വി.എസിനു സംസാരിക്കാനാകുമായിരുന്നെങ്കിൽ പിണറായിക്കെതിരേ മുൻപിൽ നിൽക്കുമായിരുന്നുവെന്ന് ചെന്നിത്തല
text_fieldsവി.എസ്. അച്യൂതാനന്ദനു സംസാരിക്കാൻ കഴിയുമായിരുന്നെങ്കിൽ പിണറായി സർക്കാറിനെതിരേ ഏറ്റവും മുൻപിൽ നിൽക്കുമായിരുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിൽ കമ്മ്യൂണിസ്റ്റ് ഭരണമല്ല. ഭൂർഷ്വാ ഭരണമാണ് നടക്കുന്നത്. കഴിഞ്ഞ ഏപ്രിൽ ഒന്നു മുതൽ 800 കോടിയുടെ അതിക നികുതിയാണ് പിണറായി സർക്കാർ ജനങ്ങളിൽ അടിച്ചേൽപിച്ചത്. നിത്യോപയോഗ സാധനങ്ങൾക്ക് വില വർധിച്ചു. സെപ്ലകോയുടെ പല ഔട്ട്ലൈറ്റുകളും പൂട്ടി. സർക്കാർ ജീവനക്കാരുടെ ശമ്പളം ആദ്യമായി മുടങ്ങി. ക്ഷേമപെൻഷൻ കിട്ടാനില്ല. സാമ്പത്തിക പ്രതിസന്ധികാരണം മുന്നോട്ട് നീങ്ങാൻ കഴിയുന്നില്ല. ഇത്തരം വിഷയങ്ങളെല്ലാം തെരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്നും ചെന്നിത്തല പറഞ്ഞു.
കേന്ദ്രത്തിൽ മോദിയെയും കേരളത്തിൽ പിണറായിയെയും ജനങ്ങൾ മടുത്തു കഴിഞ്ഞു. ജനങ്ങളെ വിഭാഗീയമായി കാണാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഇതിന്റെ ദുരിതങ്ങളാണ് നാട് അനുഭവിക്കുന്നത്. മണിപ്പൂരിൽ ക്രിസ്ത്യൻ വിഭാഗങ്ങൾക്കുനേരെ അക്രമം അഴിച്ചുവിട്ടപ്പോൾ തിരുഞ്ഞുനോക്കാൻ മോദി തയ്യാറായില്ല. സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് സമയം കണ്ടെത്തിയ മോദിക്ക് മണിപ്പൂരിലെത്താൻ കഴിഞ്ഞില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. മണിപ്പൂർ സന്ദർശിച്ചത് രാഹുൽ ഗാന്ധിമാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.
മോദി അധികാരത്തിൽ തുടരണമെന്ന് ആഗ്രഹിക്കുന്ന ഏക മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ചെന്നിത്തല ആരോപിച്ചു. കോൺഗ്രസ് മുക്ത ഭാരതമെന്ന മോദിയുടെ ആഗ്രഹത്തിന് ഒരുമിച്ചുനിന്നു പ്രവർത്തിച്ചവരാണ് കേരളത്തിലെ സി.പി.എമ്മും ബി.ജെ.പിയും. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 68 സീറ്റിൽ സി.പി.എമ്മിന് ബി.ജെ.പി വോട്ട് ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പിൽ 14ശതമാനം വോട്ട് ഉണ്ടായിരുന്ന ബി.ജെ.പിക്കു നിയമസഭ തെരഞ്ഞെടുപ്പിൽ നാലു ശതമാനം വോട്ട് കുറഞ്ഞ് 10ശതമാനമായി. ബി.ജെ.പി- സി.പി.എം അന്തർധാര അത്രയും സജീവമാണെന്നും ചെന്നിത്തല ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.