വിനായകനെ പിന്തുണക്കുന്നത് സാംസ്കാരിക മന്ത്രിക്ക് ചേർന്നതല്ലെന്ന് രമേശ് ചെന്നിത്തല
text_fieldsതിരുവനന്തപുരം: പൊലീസ് സ്റ്റേഷനിലെ സംഭവത്തിൽ വിനായകന്റേത് കലാപ്രവർത്തനമായി കണ്ടാൽ മതിയെന്ന് മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയെ വിമർശിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സജി ചെറിയാന്റെ പ്രസ്താവന പ്രതിഷേധാർഹമെന്ന് ചെന്നിത്തല പ്രതികരിച്ചു. ഇടത് സഹയാത്രികനായത് കൊണ്ടാണ് വിനായകനെ മന്ത്രി പിന്തുണക്കുന്നത്. സാംസ്കാരിക മന്ത്രിക്ക് ചേർന്നതല്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
പൊലീസ് സ്റ്റേഷനിലെ സംഭവത്തിൽ വിനായകന്റേത് കലാപ്രവർത്തനമായി കണ്ടാൽ മതിയെന്നാണ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ഇന്നലെ മന്ത്രി സജി ചെറിയാൻ പറഞ്ഞത്. കലാകാരന്മാർ ഇടക്ക് കലാപ്രവർത്തനം നടത്താറുള്ളത് പോലെ വിനായകന്റേത് പൊലീസ് സ്റ്റേഷനിലായിപ്പോയി എന്നേ ഉള്ളൂ. അക്കാര്യത്തിൽ പ്രത്യേകം അഭിപ്രായം പറയേണ്ടതായി ഒന്നുമില്ലെന്നും മന്ത്രി പറഞ്ഞു.
പൊലീസ് സ്റ്റേഷനിൽ മദ്യപിച്ചെത്തി അസഭ്യവർഷം നടത്തിയതിനാണ് നടൻ വിനായകനെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. കതൃക്കടവിലുള്ള ഫ്ലാറ്റിൽ നിന്ന് വിനായകൻ നോർത്ത് പൊലീസ് സ്റ്റേഷനിലേക്ക് വിളിക്കുകയും ഭാര്യയുമായുള്ള തർക്കത്തെ കുറിച്ച് പരാതിപ്പെടുകയും ചെയ്തു.
പൊലീസിന്റെ സഹായം ആവശ്യപ്പെട്ടതോടെ വനിത പൊലീസ് അടങ്ങുന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഫ്ലാറ്റ് വാങ്ങിയതിലെ സാമ്പത്തിക തർക്കങ്ങളാണ് ഇരുവരും തമ്മിലുള്ള പ്രശ്നത്തിന് വഴിവെച്ചതെന്ന് മനസ്സിലാക്കി. പൊലീസ് ഉദ്യോഗസ്ഥ മഫ്തിയിലാണ് വിനായകന്റെ വീട്ടിലെത്തിയത്. ഇതിനിടെ പൊലീസ് ഉദ്യോഗസ്ഥരോട് വിനായകൻ അസഭ്യം പറഞ്ഞെന്നും ആരോപണമുണ്ട്. തുടർന്ന് പൊലീസുകാർ തിരിച്ച് സ്റ്റേഷനിലെത്തി.
വൈകീട്ട് വിനായകൻ വീണ്ടും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് പരാതി ആവർത്തിച്ചു. ഏഴ് മണിയോടെ സ്റ്റേഷനിൽ നേരിട്ടെത്തിയ വിനായകൻ അസഭ്യവർഷം നടത്തുകയായിരുന്നു. മഫ്തിയിലെത്തിയ ഉദ്യോഗസ്ഥയാരാണെന്ന് അറിയണമെന്ന് ആവശ്യപ്പെട്ടെന്നും പൊലീസ് പറയുന്നു. ഇതിനിടെ സ്റ്റേഷനിൽവെച്ച് പുകവലിച്ച വിനായകന് പിഴയീടാക്കുകയും ചെയ്തു. ശാന്തനാക്കാൻ ശ്രമിച്ചെങ്കിലും ബഹളം തുടരുകയായിരുന്നു. ഇതോടെ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം നടപടിയെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനക്ക് എത്തിച്ചതുകണ്ട് ആളുകൾ കൂടിയതോടെ ആശുപത്രിയിലും ഇയാൾ ബഹളംവെച്ചു. ലഹരിക്കടിപ്പെട്ട് പൊതുസ്ഥലത്ത് നിയന്ത്രണമില്ലാതെ പെരുമാറിയതിനാണ് കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.