ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ഇനി കണ്ടെത്തേണ്ടത് അതിന്റെ കാരണഭൂതനെയെന്ന് രമേശ് ചെന്നിത്തല
text_fieldsതിരുവനന്തപുരം: ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ഇനി കണ്ടെത്തേണ്ടത് അതിന്റെ കാരണഭൂതനെയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പുതിയ ഹൈക്കോടതി വിധി സ്വാഗതാർഹമാണ്. ഒരു നിഷ്ഠുരമായ കൊലപാതകത്തെ സി.പി.എം എങ്ങനെ ന്യായീകരിക്കുന്നുവെന്ന് ഇന്നലെയും ഇന്നുമായി കോടതിയിലെ വാദങ്ങളിലൂടെ കണ്ടുകൊണ്ടിരുന്നതാണ്. ഏതായാലും ഇനിയും ഈ കേസിൽ കൂടുതൽ നിയമ യുദ്ധത്തിനു വഴിതെളിക്കും എന്നാണ് വിശ്വാസമെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളോട് രമേശ് ചെന്നിത്തല പറഞ്ഞു.
കെ.കെ. രമ ഇതിനു മുകളിലുളള കോടതിയിലേക്ക് പോകുമെന്ന അവരുടെ അഭിപ്രായത്തെ സ്വാഗതം ചെയ്യുന്നു. അതിനവർക്ക് പൂർണപിന്തുണ നൽകും. ഇനി ഈ കേസിൽ അറിയേണ്ടത് ഇതിന്റെ കാരണഭൂതനെപ്പറ്റിയാണ്. കാരണഭൂതൻ ആരാണ്, എന്താണ് റോൾ എന്നുള്ളതാണ് അറിയാനുള്ളത്. അത് ഏതായാലും സുപ്രീം കോടതിയിൽ കാരണഭൂതനെപ്പറ്റി വ്യക്തമായ തെളിവുകൾ വരുമെന്നാണ് വിശ്വാസം.
ഈ കൊലപാതകത്തിന്റെ ഗൂഢാലോചന അന്വേഷിക്കപ്പെടേണ്ടത് തന്നെയാണ്. അന്ന് അന്വേഷിക്കപ്പെടാതിരിക്കാൻ കാരണം അക്കാലഘട്ടത്തിലെ ഫോൺ കോളുകൾ സർവീസ് പ്രൊവൈഡേഴ്സ് നൽകാൻ വിസമ്മതിച്ചതാണ്. ഇനിയും അതിനുളള സാധ്യതകൾ തള്ളിക്കളയാനാവില്ല. സർവീസ് പ്രൊവൈഡേഴ്സാണ് ഈ കേസിലെ ഗുഢാലോചന അന്വേഷണത്തിനു തടസമായത്. ഇത്തരം ഒരു കൊലപാതകം നടന്നിട്ട് അതിനെ ഇ.പി ജയരാജൻ ന്യായീകരിച്ചത് ദൗർഭാഗ്യകരമായിപ്പോയി.
എൽ.ഡി.എഫ് കൺവീനർ എന്ന നിലയിൽ ഇ.പി ജയരാജൻ നടത്തിയ പ്രസ്താവന ഇതിലെ മുഴുവൻ പ്രതികളെയും സംരക്ഷിക്കുന്ന ഉത്തരവാദിത്തമാണ് കാണിക്കുന്നത്. ഈ കേസിൽ യഥാർഥ ഗൂഢാലോചന നടത്തിയ കുഞ്ഞനന്തനെ വരെ ഇ.പി ജയരാജൻ ന്യായീകരിക്കുന്നു. കുഞ്ഞനന്തൻ ശുദ്ധാത്മാവാണ് എന്നും അദ്ദേഹം മാടപ്രാവാണ് എന്നും പറയുന്നു. ഇത് എവിടെ ചെന്ന് നിൽക്കും നമ്മുടെ നാട്ടിൽ കോടതി ശിക്ഷിച്ച് ജയിലിൽ കിടന്ന ഇതുപോലുള്ള പ്രതികളെ ന്യായീകരിക്കുക വഴി സി.പി.എം ഈ കൊലപാതകത്തിലെ അവരുടെ പങ്ക് വ്യക്തമാക്കിയിരിക്കുകയാണ്.
ഇന്ന് ഇ.പി ജയരാജന്റെ പത്രസമ്മേളനം കേട്ട ഏതൊരാൾക്കും ഈ കൊലപാതകത്തിന്റെ പിന്നിൽ സി.പി.എം ആണെന്ന് വ്യക്തമാകും. ഇ.പി ജയരാജൻ പരസ്യമായി പറഞ്ഞ അഭിപ്രായം തന്നെയാണോ എം.വി ഗോവിന്ദനും ഉള്ളതെന്ന് അറിയാൻ താൽപര്യമുണ്ട് എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.