് ആവശ്യപ്പെടുന്നത്. അതിന് സർക്കാർ തയാറുണ്ടോ. ഏതെങ്കിലും ബലിയാടിനെ സൃഷ്ടിച്ച് തട്ടിപ്പ് തേച്ചുമാച്ച് കളയാനാണ് ശ്രമിക്കുന്നത്. സര്‍ക്കാറിന്റെ ഉന്നതതലത്തില്‍നിന്നുള്ള നിർദേശമനുസരിച്ചാണ് എല്ലാം നടന്നിരിക്കുന്നത്. 232 കോടി രൂപ നല്‍കാമെന്ന് സർക്കാർ പറഞ്ഞ പദ്ധതി കെല്‍ട്രോണ്‍ 151 കോടി രൂപക്ക് എസ്.ആർ.ഐ.ടിയെ ചുമതലപ്പെടുത്തി. എസ്.ആർ.ഐ.ടി ഇത് പ്രസാഡിയോ, അല്‍ഹിന്ദ് എന്നീ കമ്പനികള്‍ക്ക് ഉപകരാര്‍ നല്‍കി.
അല്‍ ഹിന്ദ് പിന്മാറിയതോടെ പകരം ലൈറ്റ് മാസ്റ്റര്‍ എന്ന കമ്പനി വന്നു. കാമറ ഉള്‍പ്പെടെ ഈ പദ്ധതി നടപ്പാക്കുന്നതിന് വേണ്ടിവരുന്ന ആകെ സാധനസാമഗ്രികളുടെ വില 75,32,58,841 രൂപയാണെന്ന് രേഖകൾ പുറത്തുവിട്ടുകൊണ്ട് ചെന്നിത്തല പറഞ്ഞു. 83.6 കോടിക്ക് പദ്ധതി നടപ്പാക്കുമെന്നുമാണ് രേഖകൾ. ഇതാണ് ഇപ്പോള്‍ 232 കോടിയായി ഉയര്‍ന്നത്. ബാക്കി കോടികള്‍ ആരുടെ കീശയിലേക്കാണ് പോയതെന്ന് കണ്ടെത്തണം.
കരാറുകളിൽ ട്രോയ്സ് എന്ന കമ്പനിയുടെ ഡയറക്ടർ ജിതേഷിന്റെ റോളെന്താണെന്ന് വ്യക്തമാക്കണം. ഇദ്ദേഹം കെ- ഫോൺ പദ്ധതി നടത്തിപ്പുകാരിൽ ഒരാൾ കൂടിയാണ്. ശിവശങ്കറിന് സർക്കാറിൽ ഉണ്ടായിരുന്നതിനെക്കാൾ സ്വാധീനം ജിതേഷിനുണ്ടെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.
പ്രസാഡിയോ എന്ന കമ്പനിയെക്കുറിച്ച് അന്വേഷണം വേണം. കമ്പനിയുടെ ഉടമ രാംജിത്ത് ആരാണ്, മുഖ്യമന്ത്രിയുമായി എന്ത് ബന്ധം, എത്രതവണ ക്ലിഫ് ഹൗസ് സന്ദർശിച്ചു എന്നതടക്കമുള്ള വിവരങ്ങളെല്ലാം പുറത്തുവരണമെന്നും ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.