ലീഡറുടെ ഓർമ്മകൾ കോൺഗ്രസിന് കരുത്തേകുമെന്ന് രമേശ് ചെന്നിത്തല
text_fieldsതിരുവനന്തപുരം: ലീഡർ കെ. കരുണാകരൻ കേരളത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളും അദ്ദേഹം പടുത്തുയർത്തിയ സ്ഥാപനങ്ങളുമാണ് അദ്ദേഹത്തിൻ്റെ ഓർമ്മകളുടെ നിത്യ സ്മാരകങ്ങളായി നിലനിൽക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഐ.എൻ.ടി.യു.സി നേതൃത്വത്തിലുള്ള ചുമട്ടുതൊഴിലാളികളും മോട്ടോർ തൊഴിലാളികളും സംയുക്തമായി നടത്തിയ അനുസ്മരണ പരിപാടിയിൽ കനകക്കുന്ന് വളപ്പിലെ ലീഡർ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ. കരുണാകരൻ എന്നും കോൺഗ്രസിന്റെ രക്ഷകനായിരുന്നു. നിർണായകഘട്ടങ്ങളിൽ കേരളത്തിലെ കോൺഗ്രസിനെ ശക്തമായി നയിച്ച് മുന്നോട്ട് കൊണ്ടുവന്നത് കെ. കരുണാകരനായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഐ.എൻ.ടി.യു.സി രംഗത്ത് കൂടി പൊതുരംഗത്ത് വന്ന കെ. കരുണാകരന്റെ ഓർമ്മകളുമായി ഒത്തുചേരുന്നത് ഐ.എൻ.ടി.യു.സി തൊഴിലാളികളണെന്നത് സന്തോഷകരമാണ്. ലീഡറെ ഓർമ്മിക്കാൻ ഏറ്റവും അനുയോജ്യർ തൊഴിലാളികളാണെന്നും കെ. മുരളീധരൻ പറഞ്ഞു. യൂണിയൻ പ്രസിഡന്റ് അഡ്വ. ടി. ശരത് ചന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ കെ. മോഹൻ കുമാർ, എൻ. ശക്തൻ, പാലോട് രവി, വി.എസ്. ശിവകുമാർ, ചാല സുധാകരൻ, ഇബ്രാഹിംകുട്ടി കല്ലാർ, പന്തളം സുധാകരൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.