എം.വി ഗോവിന്ദന്റെ പ്രസ്താവന അഴിമതിയെ വെള്ളപൂശാനെന്ന് രമേശ് ചെന്നിത്തല
text_fieldsതിരുവനന്തപുരം: എ.ഐ കാമറ വിവാദത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രസ്താവന അഴിമതിയെ വെള്ളപൂശാനെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അഴിമതി പൊതുജനത്തിന് ബോധ്യമായി കഴിഞ്ഞു. അഴിമതി കൈയോടെ പിടിക്കപ്പെട്ടതിനാലാണ് മുഖ്യമന്ത്രിക്ക് ഒന്നും പറയാനില്ലാത്തത്.
ഇതുംവരെ ഒന്നും മിണ്ടാതിരുന്ന എം.വി ഗോവിന്ദന്‍ ഇപ്പോള്‍ അഴിമതിയെ വെള്ളപൂശാന്‍ രംഗത്തിറങ്ങിയിരിക്കുകയാണ്. രമേശ് ചെന്നിത്തല ഒരേ നുണ ആവര്‍ത്തിക്കുകയാണെന്നാണ് ഗോവിന്ദന്‍ പറയുന്നത്. നുണയാണെന്ന് കാടടച്ച് പറഞ്ഞ് രക്ഷപ്പെടാനാണ് ഗോവിന്ദന്‍ ശ്രമിക്കുന്നത്. അത് അപഹാസ്യമാണ്. അത് നടപ്പില്ല.
വിവരാവകാശ നിയമം ഒന്ന് മനസിരുത്തി വായിക്കണം. വിവരാവകാശ നിയമത്തെ ദൂര്‍വ്യാഖ്യാനം ചെയ്ത് അഴിമതിക്കാരെ രക്ഷപ്പെടുത്തരുത്.കോടി കണക്കിന് രൂപ അഴിമതി നടന്നിട്ടുള്ള എ.ഐ കാമറ പദ്ധതിയില്‍ പൊതുജനതാല്‍പര്യം ഇല്ലെന്നുള്ള ഗോവിന്ദന്റെ നിലപാട് അപഹാസ്യമാണ്.
രേഖകള്‍ സഹിതം വ്യക്തമായ അഴിമതി ആരോപണം പ്രതിപക്ഷം ഉന്നയിക്കുമ്പോള്‍ ഒരക്ഷരം മറുപടി പറയാതെ മിണ്ടാതിരുന്നാല്‍ ആ ആരോപണം പുകയായി പോകുമെന്നാണ് ഗോവിന്ദന്‍ കരുതുന്നതെങ്കില്‍ അദ്ദേഹം വിഡ്ഢിളുടെ ലോകത്താണ്.വെറുതെ കാടടച്ച് വെടി വെക്കാതെ അന്വേഷണം പ്രഖ്യാപിക്കാന്‍ ധൈര്യമുണ്ടോ എന്ന് ഗോവിന്ദന്‍ പറയണം. താനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും വൈകാതെ കോടതിയെ സമീപിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.