തങ്കമ്മയുടെ വീട് സിൽവർ ലൈൻ വിരുദ്ധ സമര സ്മാരകമാണെന്ന് രമേശ് ചെന്നിത്തല
text_fieldsചെങ്ങന്നൂർ : കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ കൊഴുവല്ലൂരിൽ ഉയരുന്ന തങ്കമ്മയുടെ വീട് സിൽവർ ലൈൻ വിരുദ്ധ സമര സ്മാരകമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
കെ റെയിൽ പദ്ധതിയുടെ ഭാഗമായി ഒറ്റമുറി കൂരയുടെ മുറ്റത്തെ അടുപ്പ് കല്ലിളക്കി മഞ്ഞക്കുറ്റിയിട്ടതിലൂടെ ഭക്ഷണം പാകം ചെയ്ത് കഴിക്കുവാനുള്ള അവകാശം നിഷേധിക്കപ്പെട്ട തങ്കമ്മയ്ക്ക് സമരസമിതി നിർമിച്ചു നൽകുന്ന വീടിന്റെ തറക്കല്ലിടൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഭവന നിർമാണ സമിതി പ്രസിഡൻറ് കെ. കെ. സജികുമാർ അധ്യക്ഷത വഹിച്ചു. സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാന ജനറൽ കൺവീനർ എസ്. രാജീവൻ, ഭവന നിർമ്മാണ സമിതി രക്ഷാധികാരികളായ ജോസഫ് എം. പുതുശ്ശേരി, അഡ്വ. എബി കുര്യാക്കോസ്, സെക്രട്ടറി മധു ചെങ്ങന്നൂർ, ട്രഷറർ സിന്ധു ജെയിംസ്, സമരസമിതി സംസ്ഥാന നേതാക്കളായ വി.ജെ ലാലി, ബാബു കുട്ടൻചിറ, എസ്. സൗഭാഗ്യകുമാരി, കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജൂണി കുതിരവട്ടം, അഡ്വ. ജോർജ് തോമസ് തുടങ്ങിയവർ സംസാരിച്ചു.
സമരത്തിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം സ്ഥാപിച്ച കെ റെയിൽ മഞ്ഞക്കുറ്റികൾ നാട്ടുകാർ പിഴുതു മാറ്റിയിരുന്നു. സർക്കാരിന്റെ ജനവിരുദ്ധതയുടെ സ്മാരകമായി നിലനിർത്തിയിരുന്ന അടുപ്പിലെ മഞ്ഞകുറ്റി രമേശ് ചെന്നിത്തല എം.എൽ.എ സ്ഥലം സന്ദർശിച്ചപ്പോൾ പിഴുതുമാറ്റി. രണ്ടുദിവസത്തിനുശേഷം സഹപ്രവർത്തകരുമായി ഇവിടെയെത്തിയ മന്ത്രി സജി ചെറിയാൻ ഈ മഞ്ഞ കുറ്റി അടുപ്പിൽ തന്നെ പുനസ്ഥാപിച്ചു. തങ്കമ്മക്ക് വേറെ നല്ല വീട് നിർമിച്ചു നൽകും എന്ന് വാഗ്ദാനം കൂടി നൽകിയാണ് മന്ത്രി മടങ്ങിയത്.
ഒരു വർഷത്തിലേറെയായിട്ടും മന്ത്രിയുടെ യാതൊരുവിധ ഇടപെടലും ഉണ്ടായില്ല. ഇതു മനസിലാക്കിയാണ് സമരസമിതി ഭവന നിർമാണത്തിന് മുൻകൈയെടുത്തത്. കെ റെയിൽ കുറ്റിയിട്ട സ്ഥലത്ത് ഭവനം നിർമിക്കാൻ കഴിയില്ലെന്നും മറ്റൊരു സ്ഥലം കണ്ടെത്തിയാൽ അവിടെ തന്റെ ട്രസ്റ്റ് മുഖേന വീട് നിർമിച്ച് നൽകും എന്നുമാണ് ദിവസങ്ങൾക്ക് മുമ്പ് മന്ത്രി സജി ചെറിയാൻ പ്രതികരിച്ചത്.
നിത്യ ജീവിതത്തിന് തന്നെ ബുദ്ധിമുട്ടുന്ന തികച്ചും സാധാരണക്കാരിയായ തങ്കമ്മ എന്ന വയോധികക്ക് വീട് നിർമിച്ചു നൽകാം എന്ന വാഗ്ദാനം നൽകി കബളിപ്പിച്ച മന്ത്രി ഈ പ്രസ്താവനയിലൂടെ അവരെ വീണ്ടും ആക്ഷേപിക്കുകയാണ് ചെയ്തത്.
വീട് നിർമിച്ചു നൽകുക എന്നത് സമരപ്രവർത്തനമായി മാത്രമല്ല സമിതി കാണുന്നത്. ഭരണകൂടം കുടിയിറക്കാൻ ശ്രമിക്കുകയും വാഗ്ദാന ലംഘനം നടത്തി വീണ്ടും വീണ്ടും തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു സാധാരണ കുടുംബത്തിന് സമൂഹത്തിന്റെ കൈത്താങ്ങ് ഉറപ്പുവരുത്തുക കൂടിയാണ് എന്ന് സമരസമിതി സംസ്ഥാന ജനറൽ കൺവീനർ എസ്. രാജീവൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.