ആരോഗ്യരംഗം കുത്തഴിഞ്ഞു, സർക്കാർ നോക്കുകുത്തിയെന്ന് രമേശ് ചെന്നിത്തല
text_fieldsതിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. കേരളത്തിലെ ഏറ്റവും മികച്ചതും ബൃഹത്തുമായിരുന്ന കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികൾക്കും അവരുടെ ഉറ്റവർക്കും വിശ്വാസം നഷ്ടമായി. ഇവിടെ ഏതെങ്കിലും തരത്തിലുള്ള രോഗത്തിനു ചികിത്സ തേടിയെത്തുന്നവർ ഏതു വിധത്തിലാണ് മടങ്ങിപ്പോവുക എന്ന് ഒരു ഉറപ്പുമില്ലെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.
വയറ്റിൽ ശസ്ത്രക്രിയ നടത്തിയ യുവതിയുടെ വയറ്റിൽ കത്രിക വച്ച് തുന്നിക്കെട്ടിയ സംഭവം കോളിളക്കം സൃഷ്ടിച്ചിരുന്നു. അതേക്കുറിച്ചുള്ള കേസും പരാതിയും ഇപ്പോഴും തുടരുകയാണ്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ മറ്റൊരു യുവതിയെ ആശുപത്രി ജീവനക്കാരൻ പീഡനത്തിന് ഇരയാക്കിയെന്ന പരാതി ഞെട്ടലോടെയാണ് നമ്മൾ കേട്ടത്. കുറ്റവാളിയെ മാതൃകാപരമായി ശിക്ഷിക്കുന്നതിനു പകരം അയാൾക്കു രാഷ്ട്രീയ സംരക്ഷണം നല്കുകയാണ് ആരോഗ്യ വകുപ്പ് ചെയ്തത്.
ഇയാൾക്കെതിരേ മൊഴി നൽകിയ ഒരു സീനിയർ നഴ്സിങ് ഉദ്യോഗസ്ഥയെ അന്യായമായി സ്ഥലം മാറ്റി. അതിനെതിരേ അവർ ഹൈക്കോടതിയിൽ നിന്ന് ഉത്തരവ് വാങ്ങിയിട്ടും തിരികെ നിയമനം നല്കിയില്ല. വീണ്ടും കോടതിയലക്ഷ്യത്തിനു കേസ് നൽകിയപ്പോഴാണ് പുനർ നിയമനം നൽകിയത്. ധിക്കാരപരമായി പ്രവർത്തിക്കുന്ന സിപിഎം അനുകൂല സർവീസ് സംഘടനാ പ്രവർത്തകർക്ക് എല്ലാ സംരക്ഷണവും ലഭിക്കുന്നതു കൊണ്ടാണ് ഇത്തരം ക്രൂരതകൾ ആവർത്തിക്കുന്നത്.
സർക്കാർ ആശുപത്രിയിൽ പ്രസവത്തിനെത്തിയ യുവതിയുടെ വയറ്റിൽ അതേ യുവതിയുടെ പാവാട കൊണ്ട് മുറുക്കി കെട്ടി കോഴിക്കോട് മെഡിക്കൽ കോളജിലേക്കയച്ച സംഭവവും കൂടുതൽ പഴയതല്ല.ശ്വാസം കിട്ടാതെ ഗർഭസ്ഥ ശിശു മരിച്ചു. കഴിഞ്ഞ ദിവസം കൈക്കു പരുക്കുമായി വന്ന പിഞ്ചു കുട്ടിയുടെ നാവിനു ശസ്ത്രക്രിയ നടത്തിയ കെടുകാര്യസ്ഥതക്കുമുണ്ട് നൂറു ന്യായീകരണം. കുട്ടിയുടെ നാവിനും പ്രശ്നങ്ങളുണ്ടായിരുന്നത്രേ. എന്നാൽ കുട്ടിയോ അതിന്റെ രക്ഷാകർത്താക്കളോ നാവിനു ചികിത്സ തേടിയില്ല. പിന്നെ ഡോക്റ്റർമാർ എന്തിനു അവയവം മാറി ശസ്ത്രക്രിയ നടത്തിയെന്ന ചോദ്യത്തിന് ഇനിയും ഉത്തരം കിട്ടിയിട്ടില്ല.
ഏറ്റവുമൊടുവിൽ കാലിലിടേണ്ട കമ്പി കൈയിൽ മാറിയിട്ടെന്ന പരാതിയുമായി ഇന്ന് വേറൊരു രോഗിയും ബന്ധുക്കളും രംഗത്തെത്തി. ഇതിന്റെ നിജസ്ഥിതി പരിശോധിക്കാതെ തന്നെ രോഗിയെയും ബന്ധുക്കളെയും തള്ളിപ്പറയുകയാണ് കോഴിക്കോട് മെഡിക്കൽ കോളെജ് അധികൃതർ ചെയ്തത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഒരു ഡസണോളം ഗുരുതര ആരോപണങ്ങളാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നു മാത്രം ലഭിച്ചത്. മറ്റു മെഡിക്കൽ കോളെജുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. മതിയായ ചികിത്സ ലഭിക്കാതെയും അവഗണക്കപ്പെട്ടും പീഡനങ്ങൾ വരെ സഹിച്ചുമാണ് രോഗികൾ സർക്കാർ മെഡിക്കൽ കോളെജുകളിൽ കഴിയുന്നത്.
ഇതിനെതിരേ ചെറുവിരലനക്കാൻ പോലും സർക്കാരിനു കഴിയുന്നില്ലെന്നു മാത്രമല്ല, ഇരകളെ കൈവിട്ട് വേട്ടക്കാരനെ സംരക്ഷിക്കുന്ന കിരാതമായ നടപടികളാണ് ആരോഗ്യ വകുപ്പ് സ്വീകരിക്കുന്നത്.മഴക്കാലത്തിനു മുന്നോടിയായ വേനൽ മഴ കനത്തതോടെ സംസ്ഥാന വ്യാപകമായി പകർച്ചപ്പനിയും മറ്റ് രോഗങ്ങളും പെരുകുകയാണ്. ഇതിനെതിരേ ഒരു നടപടിയും ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടില്ല. മഴക്കാല പൂർവ ശുചീകരണ പരിപാടികൾ പോലും മുടങ്ങി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ അവശ്യ മരുന്നുകളടക്കം കടുത്ത ക്ഷാമം നേരിടുന്നു.
കേരളത്തിലെ മെഡിക്കൽ കോളെജുകളിലടക്കം നേരിടുന്ന ഗുരുതരമായ ചികിത്സാ പിഴവുകൾ സംബന്ധിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്താൻ മുഖ്യമന്ത്രി തയാറാകണം.കോവിഡ് കാലത്ത് ദിവസേന പത്രസമ്മേളനം നടത്തി കാര്യങ്ങൾ വിശദീകരിച്ച മുഖ്യമന്ത്രി, ആരോഗ്യ മേഖലയിലെ കൊടുംകൊള്ളക്കാണ് അന്നു മറ പിടിച്ചത്. കേരളത്തിലെ സർക്കാർ ആശുപത്രികൾ കെടുകാര്യസ്ഥതയുടെ പര്യായമായിട്ടും മുഖ്യമന്ത്രി മിണ്ടാതിരിക്കുന്നത് ഈ കെടുകാര്യസ്ഥതയ്ക്കു തന്റെ കൂടി മൗനസമ്മതമുണ്ടെന്നു സമ്മതിക്കുന്നതിനു തുല്യമാണെന്നും ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.